(1997 ഓഗസ്റ്റ് 9 ന് “പ്ലാസിഡ് സിമ്പോസിയം” ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്താ നടത്തിയ പ്രസംഗത്തന്‍റെ പൂര്‍ണ്ണരൂപം)
പ്ലാസിഡച്ചന്‍റെ ഉള്‍ക്കാഴ്ച
ഒരു കാലഘട്ടത്തില്‍ അതായത് വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് നമ്മുടെ സഭയെക്കുറിച്ചുള്ള അവബോധം മുഴുവന്‍ തങ്ങിനിന്നത് ബഹുമാനപ്പെട്ട പ്ലാസിഡച്ചനില്‍ ആയിരുന്നു എന്നു പറയാം. എന്താണ് ഈ സഭയുടെ ചരിത്രം, ഇതിന്‍റെ സ്വഭാവം, എന്തായിരിക്കും ഇതിന്‍റെ ഭാവി എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. വത്തിക്കാന്‍ കൗണ്‍സിലില്‍ നമ്മുടേതുപോലുള്ള സഭകള്‍ക്ക് എല്ലായിടത്തും സുവിശേഷവേല ചെയ്യുവാന്‍ അവകാശവും ചുമതലയും ഉണ്ട് എന്ന് എഴുതിച്ചേര്‍ക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക പങ്കുണ്ടായിരുന്നു. ബഹുമാനപ്പെട്ട പ്ലാസിഡച്ചന് ഇതിന്‍റെ പ്രാധാന്യം നന്നായി അറിയാമായിരുന്നു. പമ്പാനദിക്കും ഭാരതപ്പുഴയ്ക്കും ഇടയില്‍ ഒതുക്കപ്പെട്ടിരുന്ന ഈ സഭ അങ്ങനെയായാല്‍ പോര, ലോകമെമ്പാടും വ്യാപിക്കണം എന്നു പറഞ്ഞിരുന്നതിന്‍റെ പിന്നില്‍ ഗൗരവമായ കാരണങ്ങളുണ്ടായിരുന്നു. അദ്ദേഹം അത് മനസ്സിലാക്കിയിരുന്നു. എന്നു മാത്രമല്ല, മറ്റ് സഭകളുമായി ബന്ധപ്പെട്ട് സഭയുടെ വ്യക്തിത്വം സ്ഥാപിക്കുകയും അങ്ങനെ സഭകളുടെ ഐക്യം സാധിക്കുകയും ചെയ്യണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവുമുണ്ടായിരുന്നു. അങ്ങനെയുളള ഒരു മഹാവ്യക്തിയുടെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുക.
വത്തിക്കാന്‍ കൗണ്‍സിലും എക്യൂമെനിസവും
വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളൊക്കെ ചെറുപ്പമായിരുന്നപ്പോള്‍ സഭകള്‍ തമ്മില്‍ കലഹിക്കുന്ന കാലമായിരുന്നു. ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ബഹുമാനപ്പെട്ട വള്ളവശ്ശേരി അച്ചന്‍റെ വലിയ പുസ്തകങ്ങള്‍, ഐ.സി. ചാക്കോയും കെ.എം. ദാനിയേലുമായിട്ടുള്ള വലിയ തര്‍ക്കങ്ങള്‍ തുടങ്ങിയവ. ഇവയൊക്കെ സഭകള്‍ തമ്മില്‍ വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. പരസ്പരം ചെളിവാരിയെറിയുകയും ഭത്സിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതില്‍നിന്നെല്ലാം നാം ഇന്നു വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. ഈ കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരുപക്ഷേ ഈ രംഗത്തു നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ചതു വത്തിക്കാന്‍ കൗണ്‍സിലാണ്. അല്ലെങ്കില്‍ കത്തോലിക്കാ സഭയില്‍ സഭകളുടെ ഐക്യത്തെപ്പറ്റി ഇന്നുള്ള ചിന്തകള്‍ വേരോടുകയില്ലായിരുന്നു. സഭകളുടെ ഐക്യത്തെപ്പറ്റിയുള്ള ചിന്തകള്‍ ആധികാരികമായി പഠിപ്പിക്കുകയും ആ രംഗത്തേക്ക് സഭാമക്കളെ സ്വാഗതം ചെയ്യുകയും ചെയ്തതു വത്തിക്കാന്‍ കൗണ്‍സിലാണ്. കൗണ്‍സില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ചു, സഭകളുടെ ഐക്യത്തിനുവേണ്ടി എല്ലാ ക്രൈസ്തവരും പ്രവര്‍ത്തിക്കേണ്ടതാണെന്ന്. അത് സഭയുടെ ചുമതലയാണെന്ന്, സഭാമക്കള്‍ എല്ലാവരുടെയും ചുതലയാണെന്ന്.
പൗരസ്ത്യ കത്തോലിക്കാ
സഭകളുടെ പ്രത്യേക പങ്ക്
വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് സഭകള്‍ തമ്മില്‍ ഭിന്നിച്ചിരുന്നെങ്കില്‍ ഇന്ന് സഭകള്‍ തമ്മില്‍ വളരെയധികം യോജിപ്പില്‍ എത്തിയിട്ടുണ്ട്. എഫേസൂസ് സൂന്നഹദോസിനെ തുടര്‍ന്നു പുറംതള്ളപ്പെട്ട അസ്സീറിയന്‍ സഭയുമായി ഒന്നുചേര്‍ന്ന് പരിശുദ്ധ പിതാവ് മശിഹാവിജ്ഞാനീയത്തെപ്പറ്റി ഒരു പ്രഖ്യാപനം കുറെ നാളുകള്‍ക്കു മുമ്പ് നടത്തുകയുണ്ടായി. ഈ കഴിഞ്ഞ മാസത്തിലും ഈ വരുന്ന ആഗസ്റ്റ് 15നും കല്‍ദായസഭയിലെ പാത്രിയാര്‍ക്കീസും അസ്സീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും ചേര്‍ന്ന് ആ സഭകളുടെ ഐക്യശ്രമങ്ങള്‍ക്കു വേണ്ടിയുള്ള കമ്മിറ്റി ഏര്‍പ്പെടുത്തുകയാണ്. അത്രത്തോളം ദൂരം സഭകളുടെ യോജിപ്പിന്‍റെ പാതയില്‍ നാം നീങ്ങിയിട്ടുണ്ട്. ഇതിനെല്ലാം വഴിതെളിച്ച വത്തിക്കാന്‍ കൗണ്‍സില്‍ എടുത്തുപറഞ്ഞിട്ടുള്ള ഒരു വസ്തുതയുണ്ട്; അതായത് സഭകളുടെ ഐക്യത്തിനായുള്ള പരിശ്രമങ്ങളില്‍ പൗരസ്ത്യ സഭകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാനുണ്ട് എന്ന്. സഭകളുടെ ഐക്യത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖയില്‍ പൗരസ്ത്യസഭകളുടെ ആരാധനയുടെയും ആദ്ധ്യാത്മികതയുടെയും ദൈവശാസ്ത്രത്തിന്‍റെയും എല്ലാം സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് അതിന്‍റെ വൈശിഷ്ഠ്യത്തെക്കുറിച്ചു പറയുന്നുണ്ട് (UR 14, 15, 16)
ഈ ആദ്ധ്യാത്മികതയുടെയും ആരാധനാക്രമത്തിന്‍റെയും നിയമത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും പിതൃസ്വത്ത് അവയുടെ വിവിധ പാരമ്പര്യങ്ങളില്‍ പൂര്‍ണ്ണവും കാതോലികവും ശ്ലൈഹികവുമായ സഭയുടെ സ്വഭാവത്തില്‍ ഉള്‍പ്പെടുന്നു എന്നു വത്തിക്കാന്‍ കൗണ്‍സില്‍ ഉറപ്പിച്ചു പറയുന്നു (UR 17). അകത്തോലിക്കാ സഭകളെ മനസ്സില്‍ വച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. അതെല്ലാം സഭയുടെ ശ്ലൈഹിക സമ്പത്തിന്‍റെ ഭാഗമാണ് എന്നു പറഞ്ഞിട്ട് കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകള്‍ക്ക് ഒരു ഉപദേശം കൊടുക്കുകയാണ്; കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകള്‍ ഈ പിതൃസ്വത്ത് കാത്തുസൂക്ഷിക്കുകയും അതിനെ കൂടുതല്‍ വിശ്വസ്തതാപൂര്‍വ്വം തങ്ങളുടെ ജീവിതത്തിലേക്കു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന്. തീര്‍ച്ചയായും അവര്‍ പാശ്ചാത്യപാരമ്പര്യം പിന്തുടര്‍ന്ന തങ്ങളുടെ സഹോദരങ്ങളുമായി ഐക്യത്തിലാണ് വര്‍ത്തിക്കുന്നത്. ഈ ഐക്യത്തില്‍ വര്‍ത്തിക്കുന്നതുകൊണ്ടുതന്നെ ഈ പാരമ്പര്യത്തോട്, ആരാധനയുടെയും ആദ്ധ്യാത്മികതയുടെയും ദൈവശാസ്ത്രത്തിന്‍റെയും എല്ലാം പാരമ്പര്യത്തോട്, കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുകയാണ്.
പൗരസ്ത്യസഭകളെപ്പറ്റിയുള്ള രേഖയില്‍ പ്രത്യേകിച്ചും പൗരസ്ത്യ കത്തോലിക്കാ സഹോദരങ്ങള്‍ക്കുള്ള പ്രത്യേകമായ കടമ എടുത്തു പറയുന്നുണ്ട്. റോമാ സഭയുമായി ഐക്യത്തില്‍ വര്‍ത്തിക്കുന്ന പൗരസ്ത്യ സഭകള്‍ക്ക് എല്ലാ ക്രൈസ്തവരുടെയും ഐക്യം ത്വരിതപ്പെടുത്തുവാന്‍ കടമയുണ്ട്. ഇത് എക്യൂമെനിസത്തെ സംബന്ധിച്ച് ഈ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം. എല്ലാറ്റിലും ഉപരിയായി എക്യൂമെനിസത്തിന്‍റെ കാര്യത്തില്‍ പലതും ചെയ്യാനുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രാര്‍ത്ഥന, ജീവിതമാതൃക, പുരാതനമായ പൗരസ്ത്യ പാരമ്പര്യങ്ങളോടുള്ള ശ്രദ്ധാപൂര്‍വ്വമായ വിശ്വസ്തത, പരസ്പര ധാരണയ്ക്കായിട്ടുള്ള പരിശ്രമം, പരസ്പരസഹകരണം, വസ്തുതകളോടും ആളുകളോടുമുള്ള ആദരപൂര്‍വ്വമായ മതിപ്പ് എന്നിവ വഴിയാണ് ഇതു സാധിക്കേണ്ടത്. എന്നുവച്ചാല്‍ പൗരസ്ത്യ കത്തോലിക്കാ സഭയില്‍പ്പെട്ടവര്‍ തങ്ങളുടെ പൈതൃകത്തോടു പരിപൂര്‍ണ്ണ വിശ്വസ്തത പാലിച്ചുകൊണ്ട് സഭകളുടെ ഐക്യത്തിനായി പരിശ്രമിക്കണം എന്നാണ് കൗണ്‍സില്‍ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് സഭകളുമായി ബന്ധം പുലര്‍ത്തുകയും സാഹോദര്യം സ്ഥാപിക്കുകയും മറ്റും ചെയ്യണമെന്നാണ് സഭ നമ്മെ ആഹ്വാനം ചെയ്യുന്നത്. പക്ഷേ അതു മനസ്സിലാക്കുവാന്‍ സാധിക്കാത്ത ആളുകളാണ്, അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ മറ്റ് സഭകളില്‍ ചേരാന്‍ പോവുകയാണെന്ന് ആരോപിക്കുന്നത്.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെയൊരു ആരോപണം ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍മ്മിക്കുന്നു. ഞാന്‍ യാക്കോബായ സഭയില്‍ ചേരാന്‍ പോവുകയാണെന്ന് ഇവിടെ നോട്ടീസ് അടിച്ച് പ്രചരിപ്പിക്കുകവരെ ചെയ്തു. എന്നാല്‍ അങ്ങനെ ചിന്തിക്കുന്നത് വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഈ ആഹ്വാനം എന്താണെന്നു മനസ്സിലാക്കാത്ത ആളുകളാണ്. പൗരസ്ത്യ കത്തോലിക്കാ സഭകളില്‍പ്പെട്ട എല്ലാവര്‍ക്കുമുള്ള ചുമതല എക്യൂമെനിക്കല്‍ രംഗത്ത് ഒരുപക്ഷേ പാശ്ചാത്യര്‍ക്കു ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ ജാഗ്രതയോടു പ്രവര്‍ത്തിക്കണം എന്നതാണ്. അവരിത് പ്രധാമായും ചെയ്യേണ്ടത്, പൗരസ്ത്യ പാരമ്പര്യങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടായിരിക്കണം. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ സംഹിതയിലിത് എടുത്തു പറഞ്ഞിട്ടുണ്ട്. (Conn 1902, 1903, 1904).
ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള കാര്യാലയത്തില്‍നിന്ന് പ്രസിദ്ധീകരിച്ച ഡയറക്ടറിയില്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് പൗരസ്ത്യ സഭാകാര്യാലായം പ്രസിദ്ധീകരിച്ച Directory for the Application of the Principales and Norms of Ecumenism എന്ന രേഖയില്‍ (ഇതു പ്രധാനമായും ആരാധനക്രമത്തേക്കുറിച്ചുള്ള രേഖയാണ്) ആരാധനക്രമത്തിന്‍റെ എക്യൂമെനിക്കല്‍ പ്രസക്തിയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.
രേഖയില്‍ തുടര്‍ന്നു പറയുന്നു: ലിറ്റര്‍ജി നവീകരണത്തിനു വേണ്ടിയുള്ള ഓരോ ശ്രമത്തിലും ഓര്‍ത്തഡോക്സ് സഹോദരങ്ങളുടെ നടപടിക്രമം കണക്കിലെടുക്കണം. അതിനെ അറിയുകയും ആദരിക്കുകയും അതില്‍നിന്ന് കഴിയുന്നത്ര കുറച്ച് അകന്നിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. അതായത് ഓര്‍ത്തഡോക്സ് സഭയില്‍ എന്തൊക്കെയാണ് ആരാധനയുടെ രംഗത്ത് നിലവിലിരിക്കുന്ന പതിവുകള്‍ എന്നത് കണക്കിലെടുത്തുകൊണ്ടാവണം മാറ്റങ്ങള്‍ വരുത്തുവാന്‍. ഇപ്പോള്‍ നിലവിലിരിക്കുന്ന അകല്‍ച്ച വര്‍ദ്ധിക്കുവാന്‍ ഇടയാകാത്ത രീതിയിലായിരിക്കണം മാറ്റങ്ങള്‍ വരുത്തേണ്ടത്. മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അവരോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുകയാണ് നല്ലതെന്ന് കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നു.
പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള
പരാതിയില്‍ കാര്യമുണ്ടോ?
സഭകള്‍ ഒരുമിച്ചുകൂടുന്ന അവസരത്തില്‍ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചു പരാതിയുണ്ട്. അടുത്തകാലത്തു പൗരസ്ത്യസുറിയാനി പാരമ്പര്യമുള്ള സഭകള്‍ ചിക്കാഗോയില്‍ ഒരുമിച്ചു കൂടുകയുണ്ടായി. അതിനുമുമ്പ് കോപ്റ്റിക് സഭകളും മറ്റുമായിട്ടുള്ള ചര്‍ച്ചകളിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒരവസരത്തില്‍ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച വരുകയുണ്ടായി. പൗരസ്ത്യ കത്തോലിക്കാ സഭകള്‍ സഭകളെ തമ്മില്‍ ഇണക്കുന്ന കണ്ണിയാണോ, പാലമാണോ, അതോ അവ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണോ ചെയ്യുന്നത് എന്നതായിരുന്നു ചര്‍ച്ചാവിഷയം. പലരേയും സംബന്ധിച്ചിടത്തോളം പൗരസ്ത്യ കത്തോലിക്കാ സഭകള്‍ സഭൈക്യത്തിന് വിഘാതമാണെന്നാണ് പറഞ്ഞുവച്ചത്. എങ്ങിനെയാണ് വിഘാതമാകുന്നത്? ഈ സഭകള്‍ ചിലപ്പോഴൊക്കെ പൊതുവായിട്ടുള്ള പാരമ്പര്യങ്ങളെ തച്ചുടയ്ക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതിനു വിരുദ്ധമായിട്ടുള്ള പതിവുകള്‍ സ്വീകരിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്.
തീര്‍ച്ചയായും സഭകള്‍ അവയുടെ പൈതൃകം സൂക്ഷിക്കുക എന്നുള്ളത് ഒരു കാര്യം. സഭകളുടെ ഐക്യത്തിനുവേണ്ടി നിലനില്‍ക്കുക, റോമന്‍ സഭയുമായി ബന്ധം പുലര്‍ത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഈ ബന്ധം നമ്മുടെ പൈതൃകം വിഛേദിക്കാന്‍ ഇടയാകരുതെന്നാണ് സഭയുടെ നിലപാട്. അതുകൊണ്ടുതന്നെയാണ് 1934-ല്‍ നമ്മുടെ പിതാക്കന്മാര്‍ ഒന്നുചേര്‍ന്ന് നമ്മുടെ പാരമ്പര്യം മാറ്റിവച്ചിട്ട് മറ്റൊരു ക്രമം ഈ ഭാഷയില്‍ അവതരിപ്പിച്ചാല്‍ മതി എന്നു പറഞ്ഞപ്പോള്‍ അത് സഭയിലെ പതിവിനു നിരക്കുന്നതല്ല എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധ സിംഹാസനം ഇടപെട്ടത്. പക്ഷേ മറ്റു ചില സന്ദര്‍ഭങ്ങളില്‍ പൗരസ്ത്യസഭാ പൈതൃകത്തിന് ഹാനിവരുത്തിയിട്ടുണ്ട്, മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അതിനോടു ചേരാത്ത ഭക്താനുഷ്ഠാനങ്ങളും മറ്റും അതില്‍ വേരുപിടിക്കാന്‍ ഇടയായത്. ഇതേക്കുറിച്ചെല്ലാം മറ്റ് ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകള്‍ക്ക് ഇങ്ങിനെയുള്ള കെടുതികള്‍ സംഭവിക്കുകയാണെങ്കില്‍ ഐക്യത്തിലേക്ക് വരുവാനുള്ള പ്രേരണ മറ്റ് അകത്തോലിക്കാ സഭകള്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കത്തോലിക്കര്‍പോലും പറഞ്ഞുവയ്ക്കാറുണ്ട് ഇങ്ങുനെയുള്ള പൗരസ്ത്യ കത്തോലിക്കാ സഭകള്‍ സഭകളുടെ ഐക്യത്തിനുപോലും വിഘാതമാണെന്ന്.
സഭയുടെ പാരമ്പര്യം നഷ്ടപ്പെടുത്തുന്നത് സാര്‍വ്വത്രികതയോടു തന്നെ ചെയ്യുന്ന ദ്രോഹമാണ്. കാരണം വിവിധങ്ങളായ ഈ പാരമ്പര്യങ്ങളിലൂടെയാണ് മശിഹാരഹസ്യത്തിന്‍റെ, സഭയാകുന്ന രഹസ്യത്തിന്‍റെ സമ്പന്നത ലോകത്തില്‍ അറിയപ്പെടുകയും വിവിധ തരക്കാരായ ആളുകള്‍ക്ക് സഭയെ സമീപിക്കാന്‍ ഒരു സാധ്യത ഉണ്ടാവുകയും ചെയ്യുന്നത്. ഓരോ സഭയും ക്രിസ്തീയതയുടെ ഭാവമാണെങ്കില്‍ പരസ്പരം സ്വീകരിക്കപ്പെടുന്ന വ്യത്യസ്തത, പരസ്പരം പൊരുത്തപ്പെടാവുന്ന വ്യത്യസ്തത ഇങ്ങനെയുള്ള പാരമ്പര്യങ്ങളിലായി നില്‍ക്കുമ്പുഴാണ് ഭിന്നപ്രകൃതിക്കാരായ ആളുകള്‍ക്ക് ഈ സഭയിലേക്ക് കടന്നുവരുവാന്‍ ആകര്‍ഷണം ഉണ്ടാകുന്നത്.
അങ്ങനെയുള്ള ആകര്‍ഷകത്വം നഷ്ടപ്പെടുത്തുന്നത് സഭയുടെ പ്രേഷിതപ്രവര്‍ത്തനുതന്നെ കെടുതി വരുത്തിവയ്ക്കുകയാണ്. സഭ അനാകര്‍ഷകമായി തീരുകയാണ്. അതുകൊണ്ട് കത്തോലിക്കാ കൂട്ടായ്മയില്‍ ചേര്‍ന്നിട്ടുള്ള പൗരസ്ത്യസഭകള്‍ അവയുടെ പൈതൃകം നഷ്ടപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും സഭയുടെ ഐക്യത്തിന് തടസ്സം സൃഷ്ടിക്കുക മാത്രമല്ല സഭയുടെ മുഖഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു. ഈ കാര്യമാണ് ചിലപ്പോള്‍ കത്തോലിക്കാ സഭകളുടെ മക്കള്‍ തന്നെ, അല്ലെങ്കില്‍ നമ്മുടെ സഭയെ നിരീക്ഷിച്ചിട്ടുള്ളവര്‍ എടുത്തു പറയാന്‍ ഇടയായിട്ടുള്ളത്.
വിശ്വാസപ്രമാണവും ദൈവമാതാവും:
ചില വിവാദ സംഭവങ്ങള്‍
ഒന്നു രണ്ട് സംഭവങ്ങള്‍ പറയട്ടെ. പാശ്ചാത്യസഭയും ബൈസന്‍റയിന്‍ സഭയും തമ്മില്‍ ഭിന്നിപ്പുണ്ടായ കാലത്ത് വിശ്വാസപ്രമാണത്തിലെ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന” പ്രയോഗത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടായി. അടുത്തകാലത്ത് പരിശുദ്ധ പിതാവും കിഴക്കന്‍ സഭയുടെ അധ്യക്ഷനും ചേര്‍ന്ന് നടത്തിയ പ്രഖ്യാപനത്തില്‍ ഇതേക്കുറിച്ച് നല്‍കിയ വിശദീകരണത്തില്‍ ഇത് ഒരേ കാര്യം രണ്ടുവിധത്തില്‍ മനസ്സിലാക്കിയതുകൊണ്ടുള്ള പ്രശ്നമാണെന്നും രണ്ടും ഒന്നുതന്നെയാണ് അര്‍ത്ഥമാക്കുകയെന്നും പഠിപ്പിക്കുകയുണ്ടായി. ചില ക്രൈസ്തവ സഭകള്‍ ഈ പ്രയോഗം ഉപയോഗിക്കുന്നതുകൊണ്ടോ മറ്റ് ചിലവ പിതാവില്‍നിന്ന് പുറപ്പെടുന്ന എന്ന് ഉപയോഗിക്കുന്നതുകൊണ്ടോ തെറ്റില്ല. കാരണം അവര്‍ അര്‍ത്ഥമാക്കുന്നത് ഏതാണ്ട് ഒന്നുതന്നെയാണ് എന്ന നിലപാടാണ് റോമന്‍സഭ എടുത്തിട്ടുള്ളത്.
അടുത്തകാലത്ത് മറ്റൊരൂ സംഭവം അസീറിയന്‍ സഭയുമായി നടന്ന ചര്‍ച്ചയാണ്. ചര്‍ച്ചയില്‍ “ദൈവമാതാവ്” എന്ന പദപ്രയോഗം ചിന്താവിഷയമായി. പരിശുദ്ധ പിതാവും അസീറിയന്‍ പാത്രിയാര്‍ക്കീസും ഒന്നുചേര്‍ന്നു പ്രഖ്യാപിച്ചത് ഒരു സഭ മറിയത്തെ “മിശിഹായുടെ മാതാവ്” എന്നു വിളിക്കുമ്പോള്‍ മറ്റേ സഭ അവളെ “ദൈവമാതാവ്” എന്നു വിളിക്കുന്നു. രണ്ടും ഒന്നുതന്നെയാണ് എന്നാണ്. ഒരുകാലത്ത് നെസ്തോറിയന്‍ എന്നു വിളിച്ചിരുന്ന അസ്സീറിയന്‍ സഭ ഒരിക്കലും മശിഹായുടെ ദൈവത്വം നിഷേധിച്ചിരുന്നില്ല. ദൈവം, ദൈവപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങളാണ് ആ സഭ സ്വീകരിച്ചിരുന്നത്. അവര്‍ക്കും റോമന്‍ സഭയ്ക്കും ഒരേ വിശ്വാസമാണുള്ളത്. ഒരുകൂട്ടര്‍ “മിശിഹായുടെ മാതാവ്” എന്നു മറിയത്തെ സംബോധന ചെയ്യുമ്പോള്‍ മറ്റേ കൂട്ടര്‍ “ദൈവമാതാവ്” എന്നു വിളിക്കുന്നു. രണ്ടും അര്‍ത്ഥമാക്കുന്നത് ഒന്നുതന്നെയാണ്. ഈ നിലപാടാണ് ഇപ്പോള്‍ സഭ സ്വീകരിച്ചിരിക്കുന്നത്. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചിലപ്പോള്‍ സഭകള്‍ തമ്മില്‍ അകലാന്‍ അടയാക്കിയിട്ടുണ്ട്.
പൗരസ്ത്യകത്തോലിക്കാ സഭകള്‍ തങ്ങളുടെ പതിവുകള്‍ ഉപേക്ഷിക്കുമ്പോള്‍ ഈ അകല്‍ച്ചകൂടുകയും അങ്ങനെ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ അടുത്തകാലത്ത് പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയം പുറപ്പെടുവിച്ച “ലിറ്റര്‍ജിയും കാനന്‍ സംഹിതയും” എന്ന ഉദ്ബോധനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ലിറ്റര്‍ജി നവീകരണത്തിനുവേണ്ടിയുള്ള ഓരോ ശ്രമത്തിലും ഓര്‍ത്തഡോക്സ് സഹോദരങ്ങളുടെ നടപടിക്രമം കണക്കിലെടുക്കണം. അതിനെ അറിയുകയും വേണം. അങ്ങനെ നിലവിലുള്ള അകല്‍ച്ച വര്‍ദ്ധിക്കാതിരിക്കാനും അനുരൂപണവും പക്വതയാര്‍ജ്ജിക്കലും കൂട്ടായ പ്രവര്‍ത്തനവും ആത്യന്തികമായി ലക്ഷ്യംവച്ചുകൊണ്ട് തീവ്രമായി പ്രയത്നിക്കുവനും ഇടയാകണം. അങ്ങനെ പൗരസ്ത്യസഭകള്‍ തങ്ങള്‍ക്കു പൊതുവായ ആരാധനാ പൈതൃകത്തിന്‍റെ എക്യൂമെനിക്കല്‍ മൂല്യം കാത്തുസൂക്ഷിക്കണമെന്നും ഈ ഉദ്ബോധനം പഠിപ്പിക്കുന്നു.
മുമ്പു സൂചിപ്പിച്ച വിശ്വാസപ്രമാണത്തിലെ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന” എന്ന പ്രയോഗത്തെ സംബന്ധിച്ചിടത്തോളം പൗരസ്ത്യ സഭകള്‍ “പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്” എന്നു പറയുമ്പോള്‍ റോമന്‍ സഭ “പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്” എന്നു പറയുന്നു. രണ്ടും ശരിയാണ്. നമ്മുടെ ആരാധനക്രമത്തില്‍ നാം ഉപയോഗിക്കുന്ന വിശ്വാസപ്രമാണത്തില്‍ ആദ്യമൊക്കെ “പുത്രനില്‍നിന്ന്” എന്നുള്ളത് ബ്രായ്ക്കറ്റിലായിരുന്നു. അടുത്തകാലത്ത് അത് ഹൈഫനിലാക്കി. പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന എന്നു ചൊല്ലുന്നതുകൊണ്ട് തെറ്റില്ലെങ്കിലും നമ്മുടെ പാരമ്പര്യത്തിന് കൂടുതല്‍ ഉചിതമായിട്ടുള്ളത് ”പിതാവില്‍നിന്നു പുറപ്പെടുന്ന” എന്ന പ്രയോഗമാണ്.
സഭയുടെ പ്രബോധനം അറിയണം
ഇതൊന്നും അറിയാത്ത ആളുകള്‍ ഇതിന്‍റെ പേരില്‍ വിമര്‍ശനം അഴിച്ചുവിടാറുണ്ട്. കാരണം ഈ രേഖകളൊന്നും അവര്‍ പഠിക്കുന്നില്ല. സഭകളുടെ പാരമ്പര്യത്തെപ്പറ്റി സഭ എന്താണ് പഠിപ്പിക്കുന്നതെന്നതറിയാതെ ഇവിടെ വാദകോലാഹലങ്ങളാണ്. ഇതാണ് നമുക്കു സഭവിച്ചിരിക്കുന്ന ദുരവസ്ഥ. അതുകൊണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളും അതിനോടു ചേര്‍ന്നുള്ള മറ്റ് പ്രബോധനങ്ങളും മനസ്സിലാക്കാന്‍ നമുക്കു കടമയുണ്ട്. അതാണ് നമ്മുടേതുപോലുള്ള സഭയ്ക്കുവേണ്ടി നാം നിര്‍വ്വഹിക്കേണ്ട ചുമതല.
ഔദ്യോഗിക രേഖകള്‍ മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടത് എന്നു പറയുന്നതിന് കാരണം, ഓരോ സഭയും അതിന്‍റെ പ്രത്യേകതകള്‍, കത്തോലിക്കാ സഭയുടെ സമ്പന്നമായ വൈവിധ്യമാര്‍ന്ന പതിവുകള്‍, പാരമ്പര്യങ്ങള്‍ എന്നിവ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ്. ഇവ ശ്രദ്ധയോടും അവധാനപൂര്‍വ്വവും നാം സൂക്ഷിക്കണമെന്ന് ഈ പ്രബോധനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചും പൗരസ്ത്യസഭകള്‍ എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ അവയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് മറ്റ് അകത്തോലിക്കാ പൗരസ്ത്യസഭകളുമായി തങ്ങള്‍ക്കുളള പൊതുവായ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടും ശുഷ്കാന്തിയോടും സംരക്ഷിക്കേണ്ടതാണ്. അതിലൂടെയാണ് അവയെ നാം കത്തോലിക്കാ സഭയിലേക്ക് ആകര്‍ഷിക്കേണ്ടത്.
എല്ലാ സഭകള്‍ക്കും തുല്യപദവി
അതുപോലെ തന്നെ സാര്‍വ്വത്രിക സഭയിലെ വ്യക്തിസഭകള്‍ക്കെല്ലാം സ്വന്തമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്ക് തുല്യതയാണുള്ളത്. വത്തിക്കാന്‍ കൗണ്‍സില്‍ “റീത്തുകള്‍” എന്നു വിളിച്ച പാരമ്പര്യങ്ങള്‍ക്കെല്ലാം കത്തോലിക്കാ സഭയില്‍ തുല്യ സ്ഥാനമാണുള്ളത് എന്ന സത്യം മനസ്സിലാക്കാത്ത അനേകര്‍ ഉണ്ട്. ബഹുമാനപ്പെട്ട വെള്ളാനിക്കലച്ചനോട് ഒരിക്കല്‍ ഒരു പ്രമുഖ വ്യക്തി പറഞ്ഞത് ഞാന്‍ ഓര്‍മ്മിക്കുകയാണ്. Fr Mathew after all the Latin Church is the Universal Church (എന്തായാലും ലത്തീന്‍സഭയാണ് സാര്‍വ്വത്രികസഭ). അങ്ങനെയുള്ള മനോഭാവങ്ങള്‍ തിരുത്തണമെന്ന് കൗണ്‍സില്‍ ഉദ്ബോധിപ്പിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിക്കുന്ന ഡിക്രി മൂന്നാം ഖണ്ഡിക ഇപ്രകാരം പറയുന്നു: “എല്ലാ സഭകള്‍ക്കും തുല്യപദവിയാണുള്ളത്. റീത്തിന്‍റെ ന്യായത്തില്‍ ഒന്നു മറ്റൊന്നിന്‍റെ മുമ്പിലല്ല, എല്ലാ സഭകള്‍ക്കും ഒരേ അവകാശങ്ങളും ഒരേ ഉത്തരവാദിത്വങ്ങളുമാണുള്ളത്”
അതുപോലെ ആരാധനക്രമത്തെ സംബന്ധിക്കുന്ന കോണ്‍സ്റ്റിറ്റ്യൂഷന്‍റെ നാലാം ഖണ്ഡിക ഇപ്രകാരം പറയുന്നു: “അവസാനമായി പാരമ്പര്യത്തെ വിശ്വസ്തതാപൂര്‍വ്വം അനുസരിച്ചുകൊണ്ട് ഈ പരിശുദ്ധ സൂന്നഹദോസ് പ്രഖ്യാപിക്കുന്നു, നിയമാനുസൃതം അംഗീകൃതമായ എല്ലാ റീത്തുകള്‍ക്കും തിരുസ്സഭാമാതാവു തുല്യാവകാശവും ശ്രേഷ്ഠതയുമാണ് കല്‍പ്പിക്കുന്നത്”
കത്തോലിക്കാ സഭതന്നെ ഒരു കൂട്ടായ്മയാണ്. വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ. കത്തോലിക്കാ സഭ സന്നിഹതമാകുന്നത് ഓരോ സഭാപാരമ്പര്യങ്ങളിലൂടെയാണ്. കത്തോലിക്കാ സഭയുടെ സമ്പത്ത് അതിലെ വിവിധങ്ങളായ പാരമ്പര്യങ്ങളാണ്. ഇങ്ങനെയുളള കാര്യങ്ങളില്‍ അടിസ്ഥാന ബോധ്യം ഇല്ലാത്തതുകൊണ്ടാണ് നാം പലപ്പോഴും കൂടുതല്‍ മെച്ചപ്പെട്ടത് എന്ന ഭാവത്തില്‍ പാശ്ചാത്യപാരമ്പര്യങ്ങളിലേക്ക് നോക്കിനില്‍ക്കുന്നത്.
നാനാത്വത്തിലെ ഏകത്വം
അതുപോലെ ഐക്യത്തെപ്പറ്റിയുള്ള ചിന്ത: ഒരുകാലത്ത് നമ്മുടെ നാട്ടില്‍ മലങ്കര പുനരൈക്യവും മറ്റും നടന്ന അവസരത്തില്‍ മറ്റൊരുവിധത്തിലാണ് സഭൈക്യത്തെ നാം കണ്ടിരുന്നത്. ഒരുകാലത്ത് ഈ ആരാധനക്രമങ്ങളും മറ്റ് വൈവിധ്യങ്ങളുമെല്ലാം അംഗീകരിച്ചുകൊണ്ടു പുനരൈക്യവും സഭകളുടെ ഐക്യവും സാധ്യമാക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ ഇന്ന് സഭ, സഭകളുടെ ഐക്യത്തെപ്പറ്റി ചിന്തിക്കുന്നതുതന്നെ വൈവിധ്യത്തിലുള്ള ഐക്യമായിട്ടാണ്. അതായത് നാനാത്വത്തിലെ ഏകത്വം. ഭാരതീയരായ നമുക്ക് ഇങ്ങുനെ നാനാത്വത്തിലുള്ള ഏകത്വത്തെപ്പറ്റി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. കാരണം നമ്മുടെ മാതൃരാജ്യത്തിന്‍റെ സംസ്കാരം അതാണല്ലോ വിളിച്ചോതുന്നത്.
സ്വയാധികാരം എന്ത് എന്തിന്?
സഭാപാരമ്പര്യങ്ങള്‍ക്കെല്ലാം സമാനതയാണ് കത്തോലിക്കാ സഭ കല്‍പ്പിക്കുന്നത്. അവയെല്ലാം തന്നെ ഒരുപോലെ ആദരിക്കപ്പെടകയും സംരക്ഷിക്കപ്പെടുകയുമാണ് ചെയ്യേണ്ടത്. ഒന്ന് മറ്റൊന്നിന്‍റെമേല്‍ കൈവയ്ക്കുവാന്‍ പാടുള്ളതല്ല. അതുകൊണ്ടാണ് ഓരോ വ്യക്തിസഭയ്ക്കും സ്വയംഭരണാധികാരം വേണമെന്നു പറയുന്നത്. നമ്മുടെ സഭ ഇപ്പോള്‍ സ്വയംഭരണാധികാരമുള്ള ഒരു Sui Iuris Church ആണ്. പലരും പലപ്പോഴും ഈ വസ്തുത ഉദ്ധരിക്കാറുണ്ട്. എന്നാല്‍ എന്താണത് അര്‍ത്ഥമാക്കുന്നത്? എന്താണതിന്‍റെ ഉദ്ദേശ്യം? ഈ വക കാര്യങ്ങളൊന്നും പലര്‍ക്കും അറിയില്ല. അതിന്‍റെ ഉദ്ദേശം അതിനു പ്രത്യേകമായിട്ടുള്ള പതിവുകളെ ആരുടെയും കൈകടത്തല്‍ കൂടാതെ അതിന്‍റെ പാരമ്പര്യം അനുസരിച്ച് നിര്‍ണിയിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. എങ്കില്‍ മാത്രമേ ഒരു സഭ Sui Iuris Church ആണെന്നു പറയുന്നതില്‍ അര്‍ത്ഥമുള്ളൂ. പക്ഷേ നമ്മുടെ സഭയ്ക്ക ഒരു പാരമ്പര്യമില്ലെന്നു പറയുന്നിടത്ത് നമ്മുടെ സഭ ഒരു Sui Iuris Church ആണെന്നു പറയുന്നില്‍ എന്ത് അര്‍ത്ഥമാണുള്ളത്, എന്ത് പ്രസക്തിയാണുള്ളത്? സ്വന്തം ഇഷ്ടത്തിനു നടത്താനുള്ള അവകാശമെന്നായിരിക്കാം ഇങ്ങനെ പറയുന്നവര്‍ നല്‍കുന്ന വിശദീകരണം. സ്വന്തമായ പാരമ്പര്യത്തിന്‍റെ, പതിവുകളുടെ, പൈതൃകത്തിന്‍റെ ശക്തമായ അടിത്തറയില്‍ ചവിട്ടിനിന്നുകൊണ്ട് ആ പൈതൃകം സ്വന്തം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനുള്ള അവകാശമാണ് സ്വയംഭരണം. അങ്ങനെയുള്ള നിലപാട് സഭയുടെ ഐക്യത്തെ, നാനാത്വത്തില്‍ ഏകത്വം എന്ന ചിന്തയെ സഹായിക്കുമെന്നതു തീര്‍ച്ചയാണ്.
മാർപാപ്പായുടെ പരമാധികാരം
സഭയിലെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്, റോമന്‍ -ഓര്‍ത്തഡോക്സ് സഭകളുടെ ഇടയിലുള്ള ഒരു പ്രശ്നമാണ് മാര്‍പാപ്പായുടെ പരാധികാരം. തീര്‍ച്ചയായും നാം അംഗീകരിക്കേണ്ട ഒരു വസ്തുതയാണ് പത്രോസ് ശ്ലീഹായുടെ പ്രാധാന്യം, ശ്രേഷ്ഠത എന്നിവ. മാര്‍പാപ്പാമാര്‍ അവരുടെ അധികാരം ഉപയോഗിച്ചിരിക്കുന്നത് പല രീതിയിലാണെന്ന് പരിശുദ്ധപിതാവു തന്നെ ഈ അടുത്തകാലത്ത് പറയുകയുണ്ടായി സഭകളുടെ ഐക്യത്തെപ്പറ്റിയുള്ള ചാക്രികലേഖനം ഈ പരമാധികാരത്തെപ്പറ്റി തന്നെയും സംഭാഷണമാകാം എന്നു വ്യക്തമാക്കുന്നു. അത് ഏതുരീതിയില്‍ ഉപയോഗിക്കണം? ആദ്യത്തെ സഹസ്രാബ്ദത്തിലെ രീതിയിലാണോ? എന്നതിനെക്കുറിച്ചെല്ലാം ചര്‍ച്ചകള്‍ നടത്തേണ്ടതാണ്.
ഇന്ന് തീര്‍ച്ചയായും ലോകം ഒന്നായിത്തീര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ ഇങ്ങനെയുള്ള ഒരു ഐക്യത്തിന്‍റെ അടയാളത്തെക്കുറിച്ചും അധികാരത്തിന്‍റെ പ്രസക്തിയെക്കുറിച്ചും നമുക്കു സംശയിക്കാന്‍ സാധിക്കുകയില്ല. പക്ഷേ അത് മറ്റുള്ളവര്‍ക്കു ബോധ്യമാക്കിക്കൊടുക്കുവാന്‍ നമുക്കു സാധിക്കണം. അതിന് ഒരുപക്ഷേ ഇന്നു കൂടുതല്‍ പ്രസക്തിയുണ്ട്. അതുപയോഗിക്കുന്ന രീതിയില്‍ തീര്‍ച്ചയായും വ്യത്യാസങ്ങള്‍ വരാവുന്നതാണ്. ആദ്യത്തെ സഹസ്രാബ്ദത്തില്‍ ഈ സഭകളുടെ തുല്യത പ്രകടമായി അംഗീകരിച്ചിരുന്നു. അതുപോലെയുള്ള ഒരവസ്ഥയിലേക്കാണ് നാം ഇന്നു വരേണ്ടത്. അതുകൊണ്ട് അത്തരത്തിലുള്ള വൈവിധ്യത്തിലുള്ള ഐക്യം മാത്രമേ സഭയില്‍, സഭകളുടെ ഐക്യരംഗത്ത് ചര്‍ച്ചാവിഷയമാകുന്നുള്ളൂ. ആ ഐക്യം നാനാത്വത്തിലുള്ള ഐക്യം ലോകത്തിനു മുഴുവന്‍ ഒരു സാക്ഷ്യമായിരിക്കും. നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് വിവിധ മതങ്ങള്‍ ഒന്നുചേര്‍ന്നിരിക്കുന്ന രാജ്യത്ത് ഈ നാനാത്വത്തിലുള്ള ഐക്യം എന്താണെന്നു മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കാനുള്ള വലിയ ദൗത്യമാണ് നമുക്കുള്ളത്. നമ്മുടെ സുവിശേഷസാക്ഷ്യം എന്നു പറഞ്ഞാല്‍ അതാണ്. വൈവിധ്യത്തില്‍ ആത്മാര്‍ത്ഥമായ ഐക്യം പുലര്‍ത്തുവാന്‍ നമുക്കു സാധിക്കണം. അതു സാധ്യമാണെന്നു കാണിച്ചുകൊടുക്കാനുള്ള ചുമതലയാണ് നമുക്കുള്ളത്.
പൊതുവായുള്ളവ കണ്ടെത്തണം, പരസ്പരം ആദരിക്കണം
നമ്മുടെ ബോധനങ്ങളില്‍ വിശ്വാസത്തിന്‍റെ പ്രഖ്യാപനങ്ങളില്‍ അതിന്‍റെ വിവിധ രൂപങ്ങളില്‍ പൊതുവായിട്ടുള്ളത് നാം കണ്ടെത്തേണ്ടതായിട്ടുണ്ട്. അതിനു പ്രയാസമില്ല എന്നാണ് മശിഹാ വിജ്ഞാനിയത്തെപ്പറ്റി നടന്നിട്ടുള്ള ചര്‍ച്ചകള്‍, പ്രത്യേകിച്ച് അന്ത്യോഖ്യന്‍ സഭയുമായിട്ടും അസ്സീറിയന്‍ സഭയുമായിട്ടും മറ്റും നടന്നിട്ടുള്ള ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. ആ രീതിയില്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ നമുക്കു സാധിക്കണം. ചില സഭാധ്യക്ഷന്മാര്‍ക്കു നല്‍കിയിട്ടുള്ള സ്ഥാനപ്പേരുകള്‍, ഉദാഹരണത്തിന് “പരിശുദ്ധ കത്തോലിക്കാബാവ” എന്നത് ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഒരു സഭയുടെ അധ്യക്ഷനെ അങ്ങനെ വിളിക്കുന്നിതില്‍ ഞാന്‍ അപാകതയൊന്നും കാണുന്നില്ല. കോപ്റ്റിക് സഭയുടെ അധ്യക്ഷനെ Your Holiness എന്നാണ് പരിശുദ്ധപിതാവുപോലും അഭിസംബോധന ചെയ്തത്. പരസ്പരമുള്ള അംഗീകാരവും ബഹുമാനാദരവുകളും സഭകളുടെ ഐക്യത്തെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. സഭ ഈ കാലഘട്ടത്തില്‍ ഇതാണു പ്രതീക്ഷിക്കുന്നത്.
സഭയുടെ ഐക്യത്തിനായിട്ടുള്ള പരിശ്രമങ്ങളില്‍ ഇന്നു വളരെയധികം പുരോഗതി കൈവന്നിട്ടുണ്ട്. ഈ രംഗത്തു നാം ഇനിയും കൂടുതലായി വളര്‍ന്നുവരേണ്ടിയിരിക്കുന്നു. നമ്മുടെ സഭയുടെ മക്കള്‍, സീറോമലബാര്‍ സഭയിലെ അംഗങ്ങള്‍ ഈ സഭൈക്യത്തിന്‍റെ സ്വഭാവം എന്താണ്, അത് എന്താണ് നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്ന് അറിയുവാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഇടയാകണം. നമുക്കു പൗരസ്ത്യമായ കാര്യങ്ങളെക്കുറിച്ചു പുച്ഛമായിരുന്നു. ഇതാണ് വാസ്തവത്തില്‍ നമുക്കു സംഭവിച്ചത്. അറുപതികളിലെയും എഴുപതുകളിലെയും സംസാരം, വൈദികരുടെയും പിതാക്കന്മാരുടെയും ഇടയിലുണ്ടായിരുന്ന സംസാരം എനിക്കറിയാവുന്നതാണ്. കല്‍ദായ സഭയെക്കുറിച്ച് പേര്‍ഷന്‍ സഭയെക്കുറിച്ച് പുച്ഛമായിരുന്നു. അന്ത്യോഖ്യന്‍ സഭയെക്കുറിച്ച് പുച്ഛമായിരുന്നു, പൗരസ്ത്യമായ എല്ലാ സഭകളെക്കുറിച്ചും പുച്ഛമായിരുന്നു.
ഒരു സഭ സാമ്പത്തികമായും സാമൂഹികമായും ചിലപ്പോള്‍ പീഡിപ്പിക്കപ്പെടാം. അതിനു വരുന്ന ഭൗതികമായ അധോഗതിവച്ചുകൊണ്ടല്ല നാം അതിനെ അളക്കേണ്ടത്. ചില സഭകള്‍ രാഷ്ട്രീയമായും സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്നവയാണ്. എങ്കിലും അതിന്‍റെ പേരില്‍ അവയുടെ മഹത്തായ പാരമ്പര്യം, ശ്ലൈഹിക പാരമ്പര്യം നഷ്ടമാകുന്നില്ല. ആ പാരമ്പര്യങ്ങളെ മനസ്സിലാക്കുവാനും അതിനെ ആദരിക്കുവാനുമുള്ള മനോഭാവമാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ സഭയുടെതന്നെ പൈതൃകം പലപ്പോഴും വെട്ടിത്തിരുത്തുകയും മാറ്റിവയ്ക്കുകയും മറ്റും ചെയ്യണമെന്നു പറയുന്നതിന്‍റെ പിന്നില്‍ ഇത്തരത്തിലുള്ള മനോഭാവങ്ങളാണ്.
നമ്മുടെ ആരാധാനക്രമത്തില്‍
ആത്മാഭിമാനം വളരണം
മറ്റൊന്ന്, പലപ്പോഴും കൗണ്‍സിലിനു പിമ്പുള്ള പാശ്ചാത്യസഭയില്‍ നിന്ന് എടുത്തിട്ടുള്ള മനോഭാവങ്ങളാണ്. അത് ഭക്താനുഷ്ഠാനങ്ങളുടെ കാര്യത്തിലാകാം മറ്റ് ജീവിതശൈലിയുടെ കാര്യത്തിലാവാം. കഴിയുന്നതും പെട്ടെന്ന് കാര്യങ്ങള്‍ നടത്തിയിട്ടു പോകണം എന്നാണ് പലരുടെയും ഇന്നത്തെ മനോഭാവം. ഇങ്ങനെയുള്ള മനോഭാവങ്ങള്‍ നമ്മുടെ മനസ്സില്‍ ഇരിക്കുന്നതുകൊണ്ടാണ് നമ്മുടെ സഭയുടെതന്നെ പൈതൃകത്തെപ്പറ്റി ശരിയായ ഒരു ആദരവും ബഹുമാനവും ഇല്ലാതെ മറ്റുള്ളവ കടംവാങ്ങാന്‍ നാം തത്രപ്പെടുന്നത്. ഇതു നമുക്കു പറ്റിയിട്ടുള്ള വലിയ ഒരപകടമാണ്.
സാര്‍വ്വത്രിക സഭയില്‍ വളരെയേറെ ശ്ലാഘിക്കപ്പെടുന്ന ഒരു ആരാധനാ പൈതൃകമാണ് നമുക്കുള്ളത്. ഒരുപക്ഷേ നമ്മളില്‍ ചിലര്‍ക്ക് സമ്പുഷ്ഠമായ ഈ പൈതൃകത്തെക്കുറിച്ച് ആത്മാഭിമാനത്തിന് പകരം അപകര്‍ഷതാ ബോധമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന്‍റെ മുഖ്യകാരണം അതേക്കുറിച്ചുള്ള അജ്ഞതയോ തെറ്റിദ്ധാരണയോ ആകാം. അത് ഈ സഭയുടെ ജീവാത്മകമായ വളര്‍ച്ചയെ തടയുകതന്നെ ചെയ്യും. അതുകൊണ്ട് അങ്ങനെയുള്ള അപകര്‍ഷതാബോധം മാറ്റുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. പൗരസ്ത്യ പാരമ്പര്യങ്ങളെപ്പറ്റിയുള്ള ഒരുഭിമാനബോധം നമുക്കുണ്ടാകണം. അത് വളരെയേറെ നഷ്ടപ്പെട്ടിരിക്കുന്നു.
കല്‍ദായവല്‍ക്കരണമെന്ന
ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍
ഇവിടെ “കല്‍ദായവല്‍ക്കരണ”ത്തെപ്പറ്റി പറയുകയുണ്ടായി. അങ്ങനെ ഒരു വാക്ക് ആദ്യമായി കേള്‍ക്കുന്നത് ഈ കേരളത്തിലാണ്. അതും ഈ അടുത്തകാലത്ത് മാത്രമാണ്. മറ്റൊരു രാജ്യത്തും ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. അമേരിക്കനൈസേഷന്‍, പാശ്ചാത്യവല്‍ക്കരണം എന്നൊക്കെ പറയാറുണ്ട്. കാരണം അവരുടെയെല്ലാം മേധാവിത്വം സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം നമ്മുടെ രാജ്യത്തും മറ്റ് മൂന്നാം രാജ്യങ്ങളിലും ഉണ്ടായിരുന്നതുകൊണ്ട് അവയുടെ ഭാവങ്ങളെ അനുകരിച്ച് അവയോടു ബൗദ്ധികമായ ഒരടിമത്വം പലുര്‍ത്തുക എന്നത് സ്വാഭാവികമാണ്.
നേരേ മറിച്ച് നാം ഇപ്പോള്‍ കല്‍ദായസഭ എന്നു വിളിക്കുന്ന ആ സഭ വാസ്തവത്തില്‍ യാതൊരു ശക്തയുമില്ലാത്ത ഒരു സഭയാണ്. അതു ആരുടെമേലും ആധിപത്യം നടത്താന്‍ പര്യാപ്തവുമില്ല. സീറോമലബാര്‍ സഭയുടെ തനിമ പുലര്‍ത്തണമെന്നു പറയുന്ന ആളുകള്‍ ഈ സഭ ലോകമെങ്ങും വ്യാപിക്കണം എന്ന ആഗ്രഹത്തോടെയാണ് പറയുന്നത്. കേവലം ഭാരതീയമായ ചില ഘടകങ്ങളെ ഇതിന്‍റെ സാരാംശമായി കാണുന്നത് ഈ സഭയുടെ സാര്‍വ്വത്രികതയെത്തന്നെ ഇല്ലാതാക്കുന്നതാണ്. ഈ സഭ ലോകമെമ്പാടും പ്രസക്തമായി വരേണ്ട ഒന്നാണ്. അതുകൊണ്ട് ചില സാംസ്കാരിക സവിശേഷതകള്‍ നമ്മെ സംബന്ധിച്ചടത്തോളം പ്രാധാന്യമുള്ള കാര്യങ്ങളല്ല. അതുകൊണ്ട് ഈ കല്‍ദായവല്‍ക്കരണം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ഒരുവക ഭ്രാന്തന്‍ ജല്‍പ്പനമാണ് എന്നു തോന്നുന്നു. കാരണം ഈ കല്‍ദായസഭയെ അനുകരിക്കാന്‍ ഇവിടെ ആരും ശ്രദ്ധിച്ചിട്ടില്ല.
ആരാധനാ പാരമ്പര്യവും
മദ്ബഹായിലെ വിരിയും
നമ്മുടെ ആരാധനയുടെ സവിശേഷതകളായി നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആ സവിശേഷതകള്‍ പുലര്‍ത്തുവാനാണ് നാം പരിശ്രമിച്ചു പോന്നിട്ടുള്ളത്. അതിനോടുള്ള എതിര്‍പ്പുകൊണ്ട് ഈ അടുത്ത കാലത്ത് അതിനെതിരേ ഒരു വാദഗതി ഉയര്‍ത്തിയതാണ് ആദ്യനൂറ്റാണ്ടുകളില്‍ ഇതില്‍നിന്നും വ്യത്യസ്തമായിട്ടുള്ള ഏന്തോ ഒന്ന് ഉണ്ടായിരുന്നു എന്നത്. അതിനെപ്പറ്റി നമുക്കു യാതൊരു തെളിവുമില്ല. നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നിടത്തോളം ഓരോ ശ്ലീഹന്മാരുടെയും അവരുടെ ശിഷ്യന്മാരുടെയും പരിശ്രമഫലമായി രൂപംകൊണ്ട എല്ലാ സഭകളിലും ഒരേ പാരമ്പര്യവും ആരാധനാരീതിയും ആണ് നിലവിലുള്ളത്. അങ്ങനെയാണ് ഭാരതത്തിലും പേര്‍ഷ്യയിലും ഒരേ പാരമ്പര്യം പുലരുന്നത്.
ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ മാറ്റിക്കളയുമ്പോള്‍ നമുക്കു ശ്ലൈഹികമായ ഒരു പാരമ്പര്യം തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ശ്ലൈഹികമായ അടിസ്ഥാനമില്ലാത്ത ഒരു സഭയായി നമ്മുടെ സഭയെ മാറ്റുകയാണ്. ഇങ്ങനെയുള്ളപ്പോള്‍ നമ്മുടെ സഭയില്‍ അനേക നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന പരമ്പര്യങ്ങളുടെ തനിമ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പാരമ്പര്യമെന്നു പറയുമ്പോള്‍ ഏതാനും ചില അനുഷ്ഠാനങ്ങള്‍ സ്വീകരിക്കുക എന്നുള്ളതല്ല, പാരമ്പര്യത്തിന്‍റെ ചൈതന്യത്തെ അടിസ്ഥാനമാക്കി മാത്രമേ സഭയില്‍ നൂതനത്വം ഉണ്ടാവുകയുള്ളൂ. അതിനോടു ചേര്‍ന്ന രീതിയിലുള്ള ഒരു സര്‍ഗ്ഗാത്മക വളര്‍ച്ച മാത്രമേ ഒരു ആരാധാനാ പാരമ്പര്യത്തിനു സാധിക്കുകയുള്ളു. ഈ ബോധ്യത്തിലേക്കാണു നാം എത്തേണ്ടത്. അപ്പോള്‍ ഇതെല്ലാം മറന്നുകളഞ്ഞുകൊണ്ട് ഒരു കല്‍ദായവല്‍ക്കരണം എന്നു പറഞ്ഞാല്‍ അത് ഉറക്കത്തില്‍ പിച്ചും പേയും പറയുന്നതുപോലുയാണ്.
അടുത്ത കാലത്തു കേട്ട ഒരു മുദ്രാവാക്യത്തില്‍ പറയുന്നത് “കല്‍ദായവല്‍ക്കരണത്തിന് എതിരായി തങ്ങള്‍ നിലനില്‍ക്കുന്നു”വെന്നാണ്. എന്താണ് കല്‍ദായവല്‍ക്കരണം? വിരിയിടുന്നതോ? വിരിയിടുന്നത് കല്‍ദായ സഭയുടെ മാത്രം പ്രത്യേകതയല്ല. ഒരുപക്ഷേ കല്‍ദായ പാത്രിയാര്‍ക്കീസ് അടുത്തകാലത്ത് അത് ഉപേക്ഷിച്ചിട്ടുണ്ടാകാം. വിരിയിടുക എന്നുള്ളത് എല്ലാ പൗരസ്ത്യസഭകളുടെയും പതിവാണ്. ഗ്രീക്ക് സഭയില്‍ ഐക്കണ്‍ കൊണ്ടാണ് മദ്ബഹായും ഹൈക്കലായും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത്. മലങ്കരസഭയില്‍ നമ്മുടെ നാട്ടില്‍ മലങ്കരപ്പള്ളികളുണ്ടല്ലോ, പോയി നോക്കുക. അവരും വിരിയുപയോഗിച്ചിരിക്കുന്നതായി കാണാം. വിരി ഉപയോഗിക്കുന്നത് കല്‍ദായവല്‍ക്കരണമല്ല, മറിച്ച് എല്ലാ പൗരസ്ത്യസഭകളുടെയും പാരമ്പര്യമാണ്.
ക്രൂശിതരൂപം വയ്ക്കാതിരിക്കുന്നതോ?
ക്രൂശിതരൂപം വയ്ക്കുന്നതിനെ ആരും നിരോധിച്ചിട്ടില്ല. പക്ഷേ ക്രൂശിതരൂപം വയ്ക്കുക എന്നത് എല്ലാ സഭകളുടെയും പാരമ്പര്യമല്ല, പ്രത്യേകിച്ച് പൗരസ്ത്യ സഭകള്‍ക്ക്. പിന്നെ എന്തുകൊണ്ട് ക്രൂശിതരൂപമല്ല നാം യഥാര്‍ത്ഥത്തില്‍ വയ്ക്കേണ്ടത് എന്നു ചോദിക്കാം. കാരണം, ഈശോയുടെ പീഡാസഹന മരണോത്ഥാനത്തിന്‍റെ അനുസ്മരണവും അതിലൂടെ അവിടുന്നു നേടിയെടുത്ത രക്ഷയുടെ ആഘോഷവുമാണല്ലോ നമ്മുടെ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയില്‍ നാം നമ്മുടെ കര്‍ത്താവിന്‍റെ ഉത്ഥാനരഹസ്യമാണ് പ്രഖ്യാപിക്കുന്നത്. ഉത്ഥാനത്തിന്‍റെ ദിവസമാണ് നമ്മള്‍ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ അങ്ങനെയുള്ള അവസരത്തില്‍ ഉത്ഥാനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു ചിത്രം അല്ലെങ്കില്‍ കുരിശു വയ്ക്കുന്നതാണ് ഉചിതം എന്നാണ് പറയുന്നത്. എല്ലാ പൗരസ്ത്യസഭകളിലും ഉത്ഥാനത്തെ സൂചിപ്പിക്കുന്ന ഉത്ഥിനായ ഈശോയെ പ്രതിനിധീകരിക്കുന്ന കുരിശുകളോ ചിത്രങ്ങളോ ആണ് വയക്കാറുള്ളത്.
നമ്മുടെ മലങ്കര പള്ളികളില്‍ ഏതെങ്കിലും ഒന്നുപോയി നോക്കിയിരുന്നുവെങ്കില്‍ ഇങ്ങനെ ഇതു കല്‍ദായവല്‍ക്കരണമാണ് എന്ന് പറയുകയില്ലായിരുന്നു.
ആഘോഷമായ കുര്‍ബാന
അര്‍പ്പിക്കുന്നത്?
മറ്റുചില ആളുകള്‍ക്ക് വിശുദ്ധ കുര്‍ബാന ആഘോഷമായി ആചരിക്കുന്നത് കല്‍ദായവല്‍ക്കരണമാണ്. ഒരവസരത്തില്‍ ചില പ്രത്യേക അവസരങ്ങളിലെങ്കിലും സെമിനാരികളിലും സന്യാസഭവനങ്ങളിലും ആഘോഷപൂര്‍വ്വമായ കുര്‍ബാന അര്‍പ്പിക്കണമെന്നു പറഞ്ഞപ്പോള്‍ ഒരാള്‍ പറയുകയാണ് അതാണ് കല്‍ദായവല്‍ക്കരണമെന്ന്. ഈ അടുത്തകാലത്ത് യുക്രെനിയന്‍ സഭയുടെ ഐക്യത്തിന്‍റെ 400-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് അതിന്‍റെ മേജര്‍ ആര്‍ച്ച് ബിഷപ്പും പരിശുദ്ധ പിതാവുമായി ഒന്നിച്ച് കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. ഏതാണ്ട് മൂന്നു മണിക്കൂര്‍ അത് ദീര്‍ഘിച്ചു.
നമ്മുടെ നാട്ടില്‍ വിശുദ്ധ കുര്‍ബാന പത്തു മിനിട്ടുകൊണ്ട് തീര്‍ക്കാമോ അതാണ് നല്ലതെന്ന് ചിന്തിക്കുന്നവരുണ്ട്. നമ്മുടെ ആരാധന ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്‍റെ ആഘോഷപൂര്‍വ്വമായ പ്രഖ്യാപനമാണ്. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞ് ഉറപ്പിക്കുന്ന വേദിയാണ്. നമ്മുടെ കര്‍ത്താവിന്‍റെ ഉത്ഥാനത്തില്‍ സഭാസമൂഹം ഒന്നുചേര്‍ന്ന് സന്തോഷിക്കുന്ന അവസരമാണ്. ഈ മഹനീയകര്‍മ്മം പത്തു മിനിട്ടുകൊണ്ട് തീര്‍ത്തിട്ടു പോകണമെന്ന് പറയുന്നത് ഏതു സംസ്കാരത്തിന്‍റെ പ്രത്യേകതയാണെന്നു മനസ്സിലാകുന്നില്ല. ഏതായാലും ഇങ്ങുനെയുള്ള കാര്യങ്ങളാണ് ചിലര്‍ കല്‍ദായവല്‍ക്കരണമായി എടുത്തുപറയുന്നത്.
എങ്ങോട്ടു തിരിഞ്ഞുവേണം ബലിയര്‍പ്പിക്കാന്‍?
അള്‍ത്താരയിലേക്ക്, മദ്ബഹായിലേക്ക് തിരിഞ്ഞു നില്‍ക്കുക എന്നത് എല്ലാ ഓര്‍ത്തഡോക്സ് സഭകളുടെയും പൗരസ്ത്യസഭകളുടെയും പാരമ്പര്യമാണ്. അടുത്തകാലത്ത് ചില പൗരസ്ത്യസഭകള്‍ ഭാഗികമായിട്ടാണെങ്കിലും ഈ മഹത്തായ പാരമ്പര്യം ഉപേക്ഷിക്കാന്‍ ഇടയായിട്ടുണ്ട്. ജനാഭിമുഖ കുര്‍ബാന ഇപ്പോള്‍ നിലവിലിരിക്കുന്ന ലത്തീന്‍ സഭയില്‍ പോലും അള്‍ത്താരയ്ക്ക് അഭിമുഖമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന മുന്‍പതിവിനെപ്പറ്റി കാര്യമായ വിചിന്തനങ്ങള്‍ നടന്നുവരുന്നു.
ലത്തീന്‍ സഭ അള്‍ത്താരയെന്നു പറയുന്നതും നമ്മള്‍ മദ്ബഹായെന്നു പറയുന്നതും ഏതാണ്ട് ഒന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത് എങ്കിലും രണ്ടും തമ്മില്‍ കുറെ വ്യത്യാസങ്ങളുണ്ട്. അള്‍ത്താരയെന്നു പറയുമ്പോള്‍ ലത്തീന്‍സഭ “ബലിപീഠം” മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. എന്നാല്‍ നമ്മള്‍ വിരിക്കുള്ളില്‍ ബലിപീഠം സ്ഥിതിചെയ്യുന്ന ആ വിശുദ്ധസ്ഥലം മുഴുവന്‍ “മദ്ബഹാ” എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നു.
ഇവയൊക്കെ കല്‍ദായവല്‍ക്കരണം എന്നു പറഞ്ഞ് അധിക്ഷേപിക്കുകയാണെങ്കില്‍ ആ ആക്ഷേപം ഏറ്റെടുക്കാന്‍ പ്രയാസിമില്ല.
ഉപസംഹാരം
നമ്മുടെ സഭയെക്കുറിച്ചും മറ്റു സഭകളെക്കുറിച്ചും ഉള്ള ആഴമായ അവബോധം ഉണ്ടെങ്കില്‍ മാത്രമേ സഭൈക്യരംഗത്ത് എന്തെങ്കിലും സംഭാവന ചെയ്യുവാന്‍ നമുക്കു സാധിക്കൂ. ഇതൊക്കെ കണ്ടുകൊണ്ടാണ് നമ്മുടെ പാരമ്പര്യം -പൗരസ്ത്യ സഭാപാരമ്പര്യം- നാം ആഴത്തില്‍ പഠിക്കണമെന്നു പറയുന്നത്. പാരമ്പര്യത്തിന്‍റെ സംരക്ഷകരാണ് നാം എന്നു പറയുമ്പോള്‍ ആ പാരമ്പര്യത്തിന്‍റെ എല്ലാ ഘടകങ്ങളെയും നാം അപ്പാടെ വെച്ചുകൊണ്ടിരിക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, ശ്ലൈഹിക പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് അതിന്‍റെ വെളിച്ചത്തില്‍ സര്‍ഗ്ഗാത്മകമായ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ മാത്രമാണ് നാം അവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് എന്നാണ്. ആ രീതിയില്‍ നാം ചിന്തിക്കുമ്പോള്‍ മാത്രമേ ഈ ആരാധനാ പാരമ്പര്യം മറ്റ് പൗരസ്ത്യസഭകളുമായി ഒരുമിച്ച് സംരക്ഷിക്കാനും അങ്ങനെ സഭകളുടെ ഐക്യം സാധ്യമാക്കുവാനും സാധിക്കൂ.
* കടപ്പാട്: പൗരസ്ത്യ സുറിയാനി പൈതൃകവും
കൽദായീകരണ വാദവും, HIRS Publications
മാത്യൂ ചെമ്പുകണ്ടത്തിൽ