തിരുവചനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളെല്ലാം ദൈവത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നല്കിയവരും തങ്ങളുടെ ഇഹലോകജീവിതത്തെ സർവശക്തനായ ദൈവത്തിനുവേണ്ടി ഉഴിഞ്ഞുവച്ചവരുമാണ്. ഏതൊക്കെ പ്രതിസന്ധിയിൽ കൂടി പോയിട്ടും, അവരുടെയെല്ലാം ജീവിതത്തിൽ ദൈവം വിജയം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സ്ഥാപനങ്ങളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ ദൈവത്തിലേക്ക് പൂർണ ആശ്രയമനോഭാവത്തോടെ തിരിയുക. ദൈവമേ, ഈ പ്രതിസന്ധിയിൽ ഞങ്ങളെ സഹായിക്കുവാൻ മറ്റാരുമില്ല എന്ന് കണ്ണീരോടെ ഏറ്റുപറയുക.

ദൈവത്തിന്റ വിളിയെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരു വ്യക്തിയെ ഒരു ശക്തിക്കും പിന്തിരിപ്പിക്കുവാൻ സാധിക്കുകയില്ല. ദൈവം തന്നെ നിയോഗിച്ചതാണെന്ന ബോധ്യം ദൈവം നൽകും. അയാൾ തളർന്നുവീണേക്കാം. എന്നാൽ വീണ്ടും എഴുന്നേല്ക്കാൻ ദൗത്യം നല്കിയ ദൈവം ശക്തി നല്കും. നാമോരോരുത്തരും പ്രതിസന്ധികളിലെല്ലാം ദൈവത്തിലേക്ക് തിരിയുകയും ദൈവത്തോട് ആലോചന ചോദിക്കുകയും ചെയ്യുന്ന പ്രാർത്ഥനയുടെ മനുഷ്യനായിരിക്കണം. ദൈവത്തിലുള്ള യഥാർത്ഥശരണം നഷ്ടപ്പെട്ടുപോകുമ്പോഴാണ് മറ്റുള്ള പ്രതിഫലം ഒരാൾ അന്വേഷിക്കുന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ ആശ്രയം ദൈവമായിരിക്കണം.

ക്രൈസ്തവ വിശ്വാസം എന്നു പറയുന്നത്, വെറുമൊരു ആവേശം മാത്രമല്ല ആഴത്തിലുള്ള നിലനിൽപ്പാണ്. സങ്കീർത്തനത്തിൽ അദ്ധ്യായം 23 ൽ നാം വായിക്കുന്നു, മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല എന്ന്. മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ ഞാനൊറ്റക്കല്ല. എന്റെ കൂടെ എന്റെ കർത്താവുണ്ട്. ഈ തിരിച്ചറിവാണ് വിശ്വാസം എന്നു പറയുന്നത്. നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.(യോഹ. 11: 40) വചനത്തിൽ വിശ്വസിക്കുന്നവർക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തെയാണ് വചനം കാണിച്ചു തരുന്നത്. നാം ഓരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ വിശ്വസിക്കാം, അവിടുന്ന് നമ്മൾക്ക് വിജയം നൽകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






