ജീവിത സായാഹ്നമെത്തിയാൽ പിന്നെ ഒരു ഗൗരവ ഭാവം മുഖത്ത് അണിയണമെന്ന വിചാരമുള്ളവർ ധാരാളം .വാർദ്ധക്യത്തിലെ പ്രാരാബ്ദങ്ങൾക്കിടയിൽ എങ്ങനെ ചിരിക്കുമെന്നും തമാശ പറയുമെന്നും ന്യായം പറയും .മനസ്സിന് അയവ് വരുത്താനും പൊതുവിൽ ഉണർവേകാനും മികച്ച ഔഷധമാണ് ചിരിയും തമാശ ആസ്വദിക്കലുമൊക്കെ.

വീട്ടിൽ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചാൽ അതിന്റെ ഗുണം

എല്ലാവർക്കും കിട്ടും .വൃദ്ധ ജനങ്ങൾക്ക് അത് വലിയ ഊർജ്ജമാവുകയും ചെയ്യും.

എന്തിലും ഒരു രസച്ചരട് കണ്ടെത്താനും ആഹ്ലാദത്തെ ഉണ്ടാക്കാനുമുള്ള വൈഭവം ശോഷിച്ചു പോകാതിരിക്കാൻ ശ്രദ്ധിക്കണം .നർമ്മത്തിന്റെയും ചിരിയുടെയും പണിശാലകൾ മനസ്സിൽ പ്രവർത്തിക്കണമെങ്കിൽ അതിനുള്ള സാഹചര്യങ്ങൾ ബോധപൂർവം ഒരുക്കണം.ജീവിതത്തിലെ രസങ്ങളെ ചെറു പുഞ്ചിരിയോടെ ആസ്വദിക്കുകയും തമാശകൾ വിതറുകയും ചെയ്യുന്ന കൂട്ട് കെട്ടുകൾ ഉണ്ടാക്കണം. അവരോടൊപ്പം ഉള്ള് തുറന്ന്‌ ചിരിക്കണം .നർമ്മം പങ്കിടണം .എല്ലാത്തിനെയും സങ്കടത്തിന്റെ കറുപ്പിൽ കാണുന്ന പുള്ളികളുടെ വർത്തമാനത്തിൽ ചേർന്നാൽ നർമ്മ ഭാവം കാശിക്ക്‌ പോകും .ചിരിയും കാര്യവും ചേർത്ത്

സൊറ പറയാനുള്ള കൂട്ടായ്മകൾ ഉണ്ടാക്കിയാൽ വാർദ്ധക്യ ജീവിതത്തിന് ഉണർവേകുന്ന അനുഭവങ്ങൾ കൂടുതൽ ഉണ്ടാകും .

ചിരിയുടെ അണ പൊട്ടിക്കാനിടയുള്ള എന്തെങ്കിലും സിനിമാ രംഗങ്ങളോ റീലുകളോ ദിവസവും കുറച്ചു നേരം കാണാം .നർമ്മത്തിന്റെ ഉറവകൾ സൃഷ്ടിക്കുന്ന വായനകളുമാകാം. ഇതിനൊക്കെ പല ഗുണങ്ങളുണ്ട്. മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന വെല്ലുവിളികളെ ശാന്തമായി നേരിടാനുള്ള പ്രാപ്തി കിട്ടും .നർമ്മത്തെ ആസ്വദിക്കുന്ന മനസ്സുള്ളവരുടെ രോഗ പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചിരിയും പോസിറ്റീവ് സമീപനവും ഹൃദയത്തിനും തലച്ചോറിനും കൂടുതൽ ആരോഗ്യം നൽകും. ഇടപെടുമ്പോൾ വിചാരങ്ങളിൽ തെളിച്ചവും ഉത്സാഹവും നൽകുന്നവരുമായി ചങ്ങാത്തം കൂടാൻ ആളുകൾ താൽപ്പര്യം കാട്ടും.അത് കൊണ്ട് ഇവർക്ക് സമ്പന്നമായ സാമൂഹിക ജീവിതവുമുണ്ടാകും.ബോറടിയും ഒറ്റപ്പെടലും ഇല്ലാത്ത ആനന്ദകരമായ വാർധക്യത്തിന് ഉപകരിക്കുകയും ചെയ്യും.

ചിരി ആരോഗ്യവും ആയുസ്സും കൂട്ടാം.

വീട്ടിലെ മുതിർന്ന പൗരന്മാരുടെ നർമ്മ ബോധം ചോർന്ന് പോകാതിരിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിക്കണം.

അവർക്കായി മാത്രമുള്ള പരിപാടിയായാൽ ഇത് വിജയിക്കില്ല. വീടിന്റെ അന്തരീക്ഷത്തിലും കുടുംബാംഗങ്ങളുടെ ചൊല്ലുകളിലും ചെയ്തികളിലുമൊക്കെ ആരെയും നോവിക്കാത്ത തമാശകളുടെ പൊട്ടും പൊടിയും വേണം. തീൻ മേശക്ക് ചുറ്റുമിരിക്കുമ്പോൾ അന്നുണ്ടായ രസങ്ങൾ വിളമ്പണം .ചിരിക്കാനും സന്തോഷിക്കാനും വഴി തെളിക്കുന്ന കാര്യങ്ങൾ പറയണം .ചിരിയെ ഒരു ഗാർഹിക നയമാക്കി മാറ്റണം .

ഡോ .സി ജെ ജോൺ

നിങ്ങൾ വിട്ടുപോയത്