ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം???

സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം നടപ്പാക്കണമെന്ന് പറഞ്ഞു. അത് രൂപതയോടുള്ള മഹാ പാതകമാണത്രെ… സഭയെ സ്നേഹിക്കുന്നതുകൊണ്ടല്ലേ ഐക്യം വേണമെന്ന് പറയുന്നത്…ഒരു കൂട്ടം വൈദികരുടെ ദുരഭിമാനത്തെ സംരക്ഷിക്കാനായി മാത്രം സമൂഹത്തിൽ സഭ അപഹസിക്കപ്പെടുന്നു!!!
കിട്ടാനുള്ള പണത്തിനു ഈടായി ഭൂമി വാങ്ങി ഇട്ടിട്ടുണ്ട്. അത് വിറ്റാൽ കടം തീരും! അപ്പോൾ ഞങ്ങൾ ഇത്ര നാൾ ഉയർത്തിപ്പിടിച്ച വാദങ്ങൾ തെറ്റിപ്പോകുമല്ലോ… അതുകൊണ്ടു കള്ളത്തരങ്ങളുടെ കൊട്ടാരം പണിതു, വചനവേദികളിൽനിന്നു കള്ളത്തരങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞു, കുറെ നല്ല മനുഷ്യരെ തെറ്റുധരിപ്പിച്ചു വിശ്വാസവിരുദ്ധ സംഗമം നടത്തുന്നു. എന്റെ ഈശോയുടെ മൗതിക ശരീരമാകുന്ന സഭ മനസാക്ഷി ഇല്ലാത്ത ഒരു കൂട്ടം വൈദികരുടെ കരുണയില്ലാത്ത പകതീർക്കലിൽ സമൂഹത്തിൽ പരിഹാസവിഷയമാകുന്നതിൽ ഒത്തിരി ദുഖമുണ്ട്…എങ്കിലും എല്ലാ സഹനങ്ങളെയും മഹത്വമാക്കുന്ന കർത്താവ് ശക്തനാണെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ കർത്താവ് ഈ സഭയെ കൈവിടില്ല. അവിടുന്ന് ജീവിക്കുന്ന ദൈവമാണ്.

മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കാൻ ഒത്തിരി യുവജനങ്ങളെയും കുട്ടികളെയും നിരത്തിലിറക്കുമെന്നും കേൾക്കുന്നു. ഇന്ന് നിങ്ങൾ വിജയിച്ചേക്കാം…നിങ്ങളോടുള്ള സ്നേഹത്തെപ്രീതി അവരൊക്കെ വരുമായിരിക്കും… പക്ഷെ അവരുടെ മനസ്സിൽ സഭയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും സഭാമേലധ്യക്ഷന്മാരെക്കുറിച്ചും ഉടലെടുക്കുന്ന നിഷേധാത്മക ചിന്തകൾ അവരുടെ വിശ്വാസ ജീവിതത്തെ ഭാവിയിൽ തകർത്താൽ നിങ്ങളല്ലേ ഉത്തരവാദികൾ? ആ പാപക്കറ ആര് മായ്ച്ചു കളയും?

കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? എല്ലാ പ്രദേശങ്ങളിലും നിന്നുള്ളവർ സന്തോഷമായി ജീവിക്കുന്ന ഇടവകകളിൽ ഇത്തരം പ്രാദേശികവാദം ദീർഘകാലാടിസ്ഥാനത്തിൽ സമൂഹങ്ങളെ ചിതറിക്കില്ലേ?

മാർ തോമസ് തറയിൽ