മൂപ്പർക്ക് പ്രായമായതിന് ശേഷം മൂക്കത്താണ് കോപം. എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഒരു പിടിയുമില്ല . കത്തി പടരും മുമ്പേ തണുപ്പിക്കാനുള്ള ക്ഷമയും വൈഭവങ്ങളുമുണ്ടെങ്കിൽ ഈ സീനുകൾ ഒഴിവാക്കാം.ഗൃഹാന്തരീക്ഷത്തിൽ കയ്പ്പ് പടരുന്നത് തടയാം .

പ്രായമാകുമ്പോൾ തലച്ചോറിന്റെ ഘടനയിൽ വ്യത്യാസങ്ങൾ വരാം. ചിലരുടെ കാര്യ ഗ്രഹണ ശേഷിയിലും ഓർമ്മയിലും കുറവ് വരാം. സ്വന്തം ഇഷ്ട പ്രകാരം കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പൊരുത്തപ്പെട്ട് പോകാൻ ചിലർക്ക് അത് കൊണ്ട് പ്രയാസമുണ്ടാകാം .അത് ദ്വേഷ്യമായി അവതരിക്കാം.ശാരീരിക ബുദ്ധിമുട്ടുകളും ,ചലനത്തിലെ മന്ദതയും ,കേൾവിക്കുറവ് പോലുള്ള പരാധീനതകളും കോപത്തിന് വഴി തെളിക്കാം .
ആരും കേൾക്കാനില്ലെന്നും ഒറ്റപ്പെടുന്നുവെന്ന തോന്നലുകളുമൊക്കെ കലിയെ ഉണർത്തിയേക്കാം.വിഷാദ
രോഗത്തിന്റെ ലക്ഷണമായും കോപപ്രകടനങ്ങൾ ഉണ്ടാകാം. സ്വതവേ ദ്വേഷ്യക്കാർ പ്രായമാകുമ്പോൾ കൂടുതൽ പ്രശ്നക്കാരാകാം .ചിലർക്ക് കടിഞ്ഞാൺ പോകുന്നത് വർദ്ധക്യത്തിലാകും. മാറ്റങ്ങളുടെ കാരണങ്ങൾ കണ്ടെത്തി അനുഭാവപൂർവ്വം പെരുമാറുകയെന്നതാണ് ആദ്യ പടി .
ദ്വേഷ്യത്തെ ദ്വേഷ്യം കൊണ്ട് നേരിട്ടാൽ സ്ഥിതി വഷളാകും .അത് കൊണ്ട് ശാന്തതയും ക്ഷമയും ആയുധമാക്കുക. സാഹചര്യം മനസ്സിലാക്കാൻ ഒരുങ്ങുക .ചീറ്റലും പൊട്ടലും തീരുമ്പോൾ സ്നേഹത്തോടെയും ആദരവോടെയും കേൾക്കുക. .കോപ താപങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക.വിഷമങ്ങൾക്ക് പറ്റുന്നത്ര പരിഹാരം കാണുക.കോപത്തിന് കീഴടങ്ങിയാണത് ചെയ്തതെന്ന തോന്നലുണ്ടാക്കാതെ സ്നേഹപൂർവ്വം വേണം നടപ്പിലാക്കാൻ.നൈരാശ്യങ്ങളും വിഷമങ്ങളും കോപത്തിലൂടെയല്ലാതെ പ്രകടിപ്പിക്കുമ്പോഴാണ് പരിഹാരങ്ങൾ ഉണ്ടാവുകയെന്ന്
ആ കരുതലിലൂടെ ബോധ്യപ്പെടുത്തണം.
രോഷം ഉള്ളിൽ നുരഞ്ഞു പൊന്തുമ്പോൾ തന്നെ മനസ്സിനെ
ശാന്തതയിലേക്ക് നയിക്കുന്ന എന്തെങ്കിലും പ്രവർത്തികളിലേക്കോ, ചിന്തകളിലേക്കോ മാറ്റാൻ ശ്രമിക്കാം. വികാര പ്രകടനങ്ങളുടെ ആധിക്യം മയപ്പെടുത്തി കോപത്തിന് കാരണമായ കാര്യത്തെ കുറിച്ച് സംസാരിക്കാൻ അപ്പോഴേ സാധിക്കൂ .കലി തുള്ളുമ്പോൾ ശ്രദ്ധ മുഴുവൻ അതിലാകും. എല്ലാവരും
അതിനെ പഴിക്കാനാകും പോകുന്നത് . ഒരു പ്രയോജനവും നൽകാത്ത ഏർപ്പാടായി മാറുകയും ചെയ്യും .
കോപം തോന്നുക സ്വാഭാവികം .അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കണം .

മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്ന കോപശീലം കൂടുന്നുണ്ടെങ്കിൽ സ്വയം ഇടപെടണം .മനസ്സിന്റെ ഈ പൊട്ടിത്തെറിക്കലിനെ മയപ്പെടുത്താൻ ധ്യാനമോ യോഗയോ പതിവായി ശീലിക്കാം .

(ഡോ .സി. ജെ .ജോൺ )
മനോരമയിലെ നല്ല പ്രായം സ്ലോട്ടിലെ സ്വീറ്റ് ഹോം പംക്തിയിൽ നിന്ന്..