“His divine power has granted to us all things that pertain to life and godliness
(2 Peter 1:3) ✝️

തിരക്കുകളുള്ള ഈ ജീവിതത്തിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്. എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ചിലപ്പോൾ വലിയ ശ്രമം തന്നെ വേണ്ടി വന്നേക്കാം. എന്നാൽ, മറന്നു കളയരുതാത്ത ഒന്നുണ്ട്, ദൈവത്തിൽ നിന്നുള്ള ഒരതുല്യ സമ്മാനമാണ് നാം ആസ്വദിക്കുന്ന ഈ ജീവിതം. ദൈവം നമുക്കു ചെയ്യുന്ന അളവറ്റ നന്മകളെക്കുറിച്ചു ചിന്തിക്കുമ്പോൾ അവനോടുള്ള നമ്മുടെ സ്‌നേഹം ആഴമുള്ളതായിത്തീരും. പൂർണാത്മാവോടെ ദൈവത്തെ സ്‌നേഹിക്കുന്ന
പക്ഷം, നമുക്കുള്ളതിൽ ‘ഏറ്റവും നല്ലത്’ അവനു കൊടുക്കാൻ നാം പ്രേരിതരാകും. ജീവിതം ആസ്വദിക്കാനുള്ള പ്രാപ്‌തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

ജീവിതത്തിനും, ഭക്തിക്കും എന്ന് വി പത്രോസ് പ്രസ്തുത വചന ഭാഗത്ത് രണ്ടായി സംബോധന ചെയ്യുന്നുണ്ട്. ജീവിതവും, ഭക്തിയും രണ്ടായിട്ടല്ല കാണേണ്ടത്. ഭക്തിയുള്ള ജീവിതത്തിനു വേണ്ടി, ദൈവം എല്ലാം ക്രമപ്പെടുത്തും എന്ന് നാം തിരിച്ചറിയണം. ദൈവത്തിന്റെ രാജ്യവും നീതിയും അനേഷിക്കുക അതോടൊപ്പം ദൈവം നമ്മുടെ ഭൗതിക ജീവിതത്തിനു വേണ്ടിയുള്ള എല്ലാ ആവശ്യങ്ങളും നിവർത്തിക്കും. ഭൂമിയിൽ എങ്ങനെ ജീവിക്കും എന്നല്ല നാം ലക്ഷ്യം വെയ്ക്കേണ്ടത് മറിച്ച് സ്വർഗ്ഗീയ നിത്യജീവൻ പ്രാപിക്കാൻ എങ്ങനെ ദൈവഹിതത്തിന് അനുസൃതമായി ഭൂമിയിൽ ജീവിക്കാം എന്നാണ് നാം ലക്ഷ്യം വെയ്ക്കേണ്ടത്

ജീവിതത്തിൽ ഭൗതിക കാര്യങ്ങൾ നേടുന്നതിനു ഉപരിയായി ആൽമിയ കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുക. ആത്മീയ കാര്യങ്ങളിൽ ഏർപ്പെടാനായി നിങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമ്പോൾ, ദൈനം ദിനജീവിതത്തിലും, കുടുംബത്തിലും, ജോലി സ്ഥലത്തും സമൂഹത്തിലും, കുറച്ചൊക്കെ പിരിമുറുക്കം അനുഭവപ്പെട്ടെന്നിരിക്കും, എന്നാൽ കർത്താവിന്റെ കരം നമ്മുടെ കൂടെ ഉണ്ട്. ആധുനിക ജീവിതത്തിന്റെ സമ്മർദങ്ങൾക്കു മധ്യേയും ദൈവിക പ്രവർത്തിയ്ക്കായി ജീവിതം ക്രമപ്പെടുത്തുന്നതിനായി നമ്മളെ പ്രചോദിപ്പിക്കാനും ശക്തിപ്പെടുത്താനും ദൈവത്തിന്റെ പരിശുദ്ധാത്മാവിനു സാധിക്കും. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








