കൊച്ചി മട്ടാഞ്ചേരി സ്വദേശിയും മുൻ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻ്റുമായിരുന്ന വക്കച്ചൻ ജോർജ് കല്ലറക്കലിൻ്റെ ഭാര്യ തെരേസ പുതൂർ ആണ് റോം മുൻസിപ്പൽ കൗൺസിൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട് ഇന്നലെ ഔദ്യോഗിക പദവി ഏറ്റെടുത്തത്. യൂറോപ്യൻ യൂണിയനിൽത്തന്നെ ആദ്യമായാണ് തെരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുൻസിപ്പൽ കൗൺസിലിൻ്റെ ഔദ്യോഗിക സ്ഥാനത്തെത്തുന്നത്. ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് തെരേസ മത്സരിച്ചത്. ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുളള മേഖലയിൽ നിന്നാണ് തെരേസ തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഇറ്റലിയിലെ മലയാളിസമൂഹത്തിന് ഏറെ അഭിമാനകരമാണ് എന്ന് ഡെമോക്രാറ്റിക് പാർട്ടി നാഷണൽ എക്സിക്യൂട്ടിവ് അംഗം സിബി മാണി കുമാരമംഗലം പറഞ്ഞു.

പാലായിലെ പൂഞ്ഞാറിൽ നിന്ന് കുമളിയിലേക്കു കുടിയേറിയവരാണ് തെരേസയുടെ കുടുംബം. മുപ്പത്തി അഞ്ചു വർഷം മുമ്പ് നേഴ്സായി റോമിലെത്തിയ തെരേസ പതിനഞ്ചു വർഷമായി ഡമോക്രാറ്റിക് പാർട്ടി മെമ്പറാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക ബന്ധവും കോവിഡു കാലത്തെ സേവനവും സ്ഥാനാർത്ഥിത്വത്തിനും അതുവഴിയുള്ള വിജയത്തിനും ഇടയാക്കി.

ഭൂരിപക്ഷം നേടിയ ഡമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷികളും ചേർന്നാണ് അടുത്ത അഞ്ചു വർഷം റോം കോർപ്പറേഷനിൽ ഭരണം നടത്തുക. ഏലിയോ തൊമസെത്തിയാണ് മുൻസിപ്പൽ പ്രസിഡൻ്റ്. റോസേർത്തോ ഗ്വൽത്തിയേരി മേയറും.

മൈക്ക് പ്രചരണങ്ങളോ കൊടിതോരണങ്ങളോ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങൾക്കാണ് മുൻതൂക്കം. നിശ്ചയിക്കപ്പെട്ട ചത്വരങ്ങളിലും കോഫി ബാറുകളിലും മാത്രമാണ് പരസ്യപ്രചരണം.

ഒരു മലയാളി എന്നതിൽ ഈ നേട്ടത്തിൽ താൻ ഏറെ അഭിമാനിക്കുന്നതായി എല്ലാ അവധിക്കാലത്തും കുടുംബസമേതം കൊച്ചിയിൽ എത്താറുള്ള തെരേസ പറഞ്ഞു. ഭർത്താവ് വക്കച്ചൻ ജോർജിൻ്റെ രാഷ്ടിയ-സാമൂഹിക പ്രവർത്തനപരിചയും പാർട്ടി പ്രസിഡൻ്റ് സിബി മാണി കുമാരമംഗലത്തിൻ്റെ പിന്തുണയും തൻ്റെ വിജയത്തിന് കാരണമായിട്ടുണ്ട് എന്നും തെരേസ പറഞ്ഞു.

ഇറ്റലിയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ വെറോണിക്കയും മൂന്നാം വർഷ സ്പോർട്സ് മാനേജ്മെൻ്റ് വിദ്യാർത്ഥിയായ മകൻ ഡാനിയേലും സുഹൃത്തുക്കളും റോമിലെ മലയാളി സമൂഹവും തെരേസയുടെ വിജയത്തിനായി കഠിന പരിശ്രമം ചെയ്തു.

കടപ്പാട്: CD തോമസ്

നിങ്ങൾ വിട്ടുപോയത്