God raised the Lord and will also raise us up by his power. (1 Corinthians 6:14) ✝️


ഉയിര്‍പ്പ് ഒരേ സമയം നമ്മോട് നശ്വരതയെക്കുറിച്ചും, അനശ്വരതയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഏതൊരു തകര്‍ച്ചയ്ക്കു ശേഷവും ഉയര്‍ച്ചയിലേക്കൊരു വഴി ശേഷിക്കുന്നുണ്ട് എന്ന പ്രതീക്ഷ അതു നമുക്ക് തരുന്നു. എന്നാല്‍ അതൊട്ട് മരണമെന്ന ആത്യന്തികസത്യത്തെ നിഷേധിക്കുന്നുമില്ല. ഒരു നീര്‍പ്പോളയെപ്പോലെ ക്ഷണികമാണ് ജീവിതം എന്നു നിരന്തരം അനുസ്മരിപ്പിക്കുമ്പോഴും, ആര്‍ക്കും വേല ചെയ്യുവാന്‍ പറ്റാത്ത ആ രാത്രികാലത്തിനു ശേഷവും, നിത്യജീവന് എന്ന സുന്ദരസ്വപ്നം അതു നമുക്കു വാഗ്ദാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്, അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവ്.

ഉയിര്‍പ്പിന്റെ ഒരു രാഷ്ട്രീയമാനം കൂടിയുണ്ട്. മനുഷ്യകുലത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കണ്ട ഒരു ദൈവപുത്രനായ യുവാവിന്റെ ആശയങ്ങള്‍, തങ്ങളുടെ അധികാരത്തിനു വിലങ്ങുതടിയാകുമോ എന്നു ഭയന്ന അധികാരവൃന്ദവും, പൗരോഹിത്യവും ചേര്‍ന്ന് അവനെ ഇല്ലായ്മ ചെയ്തു. എന്നിട്ടും അവന് മുന്നോട്ടു വച്ച ആശയങ്ങള്‍ എങ്ങനെ ശവക്കല്ലറയില്‍ നിന്നു മൂന്നാം നാള് തന്നെ പുറത്തു കടന്നു എന്നും, അവ എങ്ങനെ ലോകത്തെ തന്നെ കീഴടക്കി എന്നും ഉയിർപ്പു നമ്മോട് പറയുന്നു. ശിഷ്യന്മാർ തങ്ങളുടെ ഗുരുവിൻറെ ശരീരം കാണാൻ കല്ലറയ്ക്കൽ എത്തിയപ്പോൾ ദൈവദൂതൻമാർ ചോദിക്കുന്നുണ്ട് നിങ്ങൾ എന്തിനാണ് ജീവനുള്ള യേശുവിനെ മരിച്ചവരുടെ ഇടയിൽ തിരയുന്നത് എന്തിനെന്ന്. കല്ലറയിൽ യേശുവിൻറെ അസാന്നിധ്യം വിളിച്ചോതുന്ന ശൂന്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവനുള്ള യേശുവിനെ ശരിയായ സ്ഥലത്ത് അന്വേഷിക്കുക എന്നുള്ളതാണ് ദൈവദൂതന്മാരുടെ ആഹ്വാനം.

നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാത്ത ഒരു വിരുന്നുകാരനെപ്പോലെ കടന്നു വരാനിടയുള്ള മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെ ഭയമില്ലാതെ സ്വീകരിക്കുവാന്‍ യേശുവിന്റെ ഉയിർപ്പ് പ്രത്യാശ നൽകട്ടേ.‘ യേശുവിനെ ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവ് നമ്മളിലും ചൊരിയപ്പെട്ടിരിക്കുന്നു’. അതിനാല്‍ സ്നേഹത്തിന്റെ ശക്തിയാല്‍ സകല പൈശാചിക ശക്തികളേയും മരണത്തെപ്പോലും ജയിച്ച യേശുവേ, അങ്ങയുടെ ഉത്ഥാനത്തിന്റെ മുദ്ര നിത്യമായി എന്നില്‍ ചാര്‍ത്തേണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.










