”He has delivered us from the domain of darkness (Colossians 1:13)
ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക് നയിക്കുന്നതാണ് പ്രകാശം. എന്നാൽ ഇരുട്ടാകട്ടെ, മനുഷ്യരിൽ ആശയക്കുഴപ്പവും സംഭ്രാന്തിയും സൃഷ്ടിക്കുന്നു. കേവലം പകലിലും രാത്രിയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ബാഹ്യമായ അവസ്ഥകളല്ല ഇരുളും വെളിച്ചവും. നമ്മിലോരോരുത്തരിലും ഉണ്ട് ജീവദായകമായ പ്രകാശവും, നശീകരണ ശേഷിയുള്ള പാപാന്ധകാരവും. ലോകസുഖങ്ങളിൽ മതിമറന്ന് ദൈവത്തിന്റെ പ്രകാശത്തിൽ നിന്നും നമ്മൾ പലപ്പോഴും അകന്നുപോകാറുണ്ട്.
അന്ധകാരത്തിന്റെ അടിമകളായവർ ഇരുട്ടിൽ തങ്ങൾ ചെയ്യുന്ന പാപങ്ങൾ ഒരിക്കലും വെളിച്ചത്തു വരികയില്ലെന്ന വ്യർത്ഥചിന്തയുടെ വക്താക്കളാണ്. എന്നാൽ, “ദുഷ്ടരുടെ മാർഗ്ഗം തമസ്സു പോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ (സുഭാഷിതങ്ങൾ 4:19). അന്ധകാരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു വ്യക്തിയും തന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നില്ല, കാരണം “ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല” (1 യോഹന്നാൻ 2:11). ലോകത്തിന്റെ പ്രകാശമായ യേശുക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറഞ്ഞ്, അവിടുത്തെ വചനം പാലിക്കാത്ത ഏതൊരാളും അന്ധകാരത്തിലാണ്.
ദൈവത്തിന്റെ വചനം ആകുന്ന പ്രകാശം നമ്മിൽ പ്രതിഫലിക്കുമ്പോൾ, അത് നമ്മുടെ ആത്മാവിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ വെളിച്ചം വീശി, നമ്മിലെ പാപങ്ങൾ നമുക്കുതന്നെ വെളിപ്പെടുത്തി തരുന്നു. ആ വെളിച്ചത്തെ സ്വീകരിച്ച് പാപങ്ങൾ ഉപേക്ഷിക്കുവാൻ നമ്മൾ തയ്യാറായാൽ, ജീവദായകമായ യേശു എന്ന പ്രകാശം നമ്മുടെ ആത്മാവിനും ശരീരത്തിനും സൗഖ്യദായകമാകുന്നു. പ്രപഞ്ചത്തിൽ ജീവൻ നിലനിർത്താൻ സൂര്യപ്രകാശം സഹായിക്കുന്നതുപോലെ, ദൈവത്തിൽ നിന്നുള്ള പ്രകാശം നമ്മുടെ ആത്മാവിനു പുതുജീവൻ പകർന്നുനൽകി അതിനെ വളർത്തുന്നു. പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








