കർത്താവ് നാം ഓരോരുത്തരോടും ചോദിക്കുന്ന ചോദ്യമാണ് നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്. നാം പലപ്പോഴും മറ്റുള്ളവരുടെ കുറവുകൾ നോക്കി കല്ലെറിയുന്നവരാണ്. സുവിശേഷത്തിൽ കാണുന്നതുപോലെ നമ്മളുടെ പാപങ്ങളെക്കുറിച്ച് നമുക്ക് അപബോധം ഉണ്ടാകണം. മറ്റുള്ളവരെ എറിയാൻ വച്ചിരിക്കുന്ന കല്ലുകൾ നിലത്തിടാനുള്ള ധൈര്യം ഉണ്ടാകണം. സ്വന്തം ഹൃദയത്തില്‍ ഒത്തിരി തെറ്റുകളും പാപങ്ങളും ഉണ്ടായിരിക്കെ, അവയെല്ലാം മറച്ചുവച്ച്, മനഃസാക്ഷിയെ വഞ്ചിച്ച് മറ്റുള്ളവരെ നിരന്തരം വിസ്തരിക്കുകയും കുറ്റം വിധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുണ്ട്.
മാധ്യമങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും മറ്റും നാം ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്നത് മറ്റുള്ളവരെ കുറ്റം വിധിക്കുന്നതല്ലേ? പക്ഷേ കുറ്റം വിധിക്കുന്നവര്‍ ആയിരിക്കാം കുറ്റം വിധിക്കപ്പെടുന്നവരെക്കാള്‍ ദൈവത്തിന്റെ മുമ്പില്‍ കുറ്റവാളികള്‍! ഒരു വൃക്തിയുടെ വീഴ്ച തീര്‍ച്ചയായും ക്രിസ്തുവിനെ വേദനിപ്പിക്കും. വീഴ്ച പറ്റിയ വ്യക്തി തന്റെ തെറ്റുകൾ കർത്താവിനോട് ക്ഷമയോടെ ഏറ്റു പറയുമ്പോൾ, കർത്താവ് ക്ഷമിച്ചാലും , സമൂഹം ആ വ്യക്തിയ്ക്ക് ക്ഷമ നൽകാറില്ല, പകരം അവനെ കുറ്റം വിധിക്കും. മനുഷ്യന്റെ വിധി ചില വസ്തുതകളെയും ധാരണകളെയും അറിവുകളെയും ആധാരമാക്കിയുള്ള വിലയിരുത്തലുകളാണ്. അവ എപ്പോഴും ശരിയാകണമെന്ന് നിർബദ്ധമില്ല.
മാനുഷിക വിധിയിൽ മുൻധാരണകളും ലോകം പകർന്നു നൽകുന്ന അനുഭവങ്ങളും ഭാഗീകമായതിനാൽ സത്യത്തിന്റെ ഒരു വശം മാത്രമേ മാനുഷിക വിധിയിൽ തെളിയൂ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും നമ്മുടെ വിധിയെ സ്വാധീനിക്കാറുണ്ട്.ഈ സുവിശേഷ ഭാഗത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റുമോ? അതായത് കല്ലെറിയാന്‍മാത്രം വിശുദ്ധിയുള്ള ആളല്ല ഞാന്‍; അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്ന ശീലം ഉപേക്ഷിക്കും എന്ന്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.