“I will not set before my eyes anything that is worthless. ‭‭(Psalm‬ ‭101‬:‭3‬) ✝️

കാഴ്ചയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്.  കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ്  ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ. അവയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളാണ് അയാളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുന്നതും, വ്യക്തിത്വത്തിന് രൂപം നൽകുന്നത്.

നമ്മുടെ ലോകം, ചീട്ടുകൊട്ടാരം പോലെ കെട്ടിപ്പൊക്കിയ ജീവിതശൈലികൾ മുതൽ വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങൾ വരെ എല്ലാം നമ്മുടെ കാഴ്ച്ചയെ ആകർഷിക്കുന്ന മാധ്യമങ്ങളാക്കി മാറ്റുന്നു. ലോകവസ്തുക്കളും സുഖങ്ങളും കണ്ടു മതിമയങ്ങുന്നു. ലോകത്തിന്റെ വർണ്ണങ്ങളാണു തന്റെ കണ്ണിന്റെ പ്രകാശം എന്നു വിചാരിക്കുന്ന ഓരോ വ്യക്തിയുടെയും അവസ്ഥ തനിക്കു കാഴ്ചയില്ലെന്നു തിരിച്ചറിയാൻ കഴിയാതെപോയ അന്ധനിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. പാപാന്ധകാരത്തിൽ കണ്ണിന്റെ കാഴ്ചയാൽ തപ്പിത്തടയുമ്പോഴും അതാണ്‌ പ്രകാശം എന്ന ചിന്തയോടെ ജീവിക്കാൻ നമുക്കാവും. നമുക്കെല്ലാം അറിയാമെന്നും, നമ്മുടേതാണ്  ശരിയായ വഴിയെന്ന്  സ്വയം ബോധ്യപ്പെടുത്താനും  നമുക്ക് സാധിക്കും.

ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന കണ്ണിന്റെ പ്രകാശത്തെ ലൗകീകാസക്തികൾ ഉപയോഗിച്ച് നമ്മൾ മറയ്ക്കുമ്പോൾ , നമ്മുടെ ആത്മാവ് അന്ധകാരത്താൽ നിറയുന്നു. ഭൗർഭാഗ്യവശാൽ, നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ഇല്ലാതാക്കുന്ന  ആത്മീയാന്ധകാരത്തെ പ്രകാശമാണെന്നു നമ്മെ  തെറ്റിദ്ധരിപ്പിക്കാൻ ലോകത്തിനും അതിനെ ഭരിക്കുന്ന പിശാചിനും അവന്റെ കൂട്ടാളികൾക്കും സാധിക്കും. സാത്താന്റെ കുടില തന്ത്രങ്ങളെ തിരിച്ച് അറിഞ്ഞ് നീചമായ ഒന്നിലും കണ്ണു വയ്ക്കാതിരിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ