പ്രകൃതിദുരന്തത്തിൽ പ്രതിസന്ധികൾ നേരിട്ടവർക്ക് ഉചിതമായ സഹായം നൽകണം.
കൊച്ചി: പ്രകൃതിദുരന്തംമൂലം വിവിധ ജില്ലകളിലായി ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്കും വ്യക്തികൾക്കും സർക്കാർ അർഹിക്കുന്ന സഹായം എത്തിക്കണമെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി ആവശ്യപ്പെട്ടു.
കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സ്ഥിരമാകുന്ന സാഹചര്യത്തിൽ ഡാമിന്റെ സംരക്ഷണ മേഖല, വെള്ളപ്പൊക്കം സ്ഥിരമായുള്ള തുരുത്തുകൾ, ഉരുൾപൊട്ടൽ നടന്ന മലയോരമേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ ഭീതിയും ദുരവസ്ഥയും മനസ്സിലാക്കി സ്ഥിരം പുനരധിവാസക്രമീകരണങ്ങൾ ചെയ്യണമെന്നും സംസ്ഥാന പ്രൊ-ലൈഫ് സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഭ്രൂണഹത്യയിലൂടെ ജീവനെ നശിപ്പിക്കാൻ സർക്കാർനയങ്ങൾ ഇടയാക്കുന്നതിനാൽ ജീവന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
മനുഷ്യജീവനെയും സാമൂഹ്യജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. പൊതുസമൂഹവും സാമൂഹ്യപ്രസ്ഥാനങ്ങളും ജാഗ്രതയോടെ ഇത്തരം തിന്മകളെ നേരിടണമെന്നും സമ്മേളനം ആഹ്വാനംചെയ്തു.
“ഒരു കുഞ്ഞുകൂടി അനുഗ്രഹം” എന്ന കാഴ്ചപ്പാടോടെ ജീവന്റെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ പ്രബുദ്ധരായ മലയാളികൾക്കു കഴിയണം. അർഹമായ അവധികൾ ലഭിക്കാതിരിക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുക എന്നിങ്ങനെയുള്ള ദുരനുഭവങ്ങൾ പ്രബുദ്ധ കേരളത്തിലെ ഗർഭിണികൾക്ക് ഉണ്ടാകരുത്. ഇത്തരം പരാതികൾ ഉണ്ടാകുമ്പോൾ ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.
വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രസവം, ചികിത്സ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുവാനും പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തീരുമാനിച്ചു. ഡയറക്ടർ ഫാ. പോൾസൺ സിമേതി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർമാരായ ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ് ട്രഷറർ ടോമി പ്ലാത്തോട്ടം, വൈസ് പ്രസിഡൻ്റുമാരായ ജെയിംസ് ആഴ്ചങ്ങാടൻ, ഉമ്മച്ചൻ ചക്കുപുരയ്‌ക്കൽ, സെക്രട്ടറി മാർട്ടിൻ ന്യൂനസ്, പിഎൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.