✝️

I will put an end to the pride of the strong,

‭‭(Ezekiel‬ ‭7‬:‭24‬ ) ✝️

കർത്താവിൽ വിശ്വസിക്കുന്നവരുടെ ബലഹീനതകളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം ആണ്. മരണത്തിന്റെ താഴ് വരയിൽ കൂടി പോയാലും വീണു പോകാതെ നമ്മെ വഴി നടത്തുന്നവനാണ് നമ്മുടെ ദൈവം. ദുഷ്ട ശക്തിയുടെ അടിമത്തത്തിൽ നിന്നു രക്ഷിക്കുന്ന ദൈവത്തെ വചനത്തിലുട നീളം നമുക്കു കാണുവാൻ കഴിയും. അനാദികാലം മുതൽ കർത്താവിനോട് ചേർന്ന് നിൽക്കുന്നവരെ കർത്താവ് രക്ഷിക്കുന്നു. ഇന്നും ദുഷ്ടന്റെ കൈയിൽ നിന്നും, ശക്തൻമാരുടെ പിടിയിൽ നിന്നും കർത്താവ് നൽകുന്ന രക്ഷ അനുദിനം നമ്മൾ അനുഭവിക്കുന്നു.

കർത്താവു നാം ഓരോരുത്തർക്കും ശക്തൻമാരുടെ മേൽ വിജയം നൽകണമെങ്കിൽ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുകയും, വചനം നാം അനുസരിക്കുകയും, ധ്യാനിക്കുകയും ചെയ്യണം. കാരണം ദൈവം മനുഷ്യനോട് സംസാരിക്കുന്നത് തിരുവചനത്തിലൂടെ ആണ്. ലോകത്തിലെ വിജയങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം. വചനം ശത്രുവിന്റെമേൽ വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ വിജയിച്ചവരെ പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു.

ശക്‌തനില്‍നിന്ന്‌ ഇരയെയോ സ്വേച്‌ഛാധിപതിയില്‍ നിന്ന്‌ അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ? കഴിയും എന്ന് കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോട്‌ ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്‌ഷിക്കുകയും ചെയ്യും എന്ന് ഏശയ്യാ 49 : 24-25 ൽ പറയുന്നു. ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ ക്രൂശിലെ യാഗത്താലും രക്തത്താലും ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാം ഇനി അടിമകളല്ല, സ്വതന്ത്രരാണ്! ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്