According to your ways and your deeds you will be judged, declares the Lord God.”“
(Ezekiel 24:14)
ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും മനുഷ്യരായ നമുക്കാവും. പുറമെ കാണുന്നവ മാത്രമല്ല ദൈവം അറിയുന്നത്. എന്നാൽ, നമ്മുടെ പ്രവൃത്തികളെ വിധിക്കുന്ന ദൈവം നമ്മുടെ ഹൃദയവിചാരങ്ങളും അറിയുന്നു എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. നീതിയോടെ ന്യായം വിധിക്കുന്നതാണ് ദൈവത്തിന്റെ വിധി.
ദൈവത്തെ സംബന്ധിച്ചിടത്തോളം വിധിക്കുക എന്നത് നിഷേധാർത്ഥത്തിലുള്ള ഒരു പ്രവർത്തി അല്ല. ദൈവം നമ്മെ വിധിക്കുന്നത്, നമ്മുടെ പാപങ്ങൾ കൂട്ടിനോക്കി നമ്മെ നരകാഗ്നിയിലേക്ക് എറിയാനാണെന്നു നമ്മൾ പലപ്പോഴും കരുതാറുണ്ട്. പക്ഷേ, നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തുന്നതിനല്ല ദൈവം നമ്മെ വിധിക്കുന്നത്. പാപം നിറഞ്ഞ നമ്മുടെ ഹൃദയത്തിൽ ദൈവത്തെ തേടുന്ന നന്മയുടെ ഒരു കിരണമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാനും, ഉണ്ടെങ്കിൽ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് സ്വീകരിക്കുന്നതുമാണ ദൈവത്തിന്റെ വിധി.
ദൈവവചനം നോക്കിയാൽ ദൈവത്തിൽ നിന്ന് പിൻമാറി പാപത്തിന്റെ വഴിയെ സഞ്ചരിച്ചവർക്കു അവരുടെ പ്രവർത്തിച്ച് അനുസരിച്ച് അവരെ വിധിച്ച ദൈവത്തെ നമ്മൾക്ക് കാണുവാൻ കഴിയും. ഇസ്രായേൽ ജനതയെ അവരുടെ പ്രവർത്തിയ്ക്ക് അനുസരിച്ച് വിധിച്ച ദൈവത്തെ നമ്മൾക്ക് വചനത്തിൽ കാണുവാൻ കഴിയും. നാം ഒരോ കാര്യങ്ങളും ചെയ്യുമ്പോളും മനുഷ്യർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ, നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ചെയ്യുവിൻ. ദൈവത്തിന് എതിരെ ചെയ്യുന്ന ഒരോ അകൃത്യത്തിനും നാം ശിക്ഷ അനുഭവിക്കേണ്ടി വരും. നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








