‘വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്”ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല” ഞാൻ നല്ല ഇടയനാണ്.

നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു” മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല.
ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ”അപ്പോൾ നീ രാജാവാണ് അല്ലേ?’…’ നീ തന്നെ പറയുന്നു ഞാൻ രാജാവാണെന്ന്”’ എന്റെ രാജ്യം ഐഹികമല്ല ‘
നീ മിശിഹായല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക”ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങി വരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം ” നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക ‘
രാജാവ്, അധികാരം എന്ന പദങ്ങൾക്ക് ലോകം കൊടുക്കുന്ന നിർവ്വചനങ്ങളും പ്രതീക്ഷകളും എത്ര വ്യത്യസ്തം.ലോകം അവന്റെ പിന്നാലെ പോയത് മനസ്സിലാക്കിയ അധികാരികൾക്ക് ചെയ്യാനുള്ളത് അവനെ ഇല്ലാതാക്കുക മാത്രമായിരുന്നു…ഇസ്രായേലിന്റെ മാത്രമല്ല, മുഴുവൻ ലോകത്തിന്റെയും രാജാവായവൻ കുരിശ് സിംഹാസനമാക്കി മുൾക്കിരീടം ചൂടി. ലോകരക്ഷകനും രാജാവും ദൈവവുമായതുകൊണ്ടാണ് അവൻ കുരിശിലായിരിക്കുന്നത് എന്ന സത്യം അവർ മനസ്സിലാക്കിയില്ല.

ഈശോ വന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനായിരുന്നു. അവന് കൊടുത്തിരിക്കുന്ന ഒരാൾ പോലും നഷ്ടപ്പെടരുതെന്നതാണ് പിതാവിന്റെ ഇഷ്ടം. അവന്റെ യജമാനത്വം ഒരാളുടെ മേലും അടിച്ചേല്പിക്കുന്നില്ല. ‘എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ‘ എന്ന് പറഞ്ഞാണവൻ വിളിക്കുന്നത്. എന്റെ നുകം വഹിക്കൂ.. അത് വഹിക്കാനെളുപ്പമാണ്..ചുമടോ? ഭാരം കുറഞ്ഞതും. നിത്യമായ രാജ്യത്തിൽ പ്രവേശിക്കാൻ അവനാകുന്ന വഴിയിലൂടെ പോകാൻ അവൻ വിളിക്കുന്നു, അവനിൽ വസിക്കാൻ .. അങ്ങനെ അവന്റെ പിതാവിന്റെ രാജ്യം നമുക്കും അവകാശമാക്കാമെന്ന് പറഞ്ഞ് ക്ഷണിക്കുന്ന സ്നേഹവും കാരുണ്യവുമുള്ള ഒരു രാജാവ്.

മനുഷ്യരുടെ പാപങ്ങൾ അവൻ വഹിച്ചു. അവനിലേക്ക് വന്നവരെയെല്ലാം സുഖമാക്കി.. പണക്കാരെയും പാവപ്പെട്ടവരെയും.. സ്ത്രീകളെയും പുരുഷന്മാരെയും..യഹൂദന്മാരെയും വിജാതീയരെയും.. പാപികളെയും, താഴ്ന്ന ജാതിക്കാരെയും. എത്ര അവിശ്വസ്തർ ആയാലും അവനെത്തന്നെ തരുന്നത് നിർത്താത്തവൻ.
ആണികളിൽ തൂങ്ങിയ , അടിയേറ്റു പൊളിഞ്ഞ ശരീരം കാണുന്നത് തന്നെ ഭീകരമായ കാഴ്ച. എങ്കിലും ഈ രാജാവ് ചിന്തിച്ചത് അവനെക്കുറിച്ചല്ല. അവൻ വന്നത് സ്വയം രക്ഷിക്കാനല്ലായിരുന്നു. തന്റെ ജനത്തെ രക്ഷിക്കാൻ. എങ്ങനെ? അവരെ ദൈവികരാക്കിക്കൊണ്ട്. പിതാവിനെക്കുറിച്ചും തന്റെ ജനത്തെക്കുറിച്ചും മാത്രമായിരുന്നു അവന്റെ മനസ്സിൽ. ജീവിച്ചും പറഞ്ഞും കാണിച്ചിരുന്ന പോലെ തന്നെ അവൻ മരിച്ചു, ശത്രുക്കളോട്, അറിവില്ലാതെ കുറ്റം ചെയ്തവരോട് ക്ഷമിച്ചുകൊണ്ട്. സ്വർഗ്ഗരാജ്യത്തിലേക്ക് അവൻ ഒരു കള്ളനെ കൊണ്ടുപോയി…മനുഷ്യരെ ദൈവമാക്കുന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ, സുഖപ്പെടുത്തുന്ന സ്നേഹത്തിന്റെ ആദ്യഫലമായി…

ഈ രാജാവിനെ നിങ്ങൾ കണ്ടുമുട്ടിയോ? അവൻ നിങ്ങളുടെ ഹൃദയവാതിൽക്കലുണ്ട്…

ജിൽസ ജോയ്

