“I will punish the world for its evil, and the wicked for their iniquity
(Isaiah 13:11) ✝️

പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു പാപം. തിന്മ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കാത്ത, ദുഷ്ടരെ വെറുക്കുന്നവനാണ് ദൈവം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്റെ അടിസ്ഥാന കാരണം. ദൈവഭക്തി എന്നു പറയുന്നത് കൊണ്ട് നാം പലപ്പോഴും ഉദേശിക്കുന്നത്, കർത്താവിനെ ആരാധിക്കുകയും, സ്തുതിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നത് മാത്രമല്ല തിൻമയുടെ ശക്തിയെയും, പാപത്തെയും വെറുത്ത് വിശുദ്ധിയെ ജീവിതത്തിൽ ധരിക്കുന്നതാണ്. നമ്മുടെ കർത്താവ് വിശുദ്ധിയുടെ ദൈവമാണ്.
പരിശുദ്ധനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് പാപത്തിൽനിന്ന് അകലുവാൻ പഠിക്കുക. നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടി കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ് നടക്കുന്നത്, ഉള്ളിലല്ല. പാപം ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത് ഓരോ വ്യക്തിയുമാണ്. നന്മയേയും തിന്മയേയും വേർതിരിച്ചറിഞ്ഞ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള കൃപയും സ്വാതന്ത്ര്യവും ദൈവം നമുക്കെല്ലാവർക്കും നൽകിയിട്ടുണ്ട്.
വി പത്രോസ് വചനത്തിലൂടെ നമ്മോട് ഒരു യാഥാർത്ഥ്യം തുറന്നു ചോദിക്കുന്നു. നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്‌ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന നമ്മുടെ അവസ്ഥ എത്ര പരിതാപകരമാകും. മനുഷ്യന് ഭൂമിയിൽ തന്നിരിക്കുന്ന മഹത്തായ അനുഗ്രഹം ആണ് സ്വാതന്ത്ര്യം. എന്നാൽ ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം നാം വ്യർത്ഥമായി ഉപയോഗിച്ചാൽ നാം നരക ശിക്ഷ അനുഭവിക്കേണ്ടി വരും. ഇന്ന് പല വ്യക്തികളിലും ഞായറാഴ്ച ക്രിസ്ത്യാനികളായി മാറുകയും, ലോക പ്രകാരമുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുകയും ചെയ്യുന്നു. നിത്യരക്ഷ പ്രാപിക്കുവാൻ ദൈവ വചനം അനുസരിക്കുകയും, ദൈവഹിതപ്രകാരം ജീവിക്കുകയും ചെയ്യണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ









