
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിനെ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് നടക്കുകയും അഥവാ ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. ജീവിതത്തിൽ സംഭവിച്ച മൊത്തം നന്മകളും സന്തോഷങ്ങളും മൊത്തം സഹനങ്ങളും തകർച്ചകളും തമ്മിൽ ഒരു താരതമ്യപഠനവും നല്ലതാണ്. അപ്പോൾ, അതിശയിപ്പിക്കുന്ന ഒരു കാര്യം നമുക്ക് മനസിലാകും: നേട്ടങ്ങളും വിജയങ്ങളും അനുഗ്രഹങ്ങളുമായിരുന്നു സഹനങ്ങളെക്കാൾ കൂടുതൽ. എല്ലാവരുടെയും തന്നെ കാര്യത്തിൽ അങ്ങനെയാണ്.

ഇസ്രായേൽ ജനം കാനാൻ ദേശത്തേക്ക് പുറപ്പെടുമ്പോൾ ഒരു കാര്യവും വ്യക്തമല്ല. പക്ഷേ, അവർ പുറപ്പെട്ടു. യാത്രയിൽ ഓരോ സമയത്തും ആവശ്യമായത് ദൈവം നൽകിക്കൊണ്ടിരുന്നു. ഫറവോ സൈന്യം പിടിക്കാൻ വന്നപ്പോൾ ദൈവം ചെങ്കടൽ വിഭജിച്ച് അക്കരെ കടത്തി. വിശന്നപ്പോൾ മന്ന നൽകി. ദാഹിച്ചപ്പോൾ വെള്ളം നൽകി. പകൽ മേഘത്തണൽ നൽകി. രാത്രിയിൽ വെളിച്ചം നൽകി. ശത്രുരാജ്യങ്ങളെ കീഴ്‌പ്പെടുത്തുവാൻ കൃപ നൽകി. മോശ മരിച്ചപ്പോൾ പുതിയ നേതൃത്വം നൽകി. ഒന്നും മുൻകൂട്ടി പറഞ്ഞില്ല. ആവശ്യം വന്നപ്പോൾ എല്ലാം നൽകി. ഇങ്ങനെയാണ് നമ്മുടെ കാര്യത്തിലും. നമ്മൾ പ്രശ്‌നങ്ങൾ കാണുകയും പരിഹാരം കാണാതിരിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മൾ ഭയപ്പെടുന്നു. എന്നാൽ ദൈവത്തിന് ഭയം ഇല്ല. അവ്യക്തതകളും ഇല്ല. നമ്മൾ ഭയപ്പെടുന്ന പലതും സംഭവിക്കുകയില്ല എന്ന് ദൈവത്തിനറിയാം. അഥവാ, സംഭവിച്ചാലും പരിഹാരങ്ങൾ ദൈവത്തിന്റെ മുമ്പിലുണ്ട്.

നമ്മുടെ കരത്തിന്റെ ശക്തി നമ്മുടെ ശക്തിയാണ്. അങ്ങനെയെങ്കിൽ ദൈവത്തിന്റെ കരത്തിന്റെ ശക്തി എന്നു പറയുന്നത് ദൈവത്തിന്റെതന്നെ ശക്തിയാണ്. തന്റെ ശക്തികൊണ്ട് ദൈവത്തിന് ചെയ്യാൻ കഴിയാത്തതായി എന്താണ് ഉള്ളത്? ഏശയ്യാ 59:1 ൽ പറയുന്നു രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകി പോയിട്ടില്ല, കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെയും, പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടെയും ദൈവത്തിൽ വിശ്വസിക്കാം






