ഏറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു സിനിമ കണ്ടു -ഹോംഒലിവർ ട്വിസ്റ്റിന്റെ വീട്
ഒലിവർ ട്വിസ്റ്റിന്റെ വീട്
വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്..
സ്വർഗ്ഗമായി കാണണമെന്ന്!
നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? ജനലുവഴി ഊർന്നിറനങ്ങുന്ന കവിതപോലത്തെ മഴയല്ല, ഒരു കുടക്കീഴിൽ കൈകൾ കോർത്തുപോകുമ്പോൾ ആകാശത്തുനിന്നും പൊടിഞ്ഞുവീണ് കുടയിൽ ചിതറിവീണ് നൂലുപോലെ ഒലിച്ചിറങ്ങുന്ന മഴയല്ല, കട്ടൻചായയും കുടിച്ച് ജോണ്സൺമാഷിന്റെ പാട്ടും കേട്ടുകൊണ്ട്, കണ്ടും കേട്ടും കണ്ണടച്ചും ഒരു പുഞ്ചിരിയോടെയറിയുന്ന ക്ലാരയെപ്പോലത്തെ മഴയല്ല. പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ.. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ?
ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും നനഞ്ഞിട്ടുണ്ടോ..? ഒന്നു കേൾക്കുവാൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് പുറത്തു മഴ പെയ്യുമ്പോൾ അകത്തു മഴ പെയ്യാതിരിക്കുവാൻ പെടാപ്പാടുപെട്ടിട്ടുണ്ടോ?
ഉള്ളിൽ തീകത്തുന്നു എന്നു തോന്നുമ്പോൾ എല്ലാവരിൽ നിന്നും ഓടിയൊളിച്ച് “എന്തോ ശബ്ദം കേട്ടല്ലോ” എന്നും പറഞ്ഞുകൊണ്ട് ഇല്ലാത്ത എന്തിനെയോ തേടി പോകുമ്പോൾ പുറകിൽ നിന്നാരെങ്കിലും വിളിച്ചിട്ടുണ്ടോ? അവരുടെ മുഖത്തു നോക്കാതെ അവരോട് മറുപടി പറഞ്ഞിട്ടുണ്ടോ? ചങ്കു തകർന്നിരിക്കുമ്പോൾ പ്രിയപ്പെട്ടവർ ഫോണിൽ വിളിച്ചു “സുഖമാണോ” എന്നു ചോദിക്കുമ്പോൾ “സുഖമാണ്” എന്ന് ഇറക്കുന്ന ശബ്ദത്താൽ കള്ളം പറയേണ്ടിവന്നിട്ടുണ്ടോ?
പരിഹാസങ്ങൾ മഴയായി പെയ്യുമ്പോൾ കുടപിടിക്കാതെ ആ മഴ മുഴുവൻ നന്നഞ്ഞു പനി പിടിച്ചിട്ടുണ്ടോ? അങ്ങനെ ആരും നോക്കാനില്ലാതെ പനി പിടിച്ചു ദിവസങ്ങളോളം കിടന്നിട്ടുണ്ടോ? ഓരോ പുതിയ അറിവുകളും മനസ്സിലാക്കുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ നിങ്ങൾ നിഷ്കളങ്കമായി ചിരിച്ചിട്ടുണ്ടോ? മറ്റുള്ളവർ നമ്മളെ വല്ലാതെ തെറ്റുധരിക്കുന്ന വേളകളിൽ ഉമിനീരിറക്കി തൊണ്ടയുടെ വരൾച്ച മാറ്റിയിട്ടുണ്ടോ?
എല്ലാവരും സുഖമായി ഉറങ്ങുമ്പോഴും ഉള്ളിലെ വേദനകൊണ്ട് ഉറങ്ങാതെ കിടന്നിട്ടുണ്ടോ? ഓർമ്മകൾ നിങ്ങളെ മാടിവിളിക്കാറുണ്ടോ? ജീവിതത്തിൽ നന്മകൾ മാത്രം ചെയ്യുമ്പോഴും മറ്റുള്ളവരാൽ ഒന്നിനും കൊള്ളാത്തവൻ/ കൊള്ളാത്തവൾ എന്ന വിളികേട്ടിട്ടുണ്ടോ?സ്വന്തം അനുഭവങ്ങൾ വെള്ളം ചേർക്കാതെ പറയുമ്പോൾ നുണപറയുന്നുവെന്ന് പഴി കേട്ടിട്ടുണ്ടോ?
പ്രിയപ്പെട്ട ഒരാളോട് ആരോടും പറയാത്ത എന്തെങ്കിലും പറയുവാൻ ദിവസങ്ങളോളം ശ്രമിച്ചിട്ടും അതൊന്നു കേൾക്കുവാൻ പോലും കൂട്ടാക്കാതെ അവരൊക്കെ നിങ്ങൾക്കു നേരെ മുഖം തിരിച്ചിട്ടുണ്ടോ? ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകൾ ആരോടും പറയാനാകാതെ ആരും കേൾക്കാനില്ലാതെ മനസ്സിലൊതുക്കി നടന്നിട്ടുണ്ടോ? കിട്ടാത്ത സമ്മാനപൊതികളെ വെറുതേ സ്വപ്നം കണ്ടിട്ടുണ്ടോ?
പ്രിയപ്പെട്ട ആ ഒരാൾ ഒരിക്കലും നെറുകയിൽ ചുംബിക്കില്ലെന്നറിഞ്ഞിട്ടും ആ ചുംബനം സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ?മറുവശത്തുനിന്നും ഏറ്റവും പ്രിയപ്പെട്ട ആ ഒരാളുടെ ശബ്ദമൊന്നു കേൾക്കുവാൻ വേണ്ടി മാത്രം ഫോൺ വിളിക്കുമ്പോൾ ആ ശബ്ദം കേൾക്കാനാകാതെ നിറകണ്ണുകളോടെ ഫോൺതാഴെ വെക്കേണ്ടിവന്നിട്ടുണ്ടോ?
എല്ലാവരും ഒരുപാടൊരുപാട് സുഹൃത്തുക്കളോടൊപ്പം സമയം ചിലവിടുമ്പോ നിങ്ങൾക്കു മാത്രം ഒരു കൂട്ടുകാരൻ/കൂട്ടുകാരി മാത്രമേ ഉള്ളോ? അയാൾ ഏതു നട്ടപാതിരായ്ക്ക് വിളിച്ചാലും നിങ്ങൾക്ക് മറുപടി തരാറുണ്ടോ?
നിങ്ങളുടെ സ്വപ്നങ്ങൾ, ജീവിതത്തിലെ മധുരവും കൈപ്പും ഉപ്പും കലർന്ന എല്ലാ സംഭവങ്ങളും അയാൾക്ക് അറിയാമോ? നിങ്ങളുടെ ശബ്ദമൊന്നിടറിയാൽ അയാൾക്ക് നിങ്ങളുടെ മനസ്സിൽ എന്താണെന്ന് കാണാൻ കഴിയുമോ? അങ്ങനെ ഒരാളെ കാണുവാൻ വേണ്ടി മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ടോ? അങ്ങനെ ഒരു സുഹൃത്ത് നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
എഴുതിയാൽ തീരാത്ത നിങ്ങളുടെ ജീവിതകഥ ആരെങ്കിലും ഒറ്റവരിയിൽ എഴുതി തീർത്തിട്ടുണ്ടോ? വായിച്ചാൽ തീരാത്ത നിങ്ങളെന്ന പുസ്തകത്തെ വെറും പുറം ചട്ട മാത്രം കണ്ടുകൊണ്ട് ആരെങ്കിലും ഒറ്റ നിമിഷംകൊണ്ട് വായിച്ചു തീർത്തിട്ടുണ്ടോ? ആരാലും വായിക്കപ്പെടാതെ ആ പുസ്തകം ആരെയോ പ്രതീക്ഷിച്ച് കാത്തിരുന്ന് ഉറങ്ങി പോയിട്ടുണ്ടോ?
നമ്മളെ എന്നെന്നും കരയിപ്പിച്ച ആ ഒരാളോട് “നിങ്ങളായിരുന്നു ശരി” എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചിട്ടുണ്ടോ? നമ്മൾ ഒന്നുമല്ലെന്ന് ലോകം മുഴുവൻ ഏറ്റു പറയുമ്പോഴും നമ്മളും എന്തൊക്കെയോ ആണെന്ന് ഉള്ളിൽ ആരും കേൾക്കാതെ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ടോ?എത്ര തന്നെ ജീവിതം നമ്മെ നോക്കി കൊഞ്ഞനം കുത്തിയാലും ഒരു പുഞ്ചിരികൊണ്ട് ജീവിതത്തെ തോൽപ്പിച്ചു കളഞ്ഞിട്ടുണ്ടോ? തെറ്റുധരിച്ചവരെല്ലാം കുറ്റബോധം കൊണ്ട് നമ്മെയൊന്നു നോക്കുവാൻ പോലും മടിച്ചുനിൽക്കുമ്പോൾ അവരെയും ഒരു ചെറു പുഞ്ചിരികൊണ്ട് ചുംബിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്തിട്ടില്ലെങ്കിൽ Home എന്ന മനോഹരമായ സിനിമ നിങ്ങളുടെ ജീവിതത്തെ ഒട്ടുമേ തൊടുവാൻ പോകുന്നില്ല.. നിങ്ങളുടെ ഹൃദയത്തെ കുളിരു കോരിക്കുവാനോ കണ്ണുകളിൽ വിസ്മയം തീർക്കുവാനോ പോകുന്നില്ല. എന്നു തീർത്തു പറഞ്ഞു കൊള്ളട്ടെ!
നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home. ഇന്ദ്രൻസ് എന്ന മലയാളസിനിയിലെ പകരക്കാരനില്ലാത്ത മഹാനടന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച സിനിമ. ആ മനുഷ്യന്റെ വിസ്മയങ്ങൾ ഇനിയും അവസാനിക്കുന്നില്ല. “കണ്ടത് സുന്ദരം കാണാത്തത് അതിസുന്ദരം!”ഇന്ദ്രൻസെന്നല്ല.. അഭിനയിച്ച സകലരും അഭിനയംകൊണ്ട് ഇന്ദ്രജാലം തീർത്ത സിനിമ. അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര perfect Casting. മികച്ച ഛായാഗ്രഹണം, ഹൃദയമിടിപ്പിനൊപ്പം ഒഴുകിയെത്തുന്ന പശ്ചാത്തല സംഗീതം! ചെറിയ ചാറ്റൽ മഴ പോലെ പെയ്യുന്ന അതിമനോഹരമായ ഗാനങ്ങൾ. എത്ര കണ്ടിട്ടും ഒരിക്കലും കാണാതെപോയ, എത്ര കണ്ടാലും കൊതിതീരാത്ത കാഴ്ചകളെ കാണിച്ചുതരുന്നു ക്യാമറ, ജീവിതത്തെ ഒപ്പിയെടുത്ത ഫ്രെയ്മുകൾ..സർവ്വോപരി ഡയറക്ടർ റോജിൻ തോമസിന്റെ ഓണ സമ്മാനം
ശരീരത്തിനു രോഗം വരുമ്പോൾ നമ്മൾ ഡോക്ടറുടെ അടുക്കെ പോകുന്നതുപോലെ തന്നെയാണ് മനസ്സിന് അസ്വസ്ഥതകൾ വരുമ്പോൾ നമ്മൾ Psychiatrist/ psychologist ന്റെ അടുക്കെ പോകുന്നതെന്ന് എത്ര simple ആയാണ് Oliver Twist നമ്മളോടു പറയുന്നത്!
ഇത് മക്കൾ മാത്രം കണ്ടു പഠിക്കേണ്ട സിനിമയല്ല ചില മക്കളെ മനസ്സിലാക്കാതെ പോയ അച്ഛനും അമ്മയും കാണേണ്ട സിനിമകൂടിയാണ്. പരസ്പരം ഒരിക്കൽ പോലും മനസ്സുതുറന്നു സംസാരിക്കാതെ ഒരുപാട് തെറ്റുധരിച്ചുപോയ എല്ലാവരും കാണേണ്ട സിനിമയാണ്. ഉള്ളിൽ കരിമേഘങ്ങൾ ഉരുണ്ടു കൂടുന്നത് പെയ്തു തന്നെ തീരണം. മഴ പെയ്യുന്നത് നല്ലതാണ്. എല്ലാവീട്ടിലും അങ്ങനെ ഒരു മഴ പെയ്യണം. എങ്കിലേ ചിലരൊക്കെ ഒരുമിച്ചിരിക്കൂ.. ഒരുമിച്ചിരുന്ന് മനസ്സു തുറക്കൂ.. ചിലപ്പോൾ ഇടിയും മിന്നലുമൊക്കെ ഉണ്ടാകും എന്നാൽ മഴ പെയ്തു തൊരുമ്പോൾ ഒരു പുതിയ ജീവിതമുണ്ടാകും ഒരു കുടുംബവും! മഴ പെയ്തു തോർന്ന പച്ചപ്പു നിറഞ്ഞ ഒലിവർ ട്വിസ്റ്റിന്റെ ആ വീട് ആരാണ് ആഗ്രഹിക്കാത്തത്? ഹോ.! എത്ര മനോഹരമായ സിനിമ
മനസ്സു നിറഞ്ഞു കാണുക ഇങ്ങനെയൊരു സിനിമ ഇനി കാണാൻ പറ്റുമോയെന്ന് സംശയമാണ്. എല്ലാവരുടെയും വീട്ടിൽ അങ്ങനെയൊരു മഴ പെയ്യട്ടേയെന്ന് ആശംസിക്കുന്നു!
കടപ്പാട്:© സൂര്യശങ്കർ എസ്
Sibi Joy