സുവിശേഷഭാഷ്യം അത്മായവീക്ഷണത്തില്‍

2023 ഡിസംബര്‍ 3
മംഗളവാര്‍ത്ത ഒന്നാം ഞായര്‍

ഉത്പ 17: 1-5, 15-19;
മലാ 2:17-3-5;
ഹെബ്ര 11: 1-12;
ലൂക്ക 1:5-20

ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ഒരു കവിതയില്‍ കരകവിയുന്ന കാത്തിരിപ്പിന്റെ കടലിനേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യജീവിതമെന്നത് കാത്തിരിപ്പിന്റെ സുവിശേഷമാണ്. അതില്‍ നാളയെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്, വര്‍ത്തമാനകാലത്തെ കഠിനതകളെ അതിജീവിക്കുന്ന പ്രത്യാശയുണ്ട്. മരുജീവിതത്തിനപ്പുറമുള്ള കാനാന്‍ സ്വപ്നമുണ്ട്. അങ്ങിനെ കാത്തിരിപ്പ് മനുഷ്യജീവിതത്തിന് സവിശേഷമായ ഭംഗി നല്‍കുന്നു എന്ന് വേണം കരുതാന്‍. പുനരുത്ഥാന പ്രതീക്ഷകള്‍ നല്‍കുന്ന ആത്മീയ കാത്തിരിപ്പിലാണ് അതിന്റെ ശ്രേഷ്ഠത.

എലിസബത്തിന്റെ കാത്തിരിപ്പ്, സഖറിയായുടെയും

ലോകം ഒരു രക്ഷകന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആ രക്ഷകന്റെ വരവിന് മുന്നോടിയായി ദൈവം അയച്ച പൈലറ്റ് വാഹനമാണ് സ്‌നാപക യോഹന്നാന്‍. വഴിയൊരുക്കലാണല്ലോ പൈലറ്റ് വാഹന ത്തിന്റെ പ്രധാന ദൗത്യം.

ആ സ്‌നാപകനാകട്ടെ മറ്റൊരു കാത്തിരിപ്പിന്റെ പൂര്‍ത്തീകരണ മാണ്. എലിസബത്തിന്റെയും സഖറിയായുടെയും ദീര്‍ഘനാളായുള്ള ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പിന് ദൈവം നല്‍കിയ പ്രത്യുത്തരമാണ് യോഹന്നാന്‍.

അവര്‍ നീതിനിഷ്ഠരായിരുന്നു എന്നല്ല, ദൈവതിരുമുമ്പില്‍ നീതി നിഷ്ഠരായിരുന്നു എന്നാണ് ബൈബിള്‍ തറപ്പിച്ച് പറയുന്നത്. ലോക ദൃഷ്ടിയില്‍ നല്ലവരും നീതിനിഷ്ഠരും എന്ന് പേരെടുക്കാന്‍ വ്യഗ്രതപ്പെ ടുന്നവരാണ് നാം. എന്നാല്‍ ദൈവതിരുമുമ്പില്‍ എന്താണ് നമ്മുടെ അവസ്ഥ. നമ്മുടെ അന്തര്‍ഗതങ്ങള്‍ തിരിച്ചറിയുകയും വികാരങ്ങളും വിചാര ങ്ങളും വിവേചിച്ചറിയുകയും ചെയ്യുന്ന ദൈവത്തിന് മുന്നില്‍ എന്താണ് നമ്മുടെ മൂല്യം?

ദൈവത്തെ സ്‌നേഹിച്ചും സേവിച്ചും കഴിഞ്ഞിട്ടും സഖറിയായ്ക്കും എലിസബത്തിനും മക്കളുണ്ടായിരുന്നില്ല.

എന്തുകൊണ്ട് ദൈവം നമ്മളെ അവഗണിക്കുന്നു? എന്തുകൊണ്ട് കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം തരുന്നു? വിശ്വാസികളെന്ന് മേനി നടിക്കുന്ന നാം പലപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്. നീതിനിഷ്ഠരായിരുന്ന സക്കറിയയും എലിസബത്തും ഒരിക്കലും ഈ ചോദ്യം ഉന്നയിക്കു ന്നില്ല. പകരം അവര്‍ പ്രാര്‍ത്ഥനയില്‍ തുടര്‍ന്നു. മനസു മടുക്കാതെ ദൈവാ നുഗ്രഹത്തിനായി കാത്തിരുന്നു. നിരാശയില്‍ നിപതിച്ച് ദൈവകരത്തി ന്മേലുള്ള പിടിവിടാന്‍ അവര്‍ തയ്യാറായില്ല. അതിനാല്‍ തന്നെ കര്‍ത്താവിന്റെ കരം അവരോട് കൂടെ ഉണ്ടായിരുന്നു. വിശ്വാസത്തില്‍ ആഴപ്പെട്ട് ദൈവപരിപാലനയില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് തക്കസമയത്ത് ഉയര്‍ത്തുമെന്നതിന്റെ സാക്ഷ്യം കൂടിയാണ് ഇത്.

അക്കാലത്ത് മക്കളില്ലാത്തത് ഒരു ദൈവശാപമായാണ് കരുതിയിരുന്നതെന്ന് നാം ഓര്‍ക്കണം. സമൂഹത്തില്‍ അവര്‍ പലപ്പോഴും അവഹേളനത്തിന് പാത്രമായിട്ടുണ്ടാക്കണം. കര്‍ത്താവിനെ ശുശ്രൂഷിച്ചിട്ട് അവര്‍ ക്കെന്ത് കിട്ടി? നീതിനിഷ്ഠയോടെ ജീവിച്ചിട്ടും ദൈവം അവരെ ശപിച്ചില്ലേ… എന്നിങ്ങനെ ചുറ്റുമുള്ളവര്‍ പരസ്പരം പറഞ്ഞിരിക്കാം…

ഇത്തരം മുന്‍വിധികള്‍ നമ്മുടെ സമൂഹത്തിലും ഉണ്ട്. ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ഗതിവിഗതികളെ മാറി നിന്ന് വിമര്‍ശിക്കാനും അതെല്ലാം ദൈവശിക്ഷയാണെന്ന് വിധിക്കാനും പലപ്പോഴും നമ്മള്‍ ഉത്സാഹിക്കാറുണ്ട്. സക്കറിയ ധൂപാര്‍പ്പണത്തിനായി പ്രവേശിച്ച നേരം പുറത്ത് സമൂഹം മുഴുവനും പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നത് നാം പ്രത്യേ കം ഓര്‍ക്കണം. ആ പ്രാര്‍ത്ഥനയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

വൈകുമ്പോള്‍ ഇരട്ടി സന്തോഷം

പ്രതീക്ഷിച്ച നേരത്ത് ആഗ്രഹിച്ച കാര്യങ്ങള്‍ കിട്ടുമ്പോള്‍ നാം സന്തോഷിക്കാറുണ്ട്… അത് കിട്ടാതെ വരുമ്പോള്‍ സങ്കടപ്പെടാറുമുണ്ട്… കിട്ടാതെ വന്നവ അപ്രതീക്ഷിതമായി കിട്ടുമ്പോഴുള്ള സന്തോഷം നമുക്ക് പറഞ്ഞറിയിക്കാന്‍ പറ്റിയെന്നു വരില്ല. വൈകി ജനിച്ച ഒട്ടനവധി പേരെ നാം ബൈബിളില്‍ കണ്ട് മുട്ടുന്നുണ്ട്. ഇസഹാക്ക്, യാക്കോബ്, ജോസഫ്, സാംസണ്‍, സാമുവേല്‍ അങ്ങിനെ ആ നിര നീണ്ടുപോകുന്നു. അവരുടെ ജനനത്തിലെ അസാധാരണത്തം അവരുടെ ജീവിതത്തിലും പ്രതിഫലിച്ചു. ദൈവത്തിന്റെ സവിശേഷമായ കൈയൊപ്പോടെ പിറന്നവരായിരുന്നു അവരെല്ലാം.

യോഹന്നാന്റേതും സവിശേഷമായ ജന്മമായിരുന്നു. വസ്ത്രത്തിലും കാഴ്ചപ്പാടിലും നിലപാടുകളിലും, എന്തിന് ഭക്ഷണരീതിയില്‍ പോലും അവന്‍ വ്യത്യസ്തനായിരുന്നു.

ഗര്‍ഭിണിയായപ്പോള്‍ എലിസബത്തും ഇരട്ടി സന്തോഷം അനുഭവി ച്ചിരിക്കണം. മനുഷ്യര്‍ക്കിടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കി കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ചു എന്ന് പറഞ്ഞാണ് അവള്‍ ദൈവ ത്തെ മഹത്വപ്പെടുത്തുന്നത്.

ജനിക്കും മുമ്പേ പേരു ലഭിച്ചവന്‍

കുട്ടികള്‍ക്ക് പേരിടല്‍ പലപ്പോഴും കലഹത്തിലാണ് കലാശിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ മാത്രമല്ല, ഇരുവീട്ടുകാരും തമ്മില്‍ ഇതേച്ചൊല്ലി കലഹിച്ച സംഭവങ്ങള്‍ ധാരാളമുണ്ട്.

യേശുവിനെപ്പോലെ യോഹന്നാനും ജനിക്കും മുമ്പേ പേരു ലഭിച്ച യാളാണ്. ദൈവം കൃപ കാണിച്ചിരിക്കുന്നു എന്നാണ് യോഹന്നാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. അത് കേവലം സഖറിയായോടും എലിസബത്തിനോടും ഉള്ള കൃപയല്ല, ലോകത്തോട് മുഴുവനുമുള്ള ദൈവ കൃപയാണ്. അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. തന്റെ പേരിനോട് നൂറു ശതമാനവും നീതി പുലര്‍ത്തി യോഹന്നാന്‍ ജീവിച്ചു, എന്തിന് ആ മരണം പോലും തന്റെ സവിശേഷ ജനന ത്തോടുള്ള നീതി പുലര്‍ത്തലായിരുന്നു.

രണ്ട് കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. നമ്മുടെ പേരിനോട്, അതിന് കാരണഭൂതരായ വിശുദ്ധാത്മാക്കളോട് നീതി പുലര്‍ത്തുന്നതാണോ നമ്മുടെ ജീവിതം? അതുപോലെ തന്നെ നമ്മുടെ മക്കളുടെയും പേരക്കുട്ടികളുടെയും പേരുകള്‍ കേവല കൗതുകത്തിനും കേള്‍വി സുഖത്തിനുമപ്പുറം ദൈവഹിതത്തിന് ചേര്‍ന്നതാണോ? ആത്മീയ സൗരഭമുള്ള പേരുകള്‍ സമീപകാലത്ത് നമുക്ക് കൈമോശം വരുന്നുണ്ടോ? ഒരാത്മശോധന നല്ലതാണെന്ന് തോന്നുന്നു.

ഭയപ്പെടേണ്ട

തന്നെ കണ്ട് ഭയന്നുപോയ സക്കറിയായോട് ദൈവദൂതന്‍ പറയുന്നു: സക്കറിയാ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറു മ്പോള്‍ പലപ്പോഴും നാം പതറിപ്പോവുകയും ചകിതരാവുകയും ചെയ്യും. എന്നാല്‍ ദൈവത്തിന് പൂര്‍ണമായും വിട്ടുകൊടുക്കാന്‍ കഴിയുന്ന നിമിഷം ഭയവും സംശയവുമെല്ലാം നമ്മളെ വിട്ടൊഴിയും. സക്കറിയായുടെ സംശയം വായ്ക്ക് പൂട്ടായി പരിണമിക്കുന്നു. അതേ സമയം തന്നെ പുറത്തു നില്‍ക്കുന്ന ജനത്തിന് ദൈവിക ഇടപെടലിന്റെ അടയാളമായും അത് മാറുന്നു. ആത്മീയദര്‍ശനം ലഭിച്ചവന്‍ തന്നിലേക്ക് കൂടുതല്‍ ആഴ്ന്നിറങ്ങുന്നു എന്നും പറയാം.

അവര്‍ക്ക് പിറന്ന കുഞ്ഞിന്റെ പേര് പലകയില്‍ യോഹന്നാന്‍ എന്ന് എഴുതിക്കാട്ടാന്‍ നിമിത്തമായതും സക്കറിയയ്ക്ക് സ്വരം നഷ്ടമായതുകൊണ്ടാണ്. അങ്ങനെ സ്‌നാപകന്റെ ജനനത്തിലെ അനന്യത ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ശബ്ദം തിരിച്ചുകിട്ടിയ സക്കറിയ പഴയ സക്കറിയ അല്ല.

കൂടുതല്‍ ആഴത്തില്‍ ദൈവത്തെ അറിഞ്ഞ ഒരു സക്കറിയ ആണത്. യോഹന്നാനെപ്പോലെ സവിശേഷതയുള്ള ഒരു മകനെ വളര്‍ത്താനായി ദൈവം അവരെ ഒരുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.

മാതൃത്വവും പിതൃത്വവും ഒരു ദൈവിക ദൗത്യമാണെന്ന തിരിച്ചറി വാണ് നമുക്ക് വേണ്ടത്. കുഞ്ഞുങ്ങള്‍ ഭാരമാണെന്ന് കരുതുന്ന ഒരു തലമുറയുടെ മുന്നില്‍ നല്ല മാതാപിതാക്കളുടെ മാതൃക പരമപ്രധാനമാണ്… ഭയപ്പെടാതെ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ വചനങ്ങളില്‍ വിശ്വസിക്കാനും വാഗ്ദാനങ്ങളില്‍ അവിടുന്ന് വിശ്വസ്തനാ ണെന്ന് തിരിച്ചറിയാനും നമുക്ക് കഴിയണം.

ജിജോ സിറിയക്ക്

(മാത്യഭൂമി ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്ററും
ഗ്രന്ഥകാരനുമാണു ലേഖകന്‍)
………………………………
Publisher: Fr Paul Kottackal (Sr)
Email: frpaulkottackal@gmail.com
homilieslaity.com

നിങ്ങൾ വിട്ടുപോയത്