The beloved of the Lord dwells in safety. The High God surrounds him all day long,
(Deuteronomy 33:12 )
കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. തിരുവചനം നോക്കിയാൽ കർത്താവിന്റെ സംരക്ഷണം വിവിധ ലേഖനങ്ങളിലൂടെ കാണുവാൻ സാധിക്കും. പ്രളയത്തിൽ നിന്ന് നോഹയെയും, അവന്റെ അനുചരൻമാരെയും കർത്താവ് സംരക്ഷിച്ചു. ഇസ്രായേൽ ജനതയെ ഫറവോയുടെ അടിമത്തിൽ നിന്ന് രക്ഷിച്ചു. ദാനിയേൽ സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് ദൈവം സംരക്ഷിച്ചു. അതുപോലെ പുതിയനിയമത്തിൽ വി പൗലോസിനെ കപ്പൽ തകർച്ചയിൽ നിന്നും, പത്രോസിനെ പലവിധ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതായി കാണാം
ജീവിതത്തിൽ അവനവന്റെ കഴിവുകളുടെ പരിധികൾ തിരിച്ചറിയുന്ന മനുഷ്യനു മാത്രമേ, തന്റെ പരിധികൾക്കും കഴിവുകൾക്കും അപ്പുറം തന്നെ എത്തിക്കുവാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വയ്ക്കുവാൻ സാധിക്കൂ. ദാവീദിന്റെ ജീവിതത്തിൽ തന്റേതായ കഴിവുകളും തന്ത്രങ്ങളും എല്ലായിടത്തും എല്ലാക്കാലത്തും വിജയം നൽകാൻ പര്യാപ്തമായിരുന്നില്ല എന്നാൽ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴും ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരുവൻ കൂടുതൽ അനുഗ്രഹങ്ങൾക്ക് പാത്രമാകും എന്ന് തിരുവചനത്തിലൂടെ അവിടുന്ന് പ്രതിപാദിക്കുന്നു.
ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ അവന്റെ നിഴലിൽ കീഴിലാണ് നാം വസിക്കുന്നത്. ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ വിശ്വാസികൾക്കും ഇതൊക്കെയും സാധ്യമാണോ?. മരണത്തിൻറെ താഴ്വരയിൽകൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് . സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.