എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണല്ലോ ഇന്ന്. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, ‘രക്ഷ അടുത്തിരിക്കുന്നു’ അഥവാ ‘ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നാണ്. ഓശാന മഹോത്സവത്തിന്‍റെ ആഘോഷത്തിന് കയിപ്പും, മധുരവുമുണ്ടെന്നു പറയാം. സന്തോഷവും ദുഃഖവും ഇടകലര്‍ന്ന ഒരാഘോഷം. യേശുവിനെ ജനം ആര്‍ത്തിരമ്പി രാജാവെന്നു പ്രഘോഷിച്ച് ജരൂസലേത്തേയ്ക്ക് ആനയിച്ച ആനന്ദകരമായ സംഭവമാണ് ഓശാനയുടെ പൊരുള്‍. എങ്കിലും, ഉടനെ സംഭവിക്കാനിരിക്കുന്ന പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വേദന ജെറുസലേം പ്രവേശന സംഭവത്തില്‍ നിഴലിക്കുന്നുണ്ട്.
ഇന്നുവരെയ്ക്കും ആരും സവാരിക്ക് ഉപയോഗിക്കാത്തൊരു കഴുതയുടെ പുറത്തു കയറി എളിമയുടെ പ്രതികമായി ഒലിവു മലയില്‍നിന്നും ഈശോ ശിഷ്യന്മാരാലും, ജനങ്ങളാലും ആനയിക്കപ്പെട്ട് ജെറുസലേമിലേയ്ക്കു നീങ്ങിയെന്നാണ് വചനം പ്രതിപാദിക്കുന്നത്. തിരുവെഴുത്തുകളുടെ പൂര്‍ത്തീകരണമായിട്ടാണ് യേശു ജെറുസലേം നഗരത്തില്‍ ജനാവലിയോടു ചേര്‍ന്നു പ്രവേശിച്ചത്. അല്ലാതെ ഒരു അത്ഭുത പ്രവര്‍ത്തകനായോ, രാഷ്ട്രീയ നേതാവായോ, നവയുഗ പ്രവാചകനായോ, അല്ലെങ്കില്‍ ഒരു സാമൂഹ്യ വിപ്ലവകാരിയായോ അല്ല. അവിടുന്ന് യഥാര്‍ത്ഥത്തില്‍ ദാസന്‍റെ രൂപമെടുത്ത മനുഷ്യനായാണ് രാജകീയ പ്രവേശനം നടത്തിയത്.
രാജാവായ ക്രിസ്തുവിനെ നാം പ്രഘോഷിക്കുമ്പോള്‍ അവിടുന്നു ലോകത്തിന്‍റെ രക്ഷയ്ക്കായ് സഹിച്ച പീഡകളും കുരിശുമരണവും മറക്കാനാവില്ല.യേശു സഹിക്കേണ്ടി വന്ന നിന്ദനങ്ങളും അപമാനങ്ങളും, വഞ്ചനയും ചതിയും ഒറ്റുകൊടുക്കലും പരിത്യക്തതയും, അന്യായമായ വിധിയും വിചാരണയും നമുക്ക് ഊഹിക്കാവുന്നതാണ്. എളിമയുടെ സ്വഭാവമായ ക്രിസ്തുവിനെ നാം ഒരോരുത്തരുടെയും ജീവിതത്തിൽ സ്വീകരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.