I will cleanse them from all their iniquity, by which they have sinned against me.
‭‭(Jeremiah‬ ‭33‬:‭8‬) ✝️

ഇസ്രായേൽ ജനം ചെയ്ത പാപങ്ങൾ ക്ഷമിക്കുകയും, പാപങ്ങൾ വിശുദ്ധീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ആണ് പ്രസ്തുത വചനത്തിൽ കാണുന്നത്. ഇന്നും മകനെ ധൈര്യമായിരിക്കുക നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ ലോകത്തിൽ വിളിച്ചു പറയാൻ ഒരുവൻ മാത്രമേ ഉള്ളൂ, അവന്റെ പേരാണ് യേശു ക്രിസ്തു . ക്രൂശിൽ യേശു പാപങ്ങളെ തകർത്തു. നാം ഒരോരുത്തരെയും പാപത്തിൽനിന്നും, ശാപത്തിൽ നിന്നും വീണ്ടെടുത്തു.1 യോഹന്നാന്‍ 1 : 7 ൽ പറയുന്നു യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നും നമ്മെ ശുദ്‌ധീകരിക്കുന്നു. പാപങ്ങൾ ക്ഷമിക്കപ്പെടാൻ നാം ഓരോരുത്തർക്കും ഒന്നാമതായി വേണ്ടത് മാനസാന്തരം ആണ്.

മാനസാന്തരം എന്നു പറയുന്നത് ഹൃദയത്തിൽ പാപത്തെക്കുറിച്ച് കുറ്റബോധം ഉണ്ടാകുകയും, പാപത്തെ വെറുക്കുകയും, മേലാൽ ഞാൻ പാപങ്ങൾ ചെയ്യുകയില്ല എന്ന ഉറച്ച ബോധ്യവുമാണ്. പാപബോധം മാത്രം പോരാ, പാപത്തിൽ നിന്ന് അകന്നു നിൽക്കുവാനും സാധിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമേ നാം ഓരോരുത്തർക്കും പാപങ്ങളിൽനിന്നും, തിന്മയുടെ ശക്തികളിൽ നിന്നും അകന്നു നിൽക്കുമാൻ സാധിക്കുകയുള്ളൂ. പരിശുദ്ധാത്മാവിന്റെ ശക്തി പാപങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം നൽകുകയും, പാപത്തിന്റെ വഴികളിൽ നിന്ന് നമ്മെ അകറ്റി നിർത്തുകയും ചെയ്യുന്നു

നാം പാപം ചെയ്യുകയാണെങ്കിൽ നമ്മുടെ പാപങ്ങളെ കർത്താവിനോട് ഏറ്റുപറയുക. 1 യോഹന്നാന്‍ 1 : 9 ൽ പറയുന്നു, എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും. നാം പാപങ്ങൾ ഏറ്റു പറയുമ്പോൾ, നാം ഒരോരുത്തരുടെയും പാപത്തിന്റെ വലിപ്പം, ചെറുപ്പം നോക്കാതെ, കർത്താവ് എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും, ക്ഷമിക്കുകയും ചെയ്യും. ആയതിനാൽ, പാപം ഏറ്റു പറയുന്നതിലൂടെ ദൈവമുമായി രമ്യതപ്പെട്ട് ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.