ഇരിങ്ങാലക്കുട : പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു ക്രൈസ്തവ മൂല്യങ്ങളുടെയും സുവിശേഷാദര്‍ശങ്ങളുടെയും ഔന്നത്യവും വ്യതിരിക്തതയും ഉയര്‍ത്തിക്കാണിച്ച മൂന്നുപേര്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍.റിട്ട. ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസിന് ‘കേരള സഭാതാരം’ അവാര്‍ഡും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പുത്തന്‍ചിറ ഈസ്റ്റ് ഇടവകാംഗം ലിന്‍സി പീറ്ററിനും ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ ജെയ്‌സന്‍ കരപ്പറമ്പിലിനും ‘സേവനപുരസ്‌ക്കാരം’ ബഹുമതികളും നല്‍കും. മാര്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.

ഡിസംബര്‍ 17 നു ആളൂര്‍ ബിഎല്‍എം അങ്കണത്തില്‍ നടക്കുന്ന ‘കേരളസഭ’ കുടുംബസംഗമത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.സത്യസന്ധതവും നീതിപൂര്‍വവുമായ പ്രവര്‍ത്തനശൈലികൊണ്ട് പൊതുസമൂഹത്തിന്റെ ആദരവും അംഗീകാരവും നേടിയ നിര്‍ഭയനായ പൊലിസ് ഉദ്യോഗസ്ഥന്‍ ഡോ. സിബി മാത്യൂസ്. ചങ്ങനാശേരി അതിരൂപതാംഗം.

രോഗികളിലും വേദനിക്കുന്നവരിലും ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ മുഖം കണ്ട് അവര്‍ക്കുവേണ്ടി കഴിഞ്ഞ 34 വര്‍ഷമായി നിസ്വാര്‍ഥ ആതുരശുശ്രൂഷ ചെയ്യുന്ന നഴ്‌സിങ് രംഗത്തെ വേറിട്ട സാന്നിധ്യമാണ് പഴയാറ്റില്‍ പീറ്ററിന്റെ ഭാര്യയായ ലിന്‍സി.ലാഭനഷ്ടങ്ങള്‍ നോക്കാതെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്കുവേണ്ടി തന്റെ സമയവും സൗകര്യങ്ങളും മാറ്റിവയ്ക്കാനും കഴിഞ്ഞ 12 വര്‍ഷമായി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു നിശബ്ദമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജസ്വലനായ വ്യക്തിപ്രതിഭയാണ് ജെയ്‌സന്‍ കരപ്പറമ്പില്‍. സാധാരണ ജീവിതത്തില്‍ എങ്ങനെ സഭയോടൊപ്പം നിന്നു ക്രിസ്തുസാക്ഷ്യം വഹിക്കാമെന്ന് അടിവരയിടുന്ന കര്‍മനിരതമായ ജീവിതം.

നിങ്ങൾ വിട്ടുപോയത്