Jesus increased in wisdom and in stature and in favor with God and man.

(Luke 2:52) ✝️

യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്‍കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന് മാനുഷിക ഇച്ഛാശക്തി കൊണ്ടു പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയം കൊണ്ട് അവിടുന്ന് സ്നേഹിച്ചു. ബാലനായ യേശു മനശ്ശാസ്ത്രപരമായും ആധ്യാത്മികമായും വളർന്നു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. യേശുവില്‍ ദൈവം യഥാര്‍ത്ഥത്തില്‍ നമ്മില്‍ ഒരാളായി. അങ്ങനെ നമ്മുടെ സഹോദരനായി. എന്നാലും അതേസമയം ദൈവമല്ലാതായില്ല. ജ്ഞാനത്തിലും പ്രായത്തിലും വളർന്നത് യേശുവിന്റെ മനുഷ്യസ്വഭാവമാണ്.

യേശുവിൻറെ ജ്ഞാനത്തിന്റെ ആരംഭം എന്ന് പറയുന്നത് തിരുവചനങ്ങളിൽ നിന്നായിരുന്നു. സാത്താനിക പരീക്ഷണങ്ങളെ പോലും നേരിട്ടത് സ്വന്തം ശക്തിയാലല്ല, വചനത്തിലെ സങ്കീർത്തനങ്ങൾ കൊണ്ടായിരുന്നു. വളർത്തുപിതാവായ ജോസഫിൽനിന്നും ആശാരിപ്പണിയും, ആത്മാർത്ഥയും സത്യസന്ധതയും അടിസ്ഥാനമാക്കി കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തേണ്ടുന്നതിന്റെ ആവശ്യകതയുമെല്ലാം യേശു പഠിച്ചു. സന്തോഷവും സന്താപവും ഇടകലർന്ന മാനുഷീക ജീവിതത്തിലെ മൃദുലവികാരങ്ങളും, ഗൃഹസംബന്ധിയായ കാര്യങ്ങളും ഈശോ സ്വായത്തമാക്കി.

പ്രായത്തിൽ ജീവിച്ചു എന്ന് പറയുന്നത് പക്വതയിൽ അടിസ്ഥാനമാക്കിയുള്ള ജീവിതമാണ്. പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ശരിയായ തീരുമാനങ്ങൾ എടുക്കുന്നതാണ് പക്വത. പക്വതയുള്ള ഒരു വ്യക്തിക്ക് ജീവിതത്തിന്റെ ഏതവസരങ്ങളിലും ക്രിസ്തീയ പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ പ്രാവർത്തികമാക്കുവാൻ സാധിക്കും. ഈശോ ജീവിച്ചത് മനുഷ്യ പ്രീതിയിൽ ആയിരുന്നു, ജ്ഞാനത്തിന്റെ ഉറവിടം ആയിരുന്നിട്ടുകൂട്ടി, തന്റെ മുൻപിൽ വരുന്നവരോട് വിനയത്തിലും, എളിമയുടെയും താഴ്മയുടെ മാത്യക കാണിച്ചു, മനുഷ്യ പ്രീതിക്കു കാരണക്കാരനായി. നാം ഓരോരുത്തർക്കും കർത്താവിൻറെ ജീവിത മാതൃക പിൻതുടരാനുള്ള ദൈവ ക്യപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤️

നിങ്ങൾ വിട്ടുപോയത്