പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലേക്കു നയിച്ചുകൊണ്ട് ഇസ്രയേലും പലസ്തീനിന്റെ ഭാഗമായ ഗാസാ തീരവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലും പലസ്തീനികളും തമ്മില്‍ മണ്ണിനുവേണ്ടിയുള്ള തര്‍ക്കം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ഇസ്രയേല്‍ ജനതയും ഫിലിസ്ത്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ബൈബിള്‍ പഴയ നിയമത്തില്‍തന്നെ പരാമര്‍ശങ്ങളുണ്ട്. എന്നാല്‍, 1948ല്‍ ഇസ്രയേല്‍ എന്ന ആധുനികരാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തോടെ തര്‍ക്കങ്ങള്‍ക്കു പരിസമാപ്തിയാകും എന്നു വിചാരിച്ചവര്‍ക്കു തെറ്റി. ഇസ്രയേലും പലസ്തീനും ഇരുപക്ഷത്തുമായി നിന്നുകൊണ്ടുള്ള രക്തരൂഷിത സംഘട്ടനങ്ങള്‍ എത്രയോ നടന്നു. ഇരുവശത്തും കനത്ത ജീവാപായവും നാശനഷ്ടങ്ങളുമുണ്ടായി. സമാധാനത്തിനുള്ള അവസരങ്ങള്‍ എത്രയോ തവണ പാഴായി.

ഇസ്രയേല്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് അറബ് സഖ്യത്തിനു നേതൃത്വം കൊടുത്ത ഈജിപ്തിനാണ്. തുടര്‍ന്ന് മറ്റു പല അറബ് രാജ്യങ്ങള്‍ക്കും ഈ തിരിച്ചറിവുണ്ടായി. ജോര്‍ദാനും തുര്‍ക്കിയും യുഎഇയുമൊക്കെ ഇസ്രയേലിനെ അംഗീകരിച്ചിട്ടുണ്ട്. സാന്പത്തിക, സാങ്കേതിക, കാര്‍ഷിക, ശാസ്ത്രീയ മേഖലകളില്‍ ഈ രാജ്യങ്ങളെല്ലാം ഇസ്രയേലുമായി സഹകരിക്കുന്നുണ്ട്.

നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന യഹൂദര്‍ക്ക് അവരുടെ പിതൃദേശത്തു ജീവിക്കാനുള്ള അവകാശംപോലെ തന്നെ പവിത്രമാണു പലസ്തീനികളുടെ അവകാശവും. ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് ഇരു ജനതകളും തമ്മിലുണ്ടായ ശത്രുത ശാശ്വതീകരിക്കേണ്ട ആവശ്യമില്ല. ഇസ്രയേലില്‍ ജീവിക്കുന്ന അറബ് വംശജര്‍ തന്നെയാണ് ഇത്തരമൊരു സഹവര്‍ത്തിത്വം സാധ്യമാണെന്നതിന്റെ തെളിവ്.

ഹമാസിന്റെ ഉത്ഭവം ‍

എന്നാല്‍, ഇസ്രയേലുമായി ഒരു സന്ധിയും പാടില്ല, ആ രാജ്യത്തെയും ജനതയെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കണം എന്നു വിശ്വസിക്കുന്നവരാണ് പലസ്തീനികളില്‍ ഒരു വിഭാഗം. ഇസ്രയേലുമായി അനുരഞ്ജനം സാധ്യമല്ലെന്നു വിശ്വസിച്ച് ആ രാജ്യത്തെ തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്തവരായിരുന്നു പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സംഘാടകരും നേതാക്കളും. എന്നാല്‍, യാസര്‍ അരാഫത്തിന്റെ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം പലസ്തീന്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷ നല്കി. ഇസ്രയേലിന് ഒരു രാഷ്ട്രമായി നിലനില്‍ക്കാനുള്ള അവകാശം പിഎല്‍ഒ 1988ല്‍ അംഗീകരിച്ചത് വലിയൊരു കാല്‍വയ്പായിരുന്നു.

എന്നാല്‍, തീവ്ര ഇസ്ലാമിക സ്വഭാവമുള്ള മുസ്ലിം ബ്രദര്‍ഹുഡിന്റെ കുടക്കീഴില്‍ 1970 കളില്‍തന്നെ പലസ്തീനിയന്‍ മുസ്ലിംകളില്‍ ഒരു ചെറിയ വിഭാഗം സംഘടിച്ചു തുടങ്ങിയിരുന്നു. ഇസ്രയേലിനെതിരേ 1987ല്‍ ആരംഭിച്ച ഇന്റിഫദാ (ചെറുത്തുനില്പ്) അവര്‍ക്ക് പുതിയൊരു സംഘടന കെട്ടിപ്പടുക്കാനുള്ള അവസരമായി. അങ്ങനെ അതേ വര്‍ഷം ഹമാസ് (തീക്ഷ്ണത എന്നര്‍ഥം) സ്ഥാപിതമായി. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നര്‍ഥം വരുന്ന അറബി സംയുക്തത്തിന്റെ ചുരുക്കെഴുത്താണ് ഹമാസ്.

1988ലെ നയരേഖയില്‍ ഹമാസ് വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. പലസ്തീന്‍ ഇസ്ലാമിക മാതൃഭൂമിയാണെന്നും അമുസ്ലിങ്ങള്‍ക്കു അത് അടിയറ വയ്ക്കാന്‍ പാടില്ലെന്നും ഇസ്രയേലിനെതിരേ ജിഹാദ് നടത്തി അതിനെ മോചിപ്പിക്കേണ്ടതു പലസ്തീനിലെ മുസ്ലിങ്ങളുടെ ചുമതലയാണെന്നും ഹമാസ് വിശ്വസിക്കുന്നു. പലസ്തീനിയന്‍ ജനതയില്‍ െ്രെകസ്തവരും നാടോടികളും സമരിയാക്കാരുമൊക്കെ ഉള്‍പ്പെടുമെങ്കിലും അവരുടെ പ്രാതിനിധ്യം ഹമാസില്‍ ഇല്ല. ഒട്ടൊക്കെ മതേതരസ്വഭാവം പുലര്‍ത്തിയിരുന്ന പിഎല്‍ഒയുടെ ജനപിന്തുണയും ഹമാസിനില്ല എന്നതാണു വാസ്തവം.

ഇസ്രയേലും ഹമാസും തമ്മില്‍ സംഘട്ടനങ്ങള്‍ ആരംഭിക്കാന്‍ അധികം വൈകിയില്ല. ഇസ്രയേല്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ പതിവായതോടെ 1989ല്‍ ഇസ്രായേല്‍ ഹമാസിന്റെ സ്ഥാപകനായ ഷൈക്ക് അഹമ്മദ് യാസീനെ അറസ്റ്റ് ചെയ്തു. അമ്മാനില്‍നിന്ന് ഹമാസിനെ 1999ല്‍ പുറത്താക്കുകയും ചെയ്തു. പലസ്തീനിയര്‍ അധിവസിക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസയിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അമ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു കാരണം. 2001 മുതല്‍ ഡമാസ്‌കസിലും 2012 മുതല്‍ ദോഹയിലുമാണ് ഹമാസിന്റെ അന്തര്‍ദേശീയ ഓഫീസ് പ്രവര്‍ത്തിച്ചത്.

പലസ്തീനിലുള്ള (വെസ്റ്റ് ബാങ്കിലും ഗാസാതീരത്തും) പലസ്തീനിയന്‍ ജനതയ്ക്ക് സ്വയംഭരണം നല്കുന്നതിനുവേണ്ടി പലസ്തീനിയന്‍ നാഷണല്‍ അഥോറിറ്റി 1994 ലാണ് സ്ഥാപിതമാകുന്നത്. 2006 ലെ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഇസ്മായില്‍ ഹനിയേ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാല്‍, ഹമാസും ഫത്താ പാര്‍ട്ടിയും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭരണകൂടം തകര്‍ന്നു. 2007ല്‍ ഹമാസ് ഗാസായുടെ നിയന്ത്രണാധികാരം പിടിച്ചെടുത്തതോടെ പലസ്തീനു രണ്ടു ഭരണകൂടങ്ങളാണ് ഇപ്പോഴുള്ളത് ഫത്താ പാര്‍ട്ടി ഭരിക്കുന്ന വെസ്റ്റ് ബാങ്കും ഹമാസിന്റെ ഭരണത്തിലുള്ള ഗാസയും.

സംഘര്‍ഷങ്ങള്‍

ഇസ്രയേലിനെ തകര്‍ക്കുക ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യമായതുകൊണ്ട് ആ ലക്ഷ്യപ്രാപ്തിക്കായി ഏതു മാര്‍ഗവും സ്വീകരിക്കുവാന്‍ ഹമാസ് സദാ സന്നദ്ധമാണ്. ഇസ്രയേലുമായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളെല്ലാം തുടങ്ങിയത് ഇസ്രയേലിന്റെ ശത്രുക്കളാണ്. സ്വന്തം പൗരജനങ്ങളുടെ ജീവനും മുതലും ഒപ്പം രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുക ചുമതലയായി കരുതുന്ന ഒരു രാജ്യം ചെയ്യുന്നതു മാത്രമാണ് ഇസ്രയേലും ചെയ്യുന്നത്. ഇസ്രയേലിനെ അധിനിവേശ ശക്തിയായി മാത്രം കാണുന്ന ഹമാസിന് സ്വന്തം ജനതയുടെ സുരക്ഷിതത്വവും പുരോഗതിയുമല്ല പ്രധാനം, ഇസ്രയേലിന്റെ നാശമാണ്. തീവ്രവാദത്താല്‍ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനം സമാധാനം കൊണ്ടുവരുമെന്നു കരുതാന്‍ വയ്യ.

മേയ് ഏഴിനാണല്ലോ ഹമാസും ഇസ്രായേലും തമ്മിലുള്ള ഇപ്പോഴത്തെ സംഘട്ടനം ആരംഭിക്കുന്നത്. അന്ന് ഇസ്രയേലി സൈനികര്‍ ജറൂസലെം ഓള്‍ഡ് സിറ്റിയിലെ ഹാരാം എഷ്ഷരീഫ് എന്നറിയപ്പെടുന്ന ടെന്പിള്‍ മൗണ്ടിലുള്ള (യഹൂദദേവാലയം നിന്ന സ്ഥലം) അല്‍ അഖ്‌സ മോസ്‌കില്‍ പ്രവേശിക്കുകയും അവിടെ തന്പടിച്ചിരുന്ന ഭീകരരെ തുരത്തുകയും ചെയ്തു. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന യഹൂദരുടെ വിജയദിനാഘോഷത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരായിരുന്നു ഇവരെന്നാണ് ഇസ്രയേലിന്റെ ആരോപണം. മുന്നൂറിലേറെ പലസ്തീനികള്‍ക്ക് അന്നു പരിക്കേറ്റു. പ്രതികാരമായി ഗാസയില്‍നിന്ന് ഹമാസ് റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ തുടങ്ങി. രണ്ട് ഇസ്രയേലികള്‍ മരണപ്പെടുകയും കുറെപ്പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പലസ്തീനികളും കൊല്ലപ്പെട്ടു.

എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ ഹമാസും ഇസ്രയേലുമായി സംഘട്ടനങ്ങള്‍ പതിവാണ്. ഇക്കൊല്ലം മറ്റൊരു കാരണവുമുണ്ടായി. ഓള്‍ഡ് സിറ്റിയില്‍നിന്ന് പലസ്തീനികള്‍ അല്‍ അഖ്‌സ മോസ്‌കിലേക്കു പോകുന്ന പ്രധാന കവാടമാണ് ഡമാസ്‌കസ് ഗേറ്റ്. അവിടെ ആളുകള്‍ കൂട്ടംകൂടുന്നതു തടഞ്ഞുകൊണ്ട് ഇസ്രയേല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മാത്രമല്ല, അല്‍ അഖ്‌സ മോസ്‌കിലും പരിസരത്തുമായി പതിനായിരത്തിലേറെ പേര്‍ പ്രാര്‍ഥനയ്ക്കായി എത്തിച്ചേരാന്‍ പാടില്ല എന്നും നിര്‍ദേശിച്ചു.

പലസ്തീനികളുടെ പ്രതിഷേധവും ഇടപെടലുംകൊണ്ട് ബാരിക്കേഡുകള്‍ മാറ്റേണ്ടിവന്നു. പക്ഷേ മോസ്‌കില്‍ നടത്തിയ റെയ്ഡ് പലസ്തീനികളെ പ്രകോപിപ്പിച്ചു എന്നതു നേരാണ്; അവിടെനിന്നു സ്‌ഫോടകവസ്തുക്കളും എറിയാനുള്ള വന്‍ കല്‍ശേഖരവും കണ്ടെത്തിയെങ്കിലും!

ഷെയ്ക് ജാറാ ‍

ഡമാസ്‌കസ് ഗേറ്റില്‍നിന്നു നാബ് ളൂസ് റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന കിഴക്കന്‍ ജറുസലെമിലെ പട്ടണപ്രാന്തമാണ് ഷെയ്ക് ജാറാ. ധനികരായ പലസ്തീനികളുടെ വീടുകളും നിരവധി സ്ഥാപനങ്ങളുമുള്ള ഒരു പ്രദേശം. 13ാം നൂറ്റാണ്ടില്‍നിന്നുള്ള ഒരു മുസ്ലിം വൈദ്യന്റെ ശവകുടീരമാണ് ഈ പേരിനു നിദാനം. 1948ല്‍ പലസ്തീന്റെ ഭാഗങ്ങളില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ കുറെപ്പേര്‍ ഇവിടെ താമസമാരംഭിച്ചു. 1967 ലെ ആറു ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ കിഴക്കന്‍ ജറുസലെം പിടിച്ചെടുത്തപ്പോള്‍ ഇവര്‍ അവിടം വിട്ടുപോകണമെന്ന് ആവശ്യമുയര്‍ന്നു.

19ാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പില്‍നിന്നെത്തിയ യഹൂദകുടിയേറ്റക്കാര്‍ വാങ്ങിയ ഭൂമിയാണത് എന്നവര്‍ വാദിച്ചു. അന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു പലസ്തീന്‍ എന്നോര്‍ക്കണം. അവിടെനിന്ന് നാലു പലസ്തീനിയന്‍ കുടുംബങ്ങളെ കുടിയിറക്കിക്കൊണ്ട്, യഹൂദര്‍ക്ക് അനുകൂലമായി, കിഴക്കന്‍ ജറൂസലെമില്‍നിന്ന് ഈ വര്‍ഷമാദ്യം ഒരു കോടതിവിധി ഉണ്ടാവുകയും ചെയ്തു. ഇസ്രയേല്‍ സുപ്രീംകോടതി മേയ് പത്തിനു ഈ കേസ് കേള്‍ക്കാനിരിക്കെയാണ് ഗാസയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. സുപ്രീംകോടതി കേസ് കേള്‍ക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്.

അസ്ഥിരത ‍

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തിന് പല മാനങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇസ്രയേലില്‍ ഭരണകൂട നേതൃത്വം അസ്ഥിരമാണ്. രണ്ടു വര്‍ഷത്തിനിടെ നടത്തിയ തെരഞ്ഞെടുപ്പുകളൊന്നും ഒരു പാര്‍ട്ടിക്കും മുന്നണിക്കും കേവല ഭൂരിപക്ഷം നല്‍കിയിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ എതിര്‍പാര്‍ട്ടികള്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നടത്തിവരവെയാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍. അവര്‍ ചര്‍ച്ചയില്‍നിന്നു പിന്‍വാങ്ങിയിരിക്കുകയാണ്.

ഹമാസിലും നേതൃത്വ പ്രതിസന്ധിയും ആശയപരമായ ഭിന്നിപ്പുകളും നിലവിലുണ്ട്. ഗാസയിലെ ജനതയ്ക്കുവേണ്ടി സുഹൃത്തു രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളും നല്‍കുന്ന തുകയാണ് ഹമാസിന്റെ പ്രധാന വരുമാനമാര്‍ഗം. ആ തുക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നു എന്ന ആരോപണമുയര്‍ന്നതുകൊണ്ട് പാശ്ചാത്യരാജ്യങ്ങള്‍ പുനശ്ചിന്ത നടത്തുകയാണിപ്പോള്‍.

ഗാസയിലെ മുന്നൂറിലധികം സ്‌കൂളുകളില്‍ പ്രധാന പാഠ്യവിഷയം അവരുടെ ഇരവാദമാണ്. ഇസ്രയേലിനെയും യഹൂദരെയും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമായി അവതരിപ്പിക്കുക, രക്തച്ചൊരിച്ചിലിലൂടെ ഇസ്രായേലിനെ തകര്‍ക്കണമെന്നു പഠിപ്പിക്കുക. ഇവയൊക്കെ രക്തസാക്ഷിത്വമാണ് ഏറ്റവും അഭികാമ്യം എന്ന മനോനിലയിലേക്ക് കുട്ടികളെ എത്തിക്കും. യൂറോപ്പ് കാണിച്ചുതരുന്ന സഹവര്‍ത്തിത്വം എന്ന ആശയം പലസ്തീനികള്‍ക്ക് അചിന്ത്യമാണ്.

മനുഷ്യ ജീവനു വിലകല്‍പ്പിക്കാതെ ‍

ഭക്ഷണസഹായം നല്‍കുക, ആരോഗ്യരംഗം പരിഷ്‌കരിക്കുക, സാമൂഹ്യജീവിതം സുരക്ഷിതമാക്കുക മുതലായ ലക്ഷ്യങ്ങള്‍ നേടുന്നതിനു പകരം ജനങ്ങള്‍ തമ്മിലുള്ള വെറുപ്പ് അരക്കിട്ടുറപ്പിക്കാനാണ് യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ പാലസ്‌റ്റൈന്‍ റെഫ്യൂജീസ് ശ്രമിക്കുന്നതെന്ന ആരോപണത്തില്‍ കഴന്പുള്ളതായി നിരീക്ഷകര്‍ കരുതുന്നു. ജയിലില്‍ അടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഭീകരവാദികളുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കുന്നതു നിര്‍ത്തുന്നതുവരെ സഹായധനം വെട്ടിക്കുറച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് നിയമം പാസാക്കിയിരിക്കുകയാണ്.

ഭീകരതയും അക്രമവും വിതയ്ക്കുന്നതിനിടെ മുറിവേല്‍ക്കുന്നവര്‍ക്ക് 500 ഡോളറും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 3000 ഡോളറുമാണ് ഹമാസ് നല്‍കുന്നതത്രെ. ബലൂണുകളിലും പട്ടങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഇസ്രയേലിലേക്കു പറത്തിവിട്ട് വീടുകളും വയലുകളും വളര്‍ത്തുമൃഗങ്ങളേയും നശിപ്പിക്കുക, നിരന്തരം ഷെല്ലുകളും റോക്കറ്റുകളും കൊണ്ട് ആക്രമിക്കുക ഇവയും പതിവാണ്. ജനവാസകേന്ദ്രങ്ങള്‍ക്കടുത്ത് റോക്കറ്റ് വിക്ഷേപണത്തറകള്‍ സ്ഥാപിച്ചുകൊണ്ട് തങ്ങളുടെ ജനത്തിന്റെ സുരക്ഷപോലും അപ്രധാനമായി കാണുകയാണ് അവര്‍. ഗാസായുടെ അഭിവൃദ്ധിക്കായി നല്‍കപ്പെട്ട ദശലക്ഷക്കണക്കിനു ഡോളര്‍ ഗുണകരമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം.

നിങ്ങൾ വിട്ടുപോയത്