ദൈവത്തിന്റെ കാരുണ്യം അമൂല്യമാണ്. കാരുണ്യം ഹൃദയത്തിന്റെ ലെന്‍സ് പോലെയാണ്. യാഥാര്‍ത്ഥ്യം സ്വീകരിക്കാനും അതിന്റെ മാനങ്ങള്‍ മനസ്സിലാക്കാനും കരുണ സഹായിക്കുന്നു. യേശു പലപ്പോഴും കരുണയാല്‍ ചലിക്കപ്പെടുന്നത് സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നു. കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്. യേശുവിന്റെ വരവിന് മുമ്പും കാരുണ്യം നാം വചനത്തില്‍ കാണുന്നു. ഞാന്‍ എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ കണ്ടിരിക്കുന്നു എന്ന് ദൈവം മോശയോട് പറയുന്നു. ദൈവകാരുണ്യം കൊണ്ടാണ് അവിടുന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിക്കാന്‍ മോശയെ അയക്കുന്നത്.
നമ്മുടെ ദൈവം കരുണയുടെ ദൈവമാണ്, കരുണ ദൈവത്തിന്റെ ബലഹീനതയാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം, എന്നാല്‍ സത്യത്തില്‍ ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം. തിരുവചനം നാം വായിക്കുമ്പോൾ രോഗികളെ സൗഖ്യമാക്കുമ്പോഴും, മരിച്ചവരെ ഉയിർപ്പിക്കുമ്പോഴും യേശുവിന്റെ കരുണയാണ് വെളിവാക്കപ്പെടുന്നത്. ലൂക്കാ 7:11 ൽ യേശു നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നത്, വിധവയുടെ ദുഃഖം കണ്ട് മനസ് അലിഞ്ഞതു കൊണ്ടാണ്. കർത്താവിന്റെ കരുണയാണ് പ്രസ്തുത വചനത്തിലൂടെ വെളിവാക്കപ്പെടുന്നത്. പാപത്തിൽ കഴിഞ്ഞിരുന്ന മനുഷ്യനോട് ദൈവത്തിന് കാരുണ്യം തോന്നിയതുകൊണ്ടാണ്, സ്വന്തം പുത്രനെ പാപപരിഹാരത്തിനായി ക്രൂശിൽ യാഗമാക്കിയത്.
ദൈവത്തിന്റെ കരുണയാണ് ദിനംപ്രതി നമ്മെ സംരക്ഷിക്കുന്നത്. നമ്മുടെ മേൽ ചൊരിയുന്ന ദൈവത്തിന്റെ കാരുണ്യത്തെ ഓർത്ത് നമുക്ക് നന്ദി പറയാം. ദൈവത്തിന്റെ ഭാഷ കാരുണ്യമാണെങ്കില്‍ മനുഷ്യന്റെ ഭാഷ നിസംഗതയാണ്. എത്ര തവണ നാം കരുണയുടെ വാതിലുകള്‍ അടച്ചു കളഞ്ഞു എന്ന് സ്വയം ചോദിക്കാം. നിസംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുത്. നാം കരുണയിലേക്ക് ഹൃദയം തുറക്കുക. കരുണയാല്‍ നയിക്കാന്‍ പരിശുദ്ധാത്മാവിനെ കൃപയ്ക്കായി പ്രാർത്ഥിക്കാം. ഹെബ്രായര്‍ 4 : 16 ൽ പറയുന്നു, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.