ദൈവം ആഗ്രഹിക്കുന്നത് നാം എല്ലാവരും അവിടുത്തെ ആത്മാവിനാൽ നിറഞ്ഞ്, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണം എന്നതാണ്. ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്” (ഗലാത്തിയാ 5:22). നാമെങ്ങിനെയാണ് ഈ ഫലങ്ങൾ പുറപ്പെടുവിക്കുക? പലപ്പോഴും നമുക്കുണ്ടാകുന്ന ഒരു തെറ്റിദ്ധാരണ ഈ ഫലങ്ങളെല്ലാം നമ്മൾ സ്വയം നമ്മിൽ വികസിപ്പിച്ചെടുക്കേണ്ടവ ആണെന്നാണ്. അതുകൊണ്ടാണ് സ്നേഹവും ആനന്ദവുമൊക്കെ നാം ലോകത്തിൽ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ക്ഷമയും സമാധാനവും സൗമ്യതയും ആത്മസംയമനവും ഒക്കെ നേടിയെടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നത്. പക്ഷേ നമുക്ക് ചുറ്റുമുള്ള ലോകത്തിന് ഇവയിലൊരു ഫലം പോലും നമ്മിൽ പുറപ്പെടുവിക്കാനാവില്ല.
ലോകം ജഡികമാണ്, “ജഡത്തിന്റെ വ്യാപാരങ്ങൾ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശ്യമായ മറ്റ് പ്രവർത്തികളുമാണ്” (ഗലാത്തിയാ 5:19,20).ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുവാൻ നമ്മൾ പ്രാപ്തരാക്കപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ ദാനങ്ങളിലൂടെയാണ്. യേശുവിന്റെ വാഗ്ദാനമായ ഈ ആത്മാവിലൂടെയാണ് ഫലങ്ങൾ പുറപ്പെടുവിക്കാൻ ആവശ്യമായതെന്തും ദൈവം നമുക്ക് നൽകുന്നത്.
പറുദീസയിലെ മരത്തിന്റെ ഫലം ആദത്തിനും ഹവ്വക്കും ദുരിതങ്ങൾക്കും വേദനകൾക്കും കാരണമായെങ്കിൽ, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ജീവദായകവും, നമ്മുടെ എല്ലാ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും നിറവേറ്റാൻ കഴിവുള്ളതുമാണ്. ആയതിനാൽ, നാമെല്ലാവരും പ്രാർഥിക്കുന്നത് ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടി കൂടിയാവണം. ഇങ്ങനെ പ്രാർഥിക്കുന്ന ഒരു വ്യക്തി, “ആറ്റുതീരത്ത് നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിനു ഉത്ക്കണ്ഠയില്ല; അത് ഫലം നല്കികൊണ്ടേയിരിക്കും (ജറെമിയാ 17:7,8). നാം ഓരോരുത്തരെയും പരിശുദ്ധാൽമാവിന്റെ ഫലങ്ങളാൽ സമൃദ്ധിയായി നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാം.