നാം പ്രാർത്ഥിക്കുമ്പോൾ ഹൃദയം വിശുദ്ധമായിരിക്കണം. കാരണം ദൈവം വിശുദ്ധനാണ്, നാം നാളുകളായി പലപ്പോഴും പ്രാർത്ഥിച്ചിട്ടും, ദൈവം കേൾക്കുന്നില്ല, എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല.
പ്രാർത്ഥിക്കുമ്പോൾ ഹ്യദയത്തിൽ ആരോടെങ്കിലും ശത്രുതാ മനോഭാവം ഉണ്ടെങ്കിൽ ആദ്യം തന്നെ നാം അവരോട് ക്ഷമിക്കണം, എങ്കിൽ മാത്രമേ ദൈവം നമ്മളോട് ക്ഷമിക്കുകയും, പ്രാർത്ഥന കേൾക്കുകയും ചെയ്യുകയുള്ളു.
നിങ്ങളുടെ പ്രാർത്ഥനകൾ ദൈവം കൈക്കൊള്ളാതിരിക്കാൻ സാത്താൻ, ദൈവത്തിന്റെ മുൻപിൽ നിങ്ങൾക്കെതിരെ സംസാരിച്ചു തടസ്സങ്ങൾ പറയും എന്നതാണ് യാഥാർഥ്യം. സ്നേഹിതനോടെന്നപോലെ ദൈവം മുഖാമുഖം സംസാരിച്ചിരുന്ന ആളാണ് മോശ. (പുറപ്പാട് 33 :11) ആ മോശയുടെ ശരീരത്തിനുവേണ്ടിപ്പോലും സാത്താൻ അവകാശമുന്നയിച്ചുവെങ്കിൽ, നമ്മുടെ മേൽ സാത്താന് എത്രമാത്രം അവകാശം ഉണ്ടാകും? ദൈവതിരുമുൻപിൽ, സാത്താന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് എങ്ങനെ നമ്മുടെ പ്രാർത്ഥന ഏറ്റവും നീതിമാനായ ദൈവത്തിന് കേൾക്കാനാകും?
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. സ്വന്തം കുട്ടികൾക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്ന നമ്മൾ മറ്റുള്ള വ്യക്തികൾക്കും, നമ്മെ വേദനിപ്പിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുണ്ടോ? പ്രാർത്ഥനയിൽ സ്വാർത്ഥ മനോഭാവം ഉപേക്ഷിച്ചിട്ട്, സ്നേഹ മനോഭാവം ഉണ്ടാകണം. നാം എല്ലാവരുടെയും ജീവിതത്തിലും, പ്രാർത്ഥനയിലും, നൻമയുടെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും മനോഭാവം ഉണ്ടാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ