കർത്താവ് നൽകുന്ന നന്മകൾ പ്രാപിക്കുവാൻ നാം കർത്താവിനെ ഭയന്ന് അവന്റെ വഴികളിൽ ജീവിക്കണം. ഈ ഭയം എന്നത് നമ്മളുടെ തെറ്റുകൾക്കായി നമ്മളെ ശിക്ഷിക്കുവാൻ കാത്തിരിക്കുന്ന കർത്താവിനെയല്ല. മറിച്ച്, ദൈവഭയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന്റെ ഹിതപ്രകാരം നീതിയുള്ള ഒരു ജീവിതം നയിക്കുക എന്നുള്ളതാണ് . നമ്മുടെ കർത്താവ് ദയയുള്ളവനും അവിശ്വസനീയവും അളക്കാനാവാത്തതുമായ സ്നേഹത്താൽ നിറഞ്ഞവനുമാണ്. അതുകൊണ്ട് ഏത് സാഹചര്യത്തിൽ ആയിരുന്നാലും നമുക്ക് അവന്റെ അടുക്കലേക്ക് ഓടിച്ചെല്ലുവാൻ സാധിക്കും.

കർത്താവിൻറെ നൻമ പ്രാപിക്കുവാൻ പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. യേശുവിന്റെ ജീവിതകാലത്ത്, പൂർണമായും ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട്,പല വ്യക്തികൾക്കും ദൈവിക നന്മകൾ ലഭിച്ചതായി നമുക്ക് കാണാം. രക്തസ്രാവ ക്കാരിയായിരുന്ന സ്ത്രീ ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചു. അതുകൊണ്ടാണ് ആണ് അവൾക്ക് സൗഖ്യം ലഭിച്ചത്. ദൈവം നമുക്കായി അനേകം നന്മകൾ ഒരുക്കിയിട്ടുണ്ട്. ആയതിനാൽ നമ്മൾ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോർത്ത് നമ്മളുടെ ഹൃദയം തകർന്ന് പോകരുത്. പൂർണ്ണമായും ദൈവത്തിൽ വിശ്വസിക്കുക.

ജീവിതത്തിൽ നാം ലോകം ദുർമാർഗങ്ങളിൽ കൂടി നൽകുന്ന നൻമകളിൽ പ്രതീക്ഷ അർപ്പിക്കാതെ, ദൈവം നൽകുന്ന സ്വർഗീയ നൻമകൾക്കായി കാത്തിരിക്കുക. ആദവും, ഹവ്വയും ദൈവം നൽകിയ നൻമ സ്വീകരിക്കാതെ, സാത്താൻ നൽകിയ നൻമ സ്വീകരിക്കാൻ പോയപ്പോൾ സ്വർഗീയ സൗഭാഗ്യം നഷ്ടമായി. ദൈവം നൽകുന്ന നൻമകൾക്കായി, ക്ഷമയോടെ കാത്തിരിക്കുക. കർത്താവേ, അവിടുന്ന് എനിക്കായി ഒരുക്കിയിരിക്കുന്ന നന്മകൾ എനിക്ക് നൽകി എന്നെ അനുഗ്രഹിക്കേണമേ’’ എന്ന് ദിനം പ്രതി പ്രാർത്ഥിക്കുക. അത് പോലെ നമ്മുടെ ജീവിത സാഹചര്യങ്ങളെ നോക്കാതെ സങ്കീര്‍ത്തനങ്ങള്‍ 23 : 6 ൽ പറയുന്ന പോലെ അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും എന്നു ഉറച്ച് വിശ്വസിച്ച് പ്രാർത്ഥിക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്