മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി.
അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട് ആരാലും അറിയപ്പെടാതെ ജീവിച്ച അന്നക്കുട്ടി എന്നും ഒരു പ്രഹേളികയാണ്. ഇങ്ങനെയും ജീവിതവും ജീവിതവിജയവും സാധ്യമാണെന്നു തെളിയിച്ചവൾ ഒരു വെല്ലുവിളിയും അത്ഭുതവുമായി മാറുന്നു : അന്നും ഇന്നും എന്നും.
വേദനയും വിഷമവുമില്ലാത്ത ജീവിതം സ്വപ്നം കണ്ട് ഇത്തിരി സങ്കടങ്ങളിൽ പോലും ഒത്തിരി വിലാപങ്ങളുയർത്തി അവ മാറ്റിക്കിട്ടുവാനുള്ള ആവശ്യത്തെ പ്രാർത്ഥന എന്ന് പേരിട്ടു കർത്താവിങ്കല് മുട്ടുകുത്തുന്ന നമ്മോട് അൽഫോൻസാമ്മ പറയുന്ന സത്യമാണ് ഇത്തിരി നോവിന് പിന്നിൽ ഒത്തിരി അനുഗ്രഹം ഒളിപ്പിച്ചുവയ്ക്കുന്ന വലിയ തമ്പുരാന്റെ സ്നേഹഗാഥ.
അല്പം അവഹേളനമോ ഇത്തിരി പരിഹാസമോ പോലും ഉൾക്കൊള്ളാൻ സാധിക്കാതെ പ്രതികരണങ്ങളുമായി പടയ്ക്കൊരുങ്ങുന്നവന്റെ മുമ്പിൽ സഹനത്തിന്റെ ഹണ്ഡകാവ്യമെഴുതിയവൾ പുഞ്ചിരിയോടെ നിൽക്കുന്നു.അതുകൊണ്ടാണല്ലോ പറയപ്പെടുന്നത് അൽഫോൻസാമ്മയോട് പ്രാർത്ഥിച്ചാൽ വേദനയേ ലഭിക്കൂ എന്ന്. ഗത്സമെനിൽ നടത്തിയ പുത്രന്റെ – “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ ” -എന്ന പ്രാർത്ഥനകൂടി അന്നക്കുട്ടിയുടെ ജീവിതത്തോട് ചേർത്തുവച്ചാൽ കഥ പൂർത്തിയാകും.അൽഫോൻസാമ്മ നമ്മെ ഓർമിപ്പിക്കുന്നു ക്രിസ്തുവിനെ കൂടുതലായി സ്നേഹിക്കാൻ; അതുപോലെ തന്നെ സഹനത്തെയും.കിട്ടുന്ന വേദനകൾ സ്വന്തം ശുദ്ധീകരണത്തിനായി കാഴ്ചവയ്ക്കാൻ. പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്തം.
വി. അൽഫോൻസാമ്മയുടെ മാധ്യസ്ഥവും മാതൃകയും എന്നും നമുക്ക് പ്രചോദനവും പാതയോരത്തെ മിന്നാമിന്നിയുമായി മാറട്ടെ.തിരുനാളിന്റെമംഗളങ്ങൾ
വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന
“ഓ ഈശോനാഥാ ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ .സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ .കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ .ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ .
സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ .പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ
,ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ . നീതിസൂര്യനായ എന്റെ ഈശോയെ ,നിന്റെ ദിവ്യകതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേർ ക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ “.
ആമ്മേൻ .