I will strengthen the weak, and the fat and the strong. (Ezekiel 34:17) ✝️
ബലഹീനമായതിനെ ശക്തിപ്പെടുത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന കർത്താവാണ് നമ്മുടെ കൂടെ ഉള്ളത്. നാം ഒരോരുത്തരും ജീവിതത്തിൽ തളർന്നു പോകുന്ന അവസ്ഥയിൽ , കർത്താവിന്റെ സാന്നിദ്ധ്യം ശക്തി പകരുന്നു. നാം ഓരോരുത്തരെയും ബലഹീന അവസ്ഥയിൽ ആണ് സുഹ്യത്തുക്കൾ നാം ഒരോരുത്തരെയും ഉപേക്ഷിച്ചു പോകുന്നത്, എന്നാൽ കർത്താവ് നമ്മളുടെ തളർച്ചയുടെ അവസ്ഥയിൽ ചേർത്ത് പിടിച്ച്, ശക്തി പകരുന്നു. ജീവിതത്തിൽ ആൾബലത്തിനോ, ആയുധത്തിനോ നമ്മളെ എന്നും വിജയികളാക്കുവാൻ സാധിക്കുകയില്ല. പകരം ദൈവത്തിൽ മാത്രം ആശ്രയിക്കുന്നവനെ ദൈവം ജയാളിയാക്കും.
ദൈവത്തിൽ മാത്രം ആശ്രയിക്കുന്നവനുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണ്. സാധ്യതയുടെ വാതിലുകൾ എല്ലാം അടയുമ്പോളും, പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലാതിരിക്കുമ്പോഴും ദൈവത്തിൽ മാത്രം ആശ്രയിച്ച് ജീവിക്കാം. നമ്മുടെ വേദനാകരമായ സാഹചര്യങ്ങളെ സഹിച്ചുനിൽക്കാൻ ദൈവം നമുക്ക് ശക്തി നൽകും. ചിലപ്പോൾ കഷ്ടത അനുഭവിക്കുന്നത് ദൈവത്തിന്റെ നന്മയുടെ ഭാഗമായിട്ടാണ്. നാം ഹൃദയ ശുദ്ധിയോടെ ദൈവത്തിൽ ആശ്രയിക്കുക. പുതിയ നിയമ കാലഘട്ടത്തിൽ കർത്താവ് നൽകുന്ന ശക്തി പരിശുദ്ധാൽമാവിലൂടെയാണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്.
കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെയാണ്. എല്ലാ പരാജയങ്ങളിലും എല്ലാ ബലഹീനതകളിലും പ്രവർത്തിക്കുന്ന ആ ആത്മാവിനുവേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവികശക്തി നിറയാൻ ആത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്ക് ഒരുമയോടെ കാത്തിരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.