എറണാകുളം-അങ്കമാലി അതിരൂപതയിലെ പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാ സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നിലപാട്. തിരുപ്പട്ടം സ്വീകരിക്കേണ്ടവർ പരസ്യമായി പ്രഖ്യാപിക്കുന്ന അനുസരണവ്രതത്തിന് ഒരുക്കമായി സിനഡ് അംഗീകരിച്ചിരിക്കുന്ന രീതിയിലും മാർപാപ്പ ആവശ്യപ്പെട്ട രീതിയിലും വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അവർ എഴുതി നൽകേണ്ടതുണ്ട്. ഒരു പ്രത്യേക ജീവിതാന്തസ്സിലേക്ക് പ്രവേശിക്കുന്നവർ ആ ജീവിതാന്തസ്സ് ആവശ്യപ്പെടുന്ന വ്രതങ്ങൾ പാലിക്കുകയെന്നത് സാധാരണമാണല്ലോ.

ബഹുമാനപ്പെട്ട ഡീക്കന്മാർ അതിനു തയ്യാറാണെന്നാണു മനസ്സിലാക്കുന്നത്. എന്നാൽ, അവരെ തടസ്സപ്പെടുത്തി തിരുപ്പട്ടസ്വീകരണം വൈകിപ്പിക്കുന്നവരാണ് തെറ്റുതിരുത്തി ഡീക്കന്മാരെയും അവരുടെ കുടുംബങ്ങളെയും ഈ ദുഃഖത്തിൽനിന്നു വിമോചിപ്പിക്കേണ്ടത്.

അരമന കയ്യേറി ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ തിരുപ്പട്ടമെന്ന കൂദാശയുടെ നിയമങ്ങൾ മാറ്റാമെന്നോ ഇല്ലാതാക്കാമെന്നോ കരുതുന്നത് സഭാസംവിധാനങ്ങളക്കുറിച്ചുള്ള തെറ്റിധാരണയിൽനിന്നുണ്ടായ തീരുമാനമാകാം. ഒരു മെത്രാനെ ഭീഷണിപ്പെടുത്തി, സമ്മർദ്ദതന്ത്രങ്ങളിലൂടെ പട്ടം സ്വീകരിച്ചാൽ അതു നിലനിൽക്കുന്നതല്ലെന്നുകൂടി തിരിച്ചറിയുക.

വളരെ സമാധാനപരമായി നടക്കേണ്ട കാര്യങ്ങളെ ഏതാനും പേരുടെ വ്യക്തി താൽപ്പര്യങ്ങൾക്കുവേണ്ടി ക്രമസമാധാനപ്രശ്നമായി വളർത്തിയെടുക്കുമ്പോൾ കൂദാശകളുടെ പവിത്രത പൊതുസമൂഹത്തിൽ അപഹസിക്കപ്പെടാൻ മാത്രമേ അതുപകരിക്കുകയുള്ളൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

സെപ്റ്റംബർ 27, 2024

നിങ്ങൾ വിട്ടുപോയത്