നമ്മുടെ ജീവിതം തികച്ചും സന്തോഷപ്രദമായി നയിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും സൗകര്യങ്ങളും ദൈവം നമ്മുക്ക് നല്കിയിട്ടുണ്ട്. എന്നാൽ, അതു പൂർണ്ണമായും പ്രയോചനപ്പെടുന്നവർ നമ്മിൽ എത്രപേർ ഉണ്ടാവും എന്നു ചിന്തിച്ചാൽ നന്നേ ചുരുക്കംപേർ എന്നായിരിക്കും ഉത്തരം. ജീവിക്കുന്ന ഓരോ ദിവസവും ആഹ്ളാദഭരിതതമാക്കി തീർക്കുവാനുള്ള ആത്മാർഥമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. അതുപോലെ നമ്മുടെ ആഹ്ലാദം മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുത്താൽ അത് പതിൻമടങ്ങ് വർദ്ധിക്കുകയും ചെയ്യും.
ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും, കുറവുകളെയും കുറിച്ച് മാത്രം ചിന്തിച്ച് ജീവിതം എങ്ങനെയെങ്കിലും തള്ളിനീക്കിയാൽ മതിയെന്ന അലസത നിറഞ്ഞ ഒരു തീരുമാനമാണ് നമ്മുടേതെങ്കിൽ അത് നമ്മുടെ ജീവിതത്തെക്കുറിച്ച് നമ്മൾ എടുക്കുന്ന ഏറ്റവും തെറ്റായ ഒരു തീരുമാനമാണെന്ന കാര്യത്തിൽ സംശയം വേണ്ട. ജീവിതം എന്നും നമ്മോട് ആവശ്യപ്പെടുന്നത് നഷ്ടപ്പെട്ടതിനെയോർത്ത് ദുഃഖിച്ചിരിക്കാതെ വരാനിരിക്കുന്ന നല്ല ദിവസങ്ങളെയോർത്ത് തയ്യാറെടുക്കാനാണ്. നമ്മൾ ആരാണന്നും, ആരായിത്തീരണമെന്നും തീരുമാനിക്കുവാനുള്ള അവകാശം നമ്മുക്കു മാത്രമണന്ന കാര്യം എപ്പോഴും നമ്മുടെ ഓർമ്മയിൽ ഉണ്ടാവണം.
നമ്മളിൽ നിന്നു വിപത്തുകളെ ദൂരികരിക്കുന്ന, ജീവിതത്തില ഏതു പ്രശ്നങ്ങളുടെ മുൻപിലും മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ നിൽക്കുവാൻ സഹായിക്കുന്ന കർത്താവ് നമുക്ക് ഉണ്ട്. 1 കോറിന്തോസ് 10 : 13 ൽ പറയുന്നു, പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്‌തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും. നാം ഒരോരുത്തർക്കും നമ്മെ തളരാതെ കാത്തു രക്ഷിക്കുന്ന കർത്താവിനെ ഓർത്ത് നമുക്ക് നന്ദി പറയാം. ദൈവം നാം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.