ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിൻ്റെ ജീവിത നിയോഗം. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ ശിരസ്സു നമിക്കാനാവു. അത്തരം ജീവിതങ്ങൾ അനേകർക്കു തണൽ വൃക്ഷമാണ്. തിരുസഭാരാമത്തിൽ എന്നും തണൽ തരുന്ന വൃക്ഷമാകാൻ യൗസേപ്പിനു സാധിക്കുന്നത് ദൈവഹിതത്തോടുള്ള ഈ തുറവി നിമിത്തമാണ്.

യൗസേപ്പിൻ്റെ നിശബ്ദത വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ സമർപ്പണം ചെയ്തതിൻ്റെ അടയാളമാണ്. വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള ബന്ധത്തിൽ വ്യവസ്ഥകൾ തിരയുന്ന പ്രകൃതമാണ് മനുഷ്യൻ്റത്. അതിനാൽ വ്യവസ്ഥകൾ ലംഘിക്കുമ്പോൾ ബന്ധങ്ങളും തകരുന്നു. ആത്മീയ പക്വത (Spiritual Maturity) വന്നവർക്കു മാത്രമേ വ്യവസ്ഥകൾ ഇല്ലാതെ പൂർണ്ണമായി ദൈവഹിതത്തോടു സഹകരിക്കാനാവു. അവിടെ വിശദീകരണത്തിൻ്റെ മാർഗ്ഗങ്ങളില്ല മറിച്ച് അംഗീകരിക്കലിൻ്റേ ഔന്നത്യമാണ് ഉള്ളത്. അത് വെറും നിസ്സങ്കതയല്ല , ധൈര്യപൂർവ്വം ദൃഢനിശ്ചയത്തോടെ ഭാവാത്മകമായി ദൈവീക പദ്ധതികളോടു സഹകരിക്കാനുള്ള കഴിവാണ്.

ദൈവാരൂപിയുടെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, വിവേകം, ധൈര്യം, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിവ മനുഷ്യനെ വഴി നടത്തുമ്പോൾ പ്രതിസന്ധികളുടെ നടുവിലും ദൈവഹിതത്തെ വ്യവസ്ഥകളില്ലാതെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് വിശുദ്ധ യൗസേപ്പിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്

നിങ്ങൾ വിട്ടുപോയത്