ഞാൻ ഒരു വക്കീലല്ല. പക്ഷേ, വക്കീലന്മാർ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനിറങ്ങുമ്പോൾ നിയമം ചികയാൻ നിർബന്ധിതനാകുന്നു.
ശ്രീമാൻ വക്കീൽ കുറിച്ചത്:
“സത്യം എന്താണ്? ഇപ്പോൾ വഖ്ഫ് ട്രിബുണൽ ആയി പ്രവർത്തിക്കുന്നത് മൂനംഗ സംവിധാനമാണ് . 1. കേരള ജുഡീഷ്യറിയിൽ നിന്നുള്ള ജില്ലാ ജഡ്ജി . 2. കേരള സർക്കാരിൽ നിന്ന് അഡിഷണൽ ജില്ല മജിസ്‌ട്രേറ്റിന് തുല്യ റാങ്കുള്ള സർക്കാർ ഉദ്യോഗസ്ഥൻ 3. സർക്കാർ നിയമിക്കുന്ന മുസ്ലിം മത നിയമത്തിൽ പരിജ്ഞാനമുള്ള വ്യക്തി . മുമ്പ് പല ജില്ലകളിൽ ഉണ്ടായിരുന്ന ജില്ലാക്കോടതി / വഖ്ഫ് കോടതികളിലെ കേസുകൾ പുതിയ ഭേദഗതി മൂലം ഈ വഖ്ഫ് ട്രിബുണൽ ആണ് പരിഗണിക്കുന്നത്. അതായത് ഇത് മുസ്ലിം മത രാജ്യ കോടതി അല്ല , ഇത് ഇന്ത്യാരാജ്യത്തെ ജുഡീഷ്യറിയുടെ ഭാഗമായ കോടതി തന്നെ ആണ്. അതിൽ മുസ്ലിം മത പണ്ഡിതർക്ക് യാതൊരു സ്വാധീനവും സാധ്യമല്ല. ഈ സംസ്ഥാനത്തിൽ ഭരണത്തിൽ ഇരിക്കുന്ന സർക്കാരിനാണ് ആ മൂന്ന് പേരിൽ രണ്ട് പേരുടെ നിയമനത്തിൽ എന്തെങ്കിലും സ്വാധീനം സാധ്യമാവുക.”
*വക്കീൽ പറയുന്നത് സത്യമോ?*

വഖഫ് ആക്ട് 1995-ലെ 83/4 പ്രകാരം വഖഫ് ട്രിബ്യൂണലിലെ ചെയർമാൻ ജില്ലാ ജഡ്ജിയുടെയെങ്കിലും നിലവാരത്തിലുള്ള ഒരു ന്യായാധിപനാണ്. അദ്ദേഹത്തോടു കൂടെ സംസ്ഥാന സിവിൽ സർവീസിൽ നിന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും മുസ്ലീം മതനിയമത്തിൽ പരിജ്ഞാനമുള്ള ഒരു വ്യക്തിയും അംഗങ്ങളായിരിക്കും. ഇത്രയും വക്കീൽ പറഞ്ഞത് സത്യം. “ഇത് മുസ്ലിം മതരാജ്യ കോടതി അല്ല, ഇത് ഇന്ത്യാരാജ്യത്തെ ജുഡീഷ്യറിയുടെ ഭാഗമായ കോടതി തന്നെ ആണ്. മുസ്ലിം മതപണ്ഡിതർക്ക് കോടതിയിൽ ഒരു സ്വാധീനവുമില്ല” എന്ന് പിന്നീട് കൂട്ടിച്ചേർക്കുന്നതിലാണ് വക്കീലിൻ്റെ ഒളിചാതുര്യം പ്രകടമാകുന്നത്. മുസ്ലീം മതനിയമത്തിൽ പരിജ്ഞാനമുള്ള വ്യക്തിയും മുസ്ലീം മതപണ്ഡിതനും രണ്ടും രണ്ടായിരിക്കണം എന്ന് വക്കീലിന് എന്തോ നിർബന്ധമുള്ളതു പോലെ! ഏതായാലും, ഒരു അമുസ്ലീമിന് മതനിയമപണ്ഡിതനാകാൻ താത്വികമായ സാധ്യതയുണ്ടെങ്കിലും പ്രയോഗത്തിൽ അങ്ങനെയല്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. “സംസ്ഥാനത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരിനാണ് ആ മൂന്ന് പേരിൽ രണ്ട് പേരുടെ നിയമനത്തിൽ എന്തെങ്കിലും സ്വാധീനം സാധ്യമാവുക” എന്ന വക്കീലിൻ്റെ പ്രസ്താവനയുടെ സാംഗത്യം എന്ത് എന്നു മനസ്സിലാകുന്നില്ല. ഇതുവരെയുള്ള ട്രിബ്യൂണൽ അംഗങ്ങളുടെ ലിസ്റ്റെടുത്ത് ഏതു മതസ്വാധീനമാണ് അതിൽ കാണുന്നതെന്നു മനസ്സിലാക്കിയാൽ, തീരാവുന്ന കൺഫ്യൂഷൻ അല്ലേ ഇവിടെ ഉള്ളൂ! ഒരു RTI അന്വേഷണത്തിലൂടെ താങ്കൾക്ക് അത് ബോധ്യപ്പെട്ടോളും. സംഗതി മൊത്തം മതേതരമാണ് എന്നു സ്ഥാപിച്ചെടുക്കാനുള്ള വക്കീലിൻ്റെ തത്രപ്പാടാണ് ഇതിലെല്ലാമുള്ളത് എന്നു വ്യക്തം. അത് അങ്ങനെ തന്നെയാണോ എന്ന് നമുക്ക് തുടർന്നു പരിശോധിക്കാം.
*വഖഫ് ട്രിബ്യൂണലിനുള്ള അധികാരാവകാശങ്ങൾ*
വഖഫ് ആക്ട് 1995-ലെ സെക്ഷൻ 83/5 പ്രകാരം വഖഫ് ട്രിബ്യൂണലിന് ഒരു സിവിൽ കോടതിയുടെ അധികാരം നല്കിയിട്ടുണ്ട്. പക്ഷേ, ഇതിന് ഒരു ക്വാസി-ജുഡീഷ്യൽ സ്വഭാവമാണ് ഉള്ളത്. അതായത്, കോടതിയുടെ പൊതുസ്വഭാവത്തിൽ നിന്ന് അതു വ്യത്യസ്തമാണ്. പൊതുനിയമം അതിന് ബാധകമല്ല, അതിൻ്റെ സാറ്റ്യൂട്ട്സ് മാത്രമാണ് ബാധകം. കോൺഗ്രസ്സ് സർക്കാർ ഉണ്ടാക്കിയ വഖഫ് ആക്ട് ഇപ്പോൾ വൻദുരന്തങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ കാരണവും ആ സാറ്റ്യൂട്ട്സ് തന്നെയാണ്. മണ്ണധിനിവേശം (land grabbing) മനസ്സിൽ കണ്ട് അതിബുദ്ധിമാന്മാരായ നിയമവിദഗ്ധരൊക്കൊണ്ട് അതിവിദഗ്ധമായി തയ്യാറാക്കിയതാണ് വഖഫ് ആക്ട്. സാക്ഷാൽ ചെന്നായ് ആയിരിക്കുകയും വേണം, കുഞ്ഞാടെന്നു തോന്നിപ്പിക്കുകയും വേണം!
കൂടാതെ, വഖഫ് ട്രിബ്യൂണലിൻ്റെ ഉത്തരവ് ഒരു സിവിൽ കോടതിയുടെ ഡിക്രിക്കു തുല്യമായിരിക്കും (83/7). എന്നാൽ, അതിൻ്റെ വിധി അതിനു സ്വയം നടപ്പിലാക്കാനാവില്ല; അതു ചെയ്യേണ്ടത് സിവിൽ കോടതിയാണ് (83/8). കാരണം, ക്വാസി – ജുഡീഷ്യൽ ബോഡിയായ ട്രിബ്യൂണൽ യഥാർത്ഥ കോടതിയല്ല എന്നതു തന്നെ. എന്നാൽ, വഖഫ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരേ അപ്പീലുകള്‍ നിലനില്ക്കില്ല (83/9). ഹൈക്കോടതിക്ക് പോലും ട്രിബ്യൂണലിന്റെ വിധിക്ക് എതിരേ പരിമിതമായ അധികാരങ്ങളാണ് ഉള്ളത്.
*സിവിൽ കോടതിയല്ല വഖഫ് ട്രിബ്യൂണൽ: കാരണങ്ങൾ*
ഇപ്പോൾ കോൺഗ്രസ്സ് അടിമകൾ ആഘോഷിക്കുന്ന പേര് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ജഡ്ജ് രാജൻ തട്ടിലിൻ്റേതാണ്. വഖഫ് ട്രിബ്യൂണലിലുള്ള മൂന്ന് പേരും അമുസ്ലീങ്ങളാണെന്ന് വെറുതെ ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും ട്രിബ്യൂണലിൽ നടക്കുന്നത് ഒരു സിവിൽ രീതിയിലുള്ള കേസു വിസ്താരമല്ല.
1. സിവിൽ കോടതിയിൽ തീരുമാനങ്ങളെടുക്കുന്നത് സിവിൽ പ്രൊസീജർ കോഡിനെ ആശ്രയിച്ചാണെങ്കിൽ വഖഫ് ട്രിബ്യൂണലിൽ അങ്ങനെയല്ല എന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിഞ്ഞാൽ തന്നെ വക്കീലിൻ്റെ ശ്രമം വൃഥാവിലാകും.
2. സിവിൽ കോടതി ആയിരുന്നെങ്കിൽ വാദം തെളിയിക്കാനുള്ള ബാധ്യത (burden of proof) ഉണ്ടാകുമായിരുന്നത് ക്ലെയിം ഉന്നയിച്ച ആൾക്കാണ്, അതായത് വഖഫ് ബോർഡിനാണ്. എന്നാൽ, വഖഫ് ട്രിബ്യൂണലിൽ വഖഫ് ബോർഡിന് അവകാശവാദം ഉന്നയിച്ചാൽ മാത്രം മതി, മതിയായ ഒരു രേഖയും ഹാജരാക്കേണ്ടതില്ല. ഇതാണ് ട്രിബ്യൂണലിൻ്റെ പൊസീജർ! അതായത്, വാദപ്രതിവാദം തുടങ്ങുന്നതിനു മുന്നേ ഒരു പാർട്ടിക്ക് 50 % മാർക്ക് ട്രിബ്യൂണൽ ഇട്ടു കൊടുത്തു കഴിഞ്ഞു! *സിവിൽ കോടതിയിൽ ഈ ഏർപ്പാടുണ്ടോ?*
3. ട്രിബ്യൂണലിൽ രേഖകൾ തെളിവുകളായി ഹാജരാക്കാനുള്ള ബാധ്യത ഉടമസ്ഥൻ്റെമേലാണുള്ളത്. രേഖകളില്ലാതെ വഖഫ് ബോർഡ് അവകാശവാദമുന്നയിക്കുമ്പോൾ ആ അവകാശവാദത്തെ പ്രോപർട്ടിയുടെ ഉടമസ്ഥൻ രേഖകൾ അവതരിപ്പിച്ച് ഖണ്ഡിക്കാൻ ശ്രമിക്കണം. പക്ഷേ, സ്വന്തം റവന്യൂ രേഖകൾ കാണിച്ച് അതു തൻ്റെ വസ്തുവാണെന്നല്ല ആ ഉടമസ്ഥൻ തെളിയിക്കേണ്ടത് (അതൊക്കെ വെറും സിവിൽ കോടതിയിലെ ആചാരങ്ങളല്ലേ?!). മറിച്ച്, വഖഫ് ബോർഡ് പറയുന്നതിനെ ഖണ്ഡിക്കാനുള്ള തെളിവുകളാണ് അയാൾ നൽകേണ്ടത്! ഉദാഹരണത്തിന്, 200 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലം വഖഫു ചെയ്തതാണ് എന്ന് വഖഫു ബോർഡ് പറയുമ്പോൾ ഉടമസ്ഥൻ തെളിയിക്കേണ്ടത് 200 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലം അങ്ങനൊരു മുസ്ലീം അങ്ങനൊരു വഖഫ് ഉണ്ടാക്കിയിട്ടില്ല എന്നാണ്! എങ്ങനെയുണ്ട് ഈ മതേതര കോടതിയുടെ തമാശ! അത്തരം തെളിവുകൾ നിരത്തി ടിബ്യൂണലിനെ ബോധ്യപ്പെടുത്തുക മനുഷ്യസാധ്യമാണോ? എന്നാൽ, അറിഞ്ഞോളൂ – അതാണ് വഖഫ് ആക്ട് വിഭാവന ചെയ്തിട്ടുള്ള വഖഫ് ട്രിബ്യൂണൽ പ്രൊസീജർ! *സിവിൽ കോടതിയിൽ ഈ ഏർപ്പാടുണ്ടോ?*
4. എന്താണ് ഈ പ്രൊസീജറിൻ്റെ അടിസ്ഥാന കാരണം എന്നു വക്കീൽ ഒന്ന് സ്വയം ചോദിച്ചു നോക്കണം. താങ്കൾക്ക് ബൗദ്ധികസത്യസന്ധതയുണ്ടെങ്കിൽ, ആ ചോദ്യം താങ്കളെ എത്തിക്കുന്നത് ഒരു ശരിയത്ത് നിയമത്തിലായിരിക്കും – ഒരിക്കൽ വഖഫ് എന്നന്നേക്കും വഖഫ്!
*ഇനി താങ്കൾ പറയൂ – വഖഫ് ട്രിബ്യൂണൽ സിവിൽ കോടതിയെപ്പോലെ മതേതരമാണോ അതോ ഒരു മതകോടതിയാണോ?*
ഇനി വക്കീലിനു പഠിക്കാൻ ഒരു സ്വകാര്യം കൂടി ഞാൻ പറയാം: വഖഫ് ബോർഡും ഒരു അപ്രഖ്യാപിത സൂപ്പർ കോടതിയാണ്! Article 300 A ഒന്നു വായിച്ചോളൂ; എന്നിട്ട് ഗൗരവമായി ഒന്നു ധ്യാനിച്ചോളൂ!
താങ്കൾ ഉന്നയിച്ച വർഗീയവാദത്തിൻ്റെ മറ്റു വശങ്ങളുമായി പിന്നീട് വരാം. കൂടുതൽ പഠിക്കാനും ജനത്തെ ബോധ്യപ്പെടുത്താനും അവസരം തരുന്നതിന് വക്കീലിനു നന്ദി.

ഫാ. ജോഷി മയ്യാറ്റിൽ
NB: വക്കീൽ ഒരു കോൺഗ്രസ്സുകാരനല്ല…