സിനിമ ചെയ്യുന്നത് ചിലപ്പോൾ വിനോദത്തിന്റെ ഭാഗമായി മാത്രമാണ്.ചില സമയങ്ങളിൽ ബോധവൽക്കരണത്തിനും വേണ്ടിയും സിനിമ ഉപയോഗിക്കുന്നു.പക്ഷെ ഇതിലെ ഒരു പ്രശ്നം കലാകാരൻ എന്ന നിലയിൽ പുലർത്തേണ്ട ധാർമികത ഇല്ലാതെ പോകുന്നുവെന്നതാണ്.സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല.
മനുഷ്യത്വത്തെയും ധാര്‍മികതയെയും കാര്‍ന്ന് തിന്നുന്ന ഏറ്റവും വലിയ വൈറസായി സിനിമ മാറിയിട്ട് കാര്യമുണ്ടോ? മനുഷ്യനെ സംസ്കാര സമ്പന്നനാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് എത്ര പേർക്കറിയാം?
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന കലാസൃഷ്ടികൾ ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു.ചില മലയാള സിനിമകൾ അതിരു കടക്കുന്നു.ക്രൈസ്തവർ വളരെ അധികം ബഹുമാനത്തോടെയും ഭക്തിയോടെയും കാണുന്ന അന്ത്യഅത്താഴ ചിത്രത്തെയും,കത്തോലിക്കാ അടയാളങ്ങളെയും,പരിശുദ്ധ കന്യകാമറിയത്തെയും,കന്യാസ്ത്രീകളെയും വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്ന ചില സിനിമകൾ മലയാളത്തിൽ തുടർച്ചയായി ഇറങ്ങുന്നുണ്ട്.
ഈശോയും കേശു ഈ വീടിന്റെ നാഥനും
സംവിധായകൻ നാദിര്‍ഷായുടെ പുതിയ സിനിമ ‘ഈശോ’ ഈ വഴിയിലെ ഏറ്റവും പുതിയതാണ്.ഈശോയെന്ന പേര് പിന്‍വലിക്കില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്നതു പിന്‍വലിക്കുകയാണെന്നും അറിയിച്ചെങ്കിലും, ബൈബിളിലെ ഈശോയല്ല എന്നു പറയുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കാനാണ് ശ്രമമെന്ന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്?
ഏറ്റവും ഖേദകരമായ വസ്തുത കലാഭവന്‍ എന്ന ക്രൈസ്തവ സ്ഥാപനത്തില്‍ താമസിച്ച് പരിശീലനം പൂര്‍ത്തിയാക്കിയവരാണ് സിനിമക്ക് പുറകിലുള്ളത് എന്നതാണ്.ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം ശ്രമങ്ങളെ സെൻസർ ബോർഡ് ഉടൻ നിയന്ത്രിക്കണം.
എന്തുകൊണ്ട് ക്രിസ്ത്യന്‍ പേരുകള്‍ മലയാള സിനിമയുടെ ടൈറ്റില്‍ ആയി വരുന്നു?
കേരളത്തിലെ ക്രൈസ്തവമതം കേവലം ഒരു മതപരമായ സാന്നിധ്യം മാത്രമയല്ല,മറിച്ച് ഒരു നാടിന്റെ മുഴുവൻ സാംസ്കാരിക പശ്ചാത്തലമായി നിലനില്ക്കുന്നു.ബൈബിളിന് ലോകം മുഴുവൻ സര്‍വസ്വീകാര്യതയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കുള്ള പ്രചോദനം.മലയാള സിനിമ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കലാലോകം ബൈബിളിലൂടെ പ്രചോദിതമായിട്ടുണ്ട്.ശില്പകലയിലും ചിത്രകലയിലും ഒക്കെ മികച്ച ഉദാഹരണങ്ങള്‍ ഉണ്ട്.ബൈബിള്‍ പേരുകള്‍ മാത്രമല്ല, വചനങ്ങള്‍ പറയുന്ന കഥാപാത്രങ്ങളെയും മലയാള സിനിമ ഏറ്റെടുത്തിട്ടുണ്ട്.എന്നാൽ ദുരുദ്ദേശപരമായി ഇത്തരം ക്രിസ്ത്യൻ പേരുകളും,അടയാളങ്ങളും ഉപയോഗിക്കപെടുമ്പോൾ അത് അവഹേളനപരമാകുന്നു.
ക്രൈസ്തവമായ പേരുകളും,ഇതിവൃത്തങ്ങളും,പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കിൽ സിനിമ വിജയിപ്പിക്കാമെന്നുള്ള ചിന്ത നവസംവിധായകരിൽ രൂഢമൂലമായിരിക്കുന്നു.ക്രൈസ്തവതയുടെ ദൃശ്യഭൂപടങ്ങൾ കൊണ്ട് ആസൂത്രിതമായി,പള്ളിപ്പെരുന്നാളെന്നാൽ വീടിന്റെ പൂമുഖത്തും പ്രദക്ഷിണ വഴികളിലും മദ്യപിക്കാനും പരസ്പരം തല്ലു കൂടാനുമുള്ള ഒരിടമാണെന്ന കണ്ടെത്തൽ പല സിനിമകളിലും കുത്തിനിറയ്ക്കുന്നു.
‘അക്വേറിയ’ത്തിനുള്ളിലെ അശ്ലീല മൽസ്യങ്ങൾ
2013ൽ ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ എന്ന പേരിൽ ഒരു സിനിമ പ്രഖ്യാപിച്ചപ്പോൾ ചിലർ പരാതി കൊടുക്കുകയും നിർമ്മാതാവിന് പേര് മാറ്റേണ്ടിവരികയും ചെയ്ത ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പേരിൽ മാറ്റം വരുത്തി ‘പിതാവും പുത്രനും’ എന്നപേരിൽ ആ സിനിമ പുറത്തിറങ്ങിയപ്പോൾ വീണ്ടും പരാതി പോവുകയും അത് പെട്ടിയിലാവുകയും ഉണ്ടായി.ഇപ്പോൾ വിവാദങ്ങള്‍ക്കൊടുവിലാണ് വീണ്ടും അതേ സിനിമ “അക്വേറിയം” എന്നാക്കി ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസിനൊരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തു.
അഴകും വർണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമസംവിധാനമാണ് അക്വേറിയം.എന്നാൽ ക്രൈസ്തവ വിരുദ്ധതയും,അവഹേളനവും,അശ്ലീലവും കുത്തിനിറച്ച നിഗൂഢമായ ഉടയാൻ പോകുന്ന പളുങ്കുപാത്രമാണ് അക്വേറിയമെന്ന സിനിമയെന്നു പറയേണ്ടിയിരിക്കുന്നു.
2013ൽ ‘പിതാവും പുത്രനും’ സിനിമ പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഒരു മലയാളം വാരികയിൽ സിനിമയുടെ മുഴുവൻ തിരക്കഥയും പിന്നണി പ്രവർത്തകർ പ്രസിദ്ധപ്പെടുത്തിയിരുന്നു.അത്തരത്തിൽ തിരക്കഥ വായിക്കാൻ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ പിന്നണി പ്രവർത്തകർ ലക്ഷ്യംവച്ചത് എന്താണെന്ന് ഏറെപ്പേർക്കും മനസിലാക്കാനായത്.
ലോകമെമ്പാടും എണ്ണമറ്റ സേവന പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി മുഴുകിയിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ക്രൈസ്തവ സന്യാസിനിമാരുടെ ആത്മാഭിമാനത്തെ നിഷ്കരുണം ചോദ്യം ചെയ്യുന്നതായിരുന്നു അതിലെ ആഖ്യാനങ്ങൾ എന്ന് വ്യക്തമായതോടെ ഒട്ടേറെപ്പേർ ആ സിനിമയ്ക്കും, അതിന്റെ തിരക്കഥ പ്രസിദ്ധപ്പെടുത്തിയ വാരികയ്ക്കും എതിരായി രംഗത്ത് വരികയുണ്ടായിരുന്നു.
‘അക്വേറിയം’ എന്ന സിനിമയുടെ കഥ തന്നെ വാസ്തവ വിരുദ്ധവും,മനുഷ്യത്വരഹിതവും,ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞതുമാണ്.ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം നിറഞ്ഞതാണ്.ക്രൈസ്തവസഭയെയും ക്രിസ്തീയ മൂല്യങ്ങളെയും,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്ന് പറയുന്നതിൽ ഏറെ ഖേദമുണ്ട്.
ക്രൈസ്തവതക്കെതിരെയുള്ള അസത്യപ്രചാരണങ്ങൾ
ജർമ്മനിയിൽ അസത്യ പ്രചരണങ്ങൾക്കായി ഹിറ്റ്ലർ സിനിമാ മേഖലയെ ഉപയോഗിച്ചിരുന്നു എന്ന സത്യം നാം മനസ്സിലാക്കണം.സിനിമയടക്കം ജർമ്മൻ സംസ്കാരത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന നിയന്ത്രണത്തിന്റെയും നിയന്ത്രണത്തിന്റെയും ഇരുമ്പ് മുഷ്ടി ഹിറ്റ്ലർ മുന്നോട്ടുവച്ചു.ജോസഫ് ഗീബെൽസിന്റെ നേതൃത്വത്തിലുള്ള പ്രചാരണ മന്ത്രാലയം ജർമ്മൻ സിനിമയുടെ നിയന്ത്രണ ശക്തിയായി വർത്തിച്ചു.എല്ലാ സിനിമകളും നാസിപാർട്ടിയെ മാത്രം അനുകൂലിക്കുകയും വാദിക്കുകയും ചെയ്യുന്നതാക്കി മാറ്റി.ക്രൈസ്തവ വിരുദ്ധത സൃഷ്ടിക്കാൻ വേണ്ടിയുള്ള മനഃപൂർവമായ ശ്രമം മലയാള ചലച്ചിത്ര വ്യവസായത്തിൽ സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്ന ഇരുപതോളം സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുകയുണ്ടായി.ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന കുമ്പസാരത്തെ മിക്കവാറും എല്ലാ സിനിമകളിലും പരിഹാസ്യമായി അവതരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്.കുമ്പസാരക്കൂടിനെയും കുമ്പസാരത്തെയുമൊക്കെ അവഹേളിച്ചുകൊണ്ടുള്ള നിന്ദ്യമായ രീതിയിലുള്ള ചിത്രീകരണങ്ങളൊക്കെ ഉണ്ടായി.
ഇത്തരം സിനിമകളിൽ കാണുന്നത് വിശ്വാസികൾ അപ്പാടെ വിശ്വസിച്ചു എന്ന് കരുതുന്നില്ല.പക്ഷെ സഭയ്ക്ക് പുറത്തുള്ളവർ ഇതൊക്കെയാണ് നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടാവണം.’റോമൻസ്’ എന്ന സിനിമ കാണുകയുണ്ടായി.എത്ര പരിഹാസ്യമായിട്ടാണ് അവർ വൈദികരെ അവതരിപ്പിച്ചിരിക്കുന്നത്? മെത്രാനെ തെരഞ്ഞെടുക്കുന്നത് അച്ചന്മാർ വോട്ട് ചെയ്തിട്ടാണ് എന്നുവരെ അതിൽ കാണിച്ചു.അത് എത്രമാത്രം അസംബന്ധംനിറഞ്ഞതും,അബദ്ധജടിലവും,യാഥാർഥ്യബോധമില്ലാത്തതുമാണ്.
പൗരോഹിത്യത്തെയും സന്യാസത്തെയും ബ്രഹ്മചര്യത്തെയും മ്രെതാന്മാരെയും അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ രംഗങ്ങളും സംഭാഷണങ്ങളും നിറച്ച ഈ സിനിമകളുടെ ഇതിവൃത്തങ്ങളുടെ ഉള്ളടക്കത്തിൽ ക്രൈസ്തവ ലോകം അസ്വസ്ഥരാണ്.ക്രൈസ്തവ പൗരോഹിത്യത്തിനെതിരായി പൊതുവികാരമുണര്‍ത്താന്‍ ഈ സിനിമകള്‍ സമൂഹത്തില്‍ വഹിച്ച പങ്ക് ചെറുതല്ല.ചലച്ചിത്രങ്ങളിൽ വിശുദ്ധ കൂദാശകളെപ്പോലും ഹാസ്യാത്മകവും,ലാഘവ ബുദ്ധിയോടും കൂടി കൈകാര്യം ചെയ്യുന്നതു മൂലം വലിയൊരു യുവജനവിശ്വാസസമൂഹം വഴി തെറ്റിക്കപ്പെടുന്നു.
ആവിഷ്ക്കാരസ്വാതന്ത്ര്യം എന്ന് പറഞ്ഞു ക്രൈസ്തവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും വികലമാക്കുന്ന വിഷയങ്ങൾ പ്രമേയമാക്കി കുറെ സിനിമകൾ ഇറക്കുന്നതിൽ മത്സരങ്ങളാണ് നടക്കുന്നത്. .’ക്രൈം ഫയൽ’ എന്ന സിനിമ എത്രയോ തവണയാണ് ടെലിവിഷൻ ചാനലുകളിൽകൂടി പ്രദർശിപ്പിച്ചിട്ടുള്ളത്.’വിശുദ്ധൻ’ എന്നൊരു സിനിമ ഇറങ്ങിയിരുന്നു.സന്യാസിനിമാരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന ഒരുപാട് സിനിമകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്.
വളരെ അപഹാസ്യമായ രീതിയിലാണ് വൈദികരുടെയും സന്യസ്തരുടെയും ജീവിതത്തെപ്പറ്റിയും സഭയെപ്പറ്റിയും അവയിൽ പരാമർശിച്ചിട്ടുള്ളത്.ഇതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ തോന്നിയത്, എല്ലാം സഹനമായി കാണാമെങ്കിലും ഇത്രമാത്രം സഹിക്കേണ്ട കാര്യമില്ല എന്നാണ്. കാരണം, കാണുന്നവർ വിചാരിക്കും, ഇതൊക്കെ ശരിയായിരിക്കുമെന്ന്?നല്ല സമരിയക്കാരൻ എന്ന നിലയിൽ നിന്നും ക്രിസ്ത്യൻ കഥാപാത്രങ്ങളെ വളരെ വികലമായി, തിന്മയുടെ ലൂസിഫറുകളായി അവതരിപ്പിക്കുന്ന ഇന്നത്തെ അവസ്ഥ വളരെ ആസൂത്രിമാണോ എന്ന് ചിന്തിക്കണം.
പരിഹസിക്കപ്പെടുന്ന ക്രൈസ്തവസ്വത്വം
ക്രൈസ്തവ സമുദായങ്ങളെ പരിഹാസ്യവൽക്കരിച്ചു കാണിക്കുന്ന “ആമേൻ”, ക്രിസ്ത്യാനികൾ കള്ളുകച്ചവടക്കാരാണെന്നും,പുരോഹിതർ അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പം ഭക്ഷിച്ച് ആഡംബരജീവിതം ജീവിക്കുന്ന, “ഇർറെവറൻസ്” അർഹിക്കുന്നവരാണെന്നു സ്ഥാപിക്കുന്ന “ലേലം”, കാര്യസാദ്ധ്യത്തിനു വേണ്ടി ആരുടെ കൂടെയും പോകാൻ തയ്യാറാകുന്ന കന്യാസ്ത്രീയെ ചിത്രീകരിക്കുന്ന “റെഡ് ചില്ലീസ്”, യേശുക്രിസ്തുവിന്റെ രൂപസാദൃശ്യമുള്ള വില്ലനെ അവതരിപ്പിക്കുന്ന “ബിഗ് ബി”, ബൈബിൾ വചനങ്ങൾ ഉറക്കെ ഉച്ചരിച്ചു കൊണ്ട് ക്രൂരതകളും കൊലപാതകങ്ങളും ചെയ്യുന്ന വില്ലനെ പരിചയപ്പെടുത്തുന്ന “ബഡാ ദോസ്ത്”,സായിപ്പ് ഇട്ടിട്ടുപോയ ഹാരിസൺ തേയിലത്തോട്ടത്തിന്റെ ഉടമകളാകുന്ന നാടൻ ക്രിസ്ത്യാനി കുടുംബം പാവം മനുഷ്യർക്കുമേൽ നടപ്പിലാക്കുന്ന ക്രൂരതകൾ ഇതിവൃത്തമായ ‘ഇയ്യോബിന്റെ പുസ്തകം’ ഇങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് ക്രിസ്ത്യൻ വിരുദ്ധതയുടെ ചിറകിലേറി വിജയം വരിച്ചിട്ടുള്ളത്?
ക്രൈസ്തവ അടിസ്ഥാനങ്ങളെ പൊതു സമൂഹത്തിന്റെ മുൻപിൽ അവഹേളനാപാത്രമാക്കുന്നത് ഒരു തുടർകഥയാക്കി മാറ്റുന്നതിൽ നവസിനിമ വൈതാളികർ വിജയിച്ചു.മറ്റൊരു കാര്യം വില്ലൻ കഥാപാത്രങ്ങളും അഭിസാരികാ കഥാപാത്രങ്ങളും ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നവരും ക്രൈസ്തവ നാമങ്ങളിലാണ് സിനിമയിൽ രംഗ പ്രവേശം നടത്തുന്നത്.ബാച്ച്ലർ പാർട്ടി,ബ്ലാക്ക്,സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ ചിത്രങ്ങളും കടുത്ത ക്രിസ്ത്യൻ വിരുദ്ധത പ്രകടിപ്പിക്കുന്നവയാണെന്ന് സൂക്ഷ്മമായി വീക്ഷിച്ചാൽ മനസിലാകും.
അബോധാവസ്ഥയിലായ ‘ട്രാൻസ്’
“ട്രാൻസ്” എന്ന സിനിമ ക്രിസ്തീയ മൂല്യങ്ങളെ വികലമായി ചിത്രീകരിച്ചപ്പോഴും സമൂഹം അത് ആഘോഷിച്ചു.പൗരോഹിത്യത്തെ ആക്ഷേപിക്കുന്ന മാസ്സ് ഡയലോഗുകൾ അടിക്കുന്ന ഹീറോകളെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്ന ഒരു ജനതയായി വിശ്വാസികളെ മാറ്റുവാനുള്ള ശ്രമങ്ങൾ ന്യൂ ജനറേഷൻ സിനിമകളിൽ സാധാരണമായിരിക്കുന്നു. രോഗശാന്തി ശിശ്രൂഷകളെ പണം ഉണ്ടാക്കുന്ന ഒരു വ്യവസായം മാത്രമായി ചീത്രീകരിച്ച് ദൈവത്തെ സ്തുതിക്കുന്നതും ആരാധിക്കുന്നതും മോശമാണെന്ന ധാരണയുണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങളും ‘ട്രാൻസ്’ പോലുള്ള ചിതങ്ങളിലൂടെ നടത്തി.
‘ട്രാൻസി’ൽ ചികിത്സ രീതിയെക്കുറിച്ച് ഏറെ അബദ്ധങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.മാനസിക രോഗങ്ങളെ കുറിച്ചുള്ള വിഡ്ഢിത്തരങ്ങളും ഉണ്ട്. ട്രാൻസ് എന്ന പദം അർദ്ധബോധാവസ്ഥയിലേക്ക് എത്തിച്ചേരുന്ന മാനസിക -ശാരീരിക അവസ്ഥയാണ് അർത്ഥമാക്കുന്നത്.എന്തായാലും ചില കാര്യങ്ങളിൽ പൂർണമായും അബോധാവസ്ഥയിലാണ് ട്രാൻസ് ചിത്രീകരിക്കപ്പെട്ടതെന്ന് മനസ്സിലാകും.
ക്രിസ്തുവിനെയും സഭയെയും ക്രൈസ്തവരെയും മ്ലേച്ഛകരമാക്കാനും ആക്രമിക്കാനും പ്രചോദനം നൽകുന്ന സിനിമകൾ ഇപ്പോൾ വ്യാപകമായി ചിത്രീകരിക്കപ്പെടുന്നു.ഇത്തരം സിനിമകൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകാനുമൊക്കെ ചില ക്രൈസ്തവവിരുദ്ധ പ്രസ്ഥാനങ്ങളും പൈശാചിക വർഷിപ്പ് ഗ്രൂപ്പുകളും ശ്രമിക്കാറുണ്ട്.കൊള്ളക്കാരുടെ താവളങ്ങളായും മോശമായ നൃത്തങ്ങളുടെ പശ്ചാത്തലങ്ങളായും ദൈവാലയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ എത്ര വിപരീതമായ കാഴ്ചപ്പാടുകളായിരിക്കും അത്തരം സിനിമകൾ അതു കാണുന്നവരിൽ ഉളവാക്കുക?
കേരള പൊലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. പ്രമാദമായ പല കേസുകള്‍ക്കും കാരണമായത് സിനിമയാണത്രേ! അശ്ലീലങ്ങളുടേയും ആഭാസങ്ങളുടേയും ലേഹ്യവും കഷായവും പോലെയുള്ള ചില ന്യൂജനറേഷൻ സിനിമകൾ മേമ്പൊടിയായി ചേർക്കുന്നത് ക്രൈസ്തവ വിരുദ്ധതയാണ്.എല്ലാ ന്യൂ ജനറേഷൻ സിനിമയും ഇത്തരത്തിലുള്ളതാണെന്ന് മുദ്ര കുത്തുന്നില്ല.കാരണം പരീക്ഷണസ്വഭാവമുള്ളതും കലാമൂല്യമുള്ളതുമായ അപൂർവ്വം സിനിമകളും ഈ വിഭാഗത്തിനിടയിലൂടെ കടന്നുപോകുന്നുണ്ട്.
മതവിശ്വാസങ്ങളെ അവഹേളിച്ചിട്ടു വേണോ സിനിമാ കച്ചവടം നടത്തേണ്ടതെന്ന് ചലച്ചിത്രവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഗൗരവമായി ചിന്തിക്കണം.മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രമിക്കണം.
ഇന്നത്തെ മലയാള സിനിമ അതിന്റെ ഇതിവൃത്ത തിരഞ്ഞെടുപ്പ്, ആഖ്യാന നിര്‍ബന്ധങ്ങള്‍, വ്യവസായ-വാണിജ്യ നിയമങ്ങള്‍, ആസ്വാദന മുന്‍ധാരണകള്‍ എന്നിങ്ങനെയുള്ള പ്രാഥമിക മേഖലയില്‍ തന്നെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതികളാണ് പിന്തുടരുന്നത്.സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്ക് നല്ല സിനിമകൾ ആവിഷ്കരിക്കാൻ സിനിമക്കാർ ശ്രദ്ധിക്കണം.സിനിമ കച്ചവടവും വിനോദവും മാത്രമല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം.സമൂഹത്തിൽ നഷ്ടമാവുന്ന നന്മയും സ്നേഹവും ധാര്‍മികതയും വീണ്ടെടുക്കാന്‍ സിനിമാപ്രവർത്തകർ മുന്നിൽ നിൽക്കണം
ടോണി ചിറ്റിലപ്പിള്ളി