24 വ്യക്തിസഭകളുടെ കൂട്ടായ്മയാണ് പരിശുദ്ധ കത്തോലിക്കാസഭ. ഇപ്രകാരം ഒരു കൂട്ടായ്മയുടെ സമൃദ്ധിയിൽനിന്നുകൊണ്ടാണ്,

“ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവ്വത്രികവുമായ സഭയിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്നു നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നത്.

സഭ ഒന്നാണെങ്കിൽ വിവിധ റീത്തുകൾ അഥവാ വ്യക്തിസഭകളുടെ പ്രസക്തിയെന്ത് എന്നു ചിലരെങ്കിലും ചിന്തിക്കാറുണ്ട്. മറ്റു ചിലർ അതിനെ ഒരു വാദമാക്കി ‘ഏകറീത്ത്’ എന്ന മുദ്രാവാക്യമുയർത്താറുമുണ്ട്. വേറെ ചിലർ ‘കത്തോലിക്കാസഭ’ യെന്നാൽ റോമാസഭ അഥവാ ലത്തീൻസഭയാണെന്നും ലത്തീൻ സഭയ്ക്ക് മറ്റുസഭകളുടെമേൽ അധീശത്വം കൽപിക്കുകയും ചെയ്യുന്നു. ലോകത്തിൽ 95 ശതമാനവും ലത്തീൻസഭയാണെന്നും അതിനാൽ ഇതരവ്യക്തിസഭകളുടെ ആരാധനാക്രമം തദനുസൃതം സജ്ജീകരിക്കപ്പെടണമെന്നു വിലയിരുത്തുന്നവരുമുണ്ട്. പശ്ചാത്തലത്തിലാണ് വ്യക്തിസഭകളുടെ അസ്തിത്വം സംബന്ധിച്ച് സഭയുടെ അടിസ്ഥാനപരമായ കാഴ്ച്ചപ്പാട് എന്താണെന്ന് നാം വിചിന്തനം ചെയ്യുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസ്സഭയെപ്പറ്റിയുള്ള കോൺസ്റ്റിറ്റ്യൂഷനിൽ (തിരുസ്സഭ: നമ്പർ 23) ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവപരിപാലനയുടെ ക്രമീകരണംവഴി ശ്ലീഹന്മാരും അനന്തരഗാമികളും വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധസഭകൾ കാലക്രമത്തിൽ സജീവമായ ഐക്യത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് പല പല സമൂഹങ്ങളായി അവ യോജിച്ചു. വിശ്വാസൈക്യവും സാർവത്രികസഭയുടെ ദൈവികമായ ഘടനാവിശേഷവും നിലനിർത്തിക്കൊണ്ടുപോകുന്ന പ്രസ്തുത സഭാസമൂഹങ്ങൾ സ്വന്തമായ ശിക്ഷണക്രമത്താലും ആരാധനാവിധികളാലും ദൈവശാസ്ത്രപരവും ആധ്യാത്മികവും ആയ പിതൃധനത്താലും അലംകൃതങ്ങളത്രേ. ഇതിൽ ചില സഭകൾ പുരാതന പാത്രിയർക്കൻ സഭകൾ പ്രത്യേകിച്ചും വിശ്വാസത്തിന്റെ തായ്ത്തടികളായി ഇതരസഭകൾക്ക് ജന്മംനൽകി അവയെ പുത്രീസഭകളാക്കിത്തീർത്തു. ഈ സഭകളോട് അവ ഇന്നോളം ഉറ്റബന്ധം പുലർത്തിപ്പോരുന്നു. കൗദാശികജീവിതം, ഇരുകൂട്ടരുടെയും അവകാശങ്ങളെയും കർത്തവ്യങ്ങളെയും സംബന്ധിച്ച പരസ്പരബഹുമാനം എന്നിവയിലുള്ള ഉപവിയുടെ ദൃഢബന്ധത്തിലൂടെ ഈ പ്രാദേശികസഭകളിൽ നിലവിലിരിക്കുന്ന ഏകോന്മുഖമായ വൈവിധ്യം അവിഭക്തയായ തിരുസഭയുടെ കാതോലികസ്വഭാവത്തിനു പ്രകടമായ തെളിവാണ്”.

പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിക്കുന്ന ഡിക്രിയിലൂടെ കൗൺസിൽ പിതാക്കന്മാർ മേൽപ്രസ്താവിച്ച കാര്യങ്ങൾക്ക് അടിവരയിടുകയും വ്യക്തിസഭകളിലൂടെയുള്ള പരിശുദ്ധ കത്തോലിക്കാസഭയുടെ നിലനില്പിനെ സവിസ്തരം വ്യക്തമാക്കുകയും ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള പ്രാദേശികസഭകൾ തമ്മിൽ റീത്തിന്റെ കാര്യത്തിൽ ആരാധനക്രമം, സഭാശിക്ഷണം, ആധ്യാത്മികപിതൃസമ്പത്ത് എന്നിവയിൽ കുറെയെല്ലാം വ്യത്യസ്തമെങ്കിലും മാർപാപ്പയുടെ അജപാലനത്തിന് ഇവ തുല്യമായരീതിയിൽ ഏൽപ്പിക്കപ്പെട്ടവയാണ്…. പരിശുദ്ധ കത്തോലിക്കാസഭ മിശിഹായുടെ മൗതികശരീരമാണ്. ഇതിൽ ഉൾപെടുന്നവർക്ക് വിശ്വാസം ഒന്ന്, കൂദാശകൾ ഒന്ന്, ഭരണരീതിയും ഒന്ന്. ഇവവഴി വിശ്വാസികൾ പരിശുദ്ധാത്മാവിൽ സജീവമായി സംയോജിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികൾ വിവിധസമൂഹങ്ങളായി, ഹയരാർക്കിയുടെ കീഴിൽ പ്രാദേശികസഭകൾ അഥവാ റീത്തുകളായി സമ്മേളിച്ചിരിക്കുന്നു. ഈ സഭകൾ തമ്മിൽ പ്രശംസനീയമായ ബന്ധം പുലർത്തുന്നുണ്ട്. അതിനാൽ വിവിതത്വം സഭയുടെ ഐക്യത്തെ തകർക്കുകയല്ല, പ്രത്യുത പ്രത്യക്ഷമാക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ സ്ഥലകാലമാർഗ്ഗങ്ങൾക്കനുസരണമായി ജീവിതത്തെ ക്രമവൽക്കരിച്ചുകൊണ്ട് ഓരോ പ്രാദേശികസഭയുടെ പാരമ്പര്യങ്ങളെ അഭംഗമായും പൂർണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം” (പൗരസ്ത്യസഭകൾ: നമ്പർ 2). “എല്ലാ സഭകൾക്കും തുല്യപദവിയാണുള്ളത്. റീത്തിന്റെ ന്യായത്താൽ ഒന്ന് മറ്റൊന്നിന്റെ മുൻപിലല്ല. എല്ലാ സഭകൾക്കും ഒരേ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണുള്ളത്” (പൗരസ്ത്യസഭകൾ: നമ്പർ 3)

മുകളിൽ പ്രസ്താവിച്ച രേഖകളിലൂടെയിലൂടെ സഭ സുവ്യക്തമാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്:

1. ഈശോമിശിഹായുടെ മൗതികശരീരമായ പരിശുദ്ധ കത്തോലിക്കാസഭയിൽ വിശ്വാസികൾ ഹയരാർക്കിയുടെ കീഴിൽ പ്രാദേശികസഭകൾ അഥവാ റീത്തുകളായി സമ്മേളിച്ചിരിക്കുന്നു. (രൂപതകളെയും പ്രാദേശികസഭകൾ എന്ന പേരുകൊണ്ടു വിവക്ഷിക്കുന്നതിനാൽ വ്യക്തിസഭകൾ എന്നാണ് റീത്തുകൾ അറിയപ്പെടുന്നത്)

2. വ്യക്തിസഭകൾ ദൈവപരിപാലനയിൽ ശ്ലൈഹികമായി സ്ഥാപിക്കപ്പെട്ട വിശ്വാസീസമൂഹമാണ്.

3. വ്യക്തിസഭകൾ തമ്മിലുള്ള കാതോലികമായ അഥവാ സാർവ്വത്രികമായ കൂട്ടായ്മയുടെ അടിസ്ഥാനം വിശ്വാസം, കൂദാശകൾ, ഭരണരീതി എന്നിവയിലുള്ള ഐക്യമാണ്. (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇത് വിശദമാക്കുന്നുണ്ട്: നമ്പർ 815)

4. ഒരു വ്യക്തിസഭയെ മറ്റൊന്നിൽനിന്നും വ്യത്യസ്തമാക്കുന്ന അഥവാ ഒരു വ്യക്തിസഭയുടെ അനന്യത പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നിവയാണ്. (ഉദാഹരണമായി റോമാസഭ അഥവാ ലത്തീൻസഭയിൽനിന്നും സീറോ മലബാർ സഭ വ്യത്യസ്തമായിരിക്കുന്നത് ഈ ഘടകങ്ങളിൽ അവ വ്യത്യസ്‌തരായിരിക്കുന്നതിനാലാണ്)

5. വിവിധ വ്യക്തിസഭകളുടെ അസ്തിത്വം തിരുസഭയുടെ കാതോലികസ്വഭാവത്തെ സാധൂകരിക്കുകയും ഐക്യത്തെ പ്രത്യക്ഷമാക്കുകയും ചെയ്യുന്നു. അതിനാൽ വ്യക്തിസഭകളുടെ പാരമ്പര്യങ്ങൾ അഭംഗമായും പൂർണ്ണമായും സംരക്ഷിക്കപ്പെടണം.

6. പരിശുദ്ധ കത്തോലിക്കാസഭയിൽ എല്ലാ വ്യക്തിസഭകൾക്കും തുല്യപദവിയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണുള്ളത്.

ഏക സുവിശേഷമായ ഈശോമിശിഹാ നാലു സുവിശേഷങ്ങളിലൂടെ നമുക്കു സ്വയം വെളിപ്പെടുത്തുന്നതുപോലെയാണ് മിശിഹായുടെ മൗതിക ശരീരമായ ഏക പരിശുദ്ധ കാത്തോലിക്കാസഭ വിവിധങ്ങളായ വ്യക്തിസഭകളിലൂടെ മിശിഹാരഹസ്യം ലോകത്തിൽ വെളിപ്പെടുത്തുന്നത്. തങ്ങൾ അനുഭവിച്ചറിഞ്ഞതും പരിശുദ്ധാത്മനിവേശനത്താൽ വെളിപ്പെട്ടതുമായ കാര്യങ്ങളെ ആധാരമാക്കി, നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ പ്രത്യേകതകളും തങ്ങളുടെ തനതായ മിശിഹാനുഭവവും പ്രതിഫലിക്കുന്ന അനന്യസവിശേഷതകളുള്ള നാലു സുവിശേഷങ്ങൾ സുവിശേഷകരിലൂടെ രൂപപ്പെട്ടു. ഇതുപോലെ തന്നെയാണ് ശ്ലീഹന്മാരുടെ മിശിഹാനുഭവത്തിലും പരിശുദ്ധാത്മപ്രേരണയിലും വിവിധസ്ഥലങ്ങളിൽ അടിസ്ഥാനമിടപ്പെട്ട വിശ്വാസീസമൂഹങ്ങൾ അഥവാ വ്യക്തിസഭകളും.

അതിനാൽ, വ്യക്തിസഭകളിൽ വിടർന്നു പരിലസിക്കുന്ന ഏക തിരുസ്സഭയുടെ കാതോലികതയെ പരിപോഷിപ്പിക്കാനുള്ള കടമയെക്കുറിച്ചു നമുക്കു ബോധ്യമുണ്ടാകണം. ഓരോ വിശ്വാസിയും താൻ അംഗമായിരിക്കുന്ന സഭയുടെ അനന്യമായ ആരാധനക്രമ-ആധ്യാത്മിക-ദൈവശാസ്ത്രഖനിയിൽനിന്നും ആവോളം ഉൾക്കൊണ്ടു വളരണം. ശ്ലീഹന്മാർ പങ്കുവച്ച മിശിഹാനുഭവം ഉൾക്കൊണ്ട് ലോകത്തിന്റെ വിവിധസ്ഥലങ്ങളിൽ വിശ്വാസസമൂഹം വളർന്ന അതേ ചൈതന്യത്തിൽ നാം ഓരോരുത്തരും വ്യക്തിസഭയെ സ്നേഹിച്ച് പരിശുദ്ധ കത്തോലിക്കാസഭയെ പടുത്തുയർത്തുന്ന ദൗത്യത്തിൽ പങ്കുകാരാകണം.

ഫാ. സെബാസ്ററ്യൻ ചാമക്കാല

നിങ്ങൾ വിട്ടുപോയത്