ദൈവം നമ്മുടെ പ്രവർത്തികളെ അറിയുകയും, ഹൃദയത്തെ നോക്കി കാണുകയും ചെയ്യുന്നു. ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. ദൈവം മനുഷ്യനെ വിലമതിക്കുന്നുന്നത് മനുഷ്യന്റെ ഹൃദയത്തിൽ കാണുന്ന ക്രിസ്തു തുല്യമായ താഴ്മ, നിർമ്മലത, സ്നേഹം, എളിമ മുതലായവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഒരു മനുഷ്യനെപ്പറ്റിയുള്ള ദൈവത്തിന്റെ മൂല്യ നിർണ്ണയവും മനുഷ്യന്റെ മൂല്യ നിർണ്ണയവും തമ്മിൽ പൂർണ്ണമായും വ്യത്യസ്തമായിരിക്കാം.


സത്യത്തിലേക്കുള്ള വഴിയും യേശുവിലൂടെയാണ്.ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും കള്ളവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണം. അവന്റെ സംസാരവും പ്രവർത്തിയും ഒരിക്കലും സത്യവും കള്ളവും കൂടിക്കലർന്ന, നിഴൽവീണ ഇടങ്ങളിലാവരുത്. അല്പംപോലും വളച്ചുകെട്ടാതെ സത്യം മാത്രം പറയുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ലോകത്തിന്റെ പ്രീതിക്ക് പാത്രമാകാൻ സാധിക്കുകയില്ല. മറ്റുള്ളവർക്ക് പ്രീതികരമായത് സംസാരിക്കാനുള്ള തത്രപ്പാടിൽ, സത്യത്തിനു സാക്ഷ്യം നൽകാൻ പലപ്പോഴും നമ്മൾ മറക്കുന്നു. ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും സത്യം പറയുവാനും പ്രവർത്തിക്കുവാനും നമുക്കാവണം. ഇങ്ങനെയുള്ള ഒരു ജീവിതത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ ആത്മാവിനെ നാം തിരിച്ചറിയുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യണം.

ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ അവനു ചുറ്റും യഥാർത്ഥ ലോകത്തിൽ സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും അവന്‍ അറിയുന്നില്ല. അവന്റെ സ്വപ്നത്തിലെ യാഥാർത്ഥമല്ലാത്ത ലോകത്തെക്കുറിച്ചാണ് അവൻ കൂടുതൽ ബോധവാനായിരിക്കുന്നത്. ആത്മീയമായി ഉറങ്ങുന്നവരുടെ കാര്യത്തിലും ഇത് അങ്ങനെതന്നെയാണ്. ദൈവരാജ്യത്തിന്റെ യഥാർത്ഥമായ ലോകത്തെക്കുറിച്ച് അവൻ അറിയുന്നില്ല. യഥാർത്ഥമല്ലാത്ത താൽക്കാലികമായ ഭൗതിക സമ്പത്ത്, സന്തോഷം, സുഖം, ഭൗമിക ബഹുമാനങ്ങൾ, പ്രശസ്തി എന്നിവയുടെ താൽക്കാലിക ലോകത്തിലാണ് അവർ ജീവിക്കുന്നത്. ആയതിനാൽ ലോകമോഹങ്ങളെ മറന്ന് കർത്താവിനായി ജീവിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






