ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. നമ്മുടെ ഹൃദയത്തിലെ പ്രഥമ സ്ഥാനമല്ലാതെ, യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം ഹൃദയത്തിൽ ധാരാളം ഇടം നൽകിയിരിക്കുന്ന ഒട്ടനവധി വ്യക്തികളെയും വസ്തുക്കളെയും ഒരു വെട്ടിയൊരുക്കലിലൂടെ ഹൃദയത്തിൽനിന്നും എടുത്തു മാറ്റാനും അല്ലെങ്കിൽ പ്രാധാന്യം കുറഞ്ഞ ഒരു സ്ഥലം നൽകാനുമെല്ലാം യേശുവിന്റെ ആഗമനം നമ്മെ നിർബന്ധിതരാക്കും.

നമ്മെ തെറ്റുകളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളെയും, നമ്മെ കെട്ടിയിട്ടിരിക്കുന്ന ദുശ്ശീലങ്ങളെയുമെല്ലാം ഹൃദയത്തിൽനിന്നും പറിച്ചെറിയാൻ സ്വർഗ്ഗീയ നിത്യജീവനായി പ്രത്യാശയോടെ കാത്തിരിക്കുന്ന നമുക്കാവണം. ക്രിസ്തുവിലൂടെ മാത്രം ലഭ്യമാകുന്ന സ്വർഗ്ഗരാജ്യം അമൂല്യമായ ഒന്നാണ്, നമ്മുടെ കൈയിലുള്ളവ എല്ലാം ഒരുമിച്ചുകൂട്ടിയാലും അതിന്റെ മൂല്യത്തിനൊപ്പം ആകുകയില്ല. അതുകൊണ്ടുതന്നെ, യേശുവിനെപ്രതി നാം ഉപേക്ഷിക്കുന്ന ഒന്നും ഒരിക്കലും ഒരു നഷ്ടമായി കാണേണ്ട ആവശ്യമില്ല. നമ്മുടെ ഹൃദയകവാടത്തിൽ നിരന്തരം മുട്ടിവിളിക്കുന്ന ഈശോയ്ക്കായി നമുക്ക് കാതോർക്കാം.

“ഹൃദയംതകർന്നവർക്ക് ആശ്വാസവും തടവുകാർക്കു മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും” (ഏശയ്യാ 61:2) നല്കാനെത്തിയ രക്ഷകനായി നമ്മുടെ ഹൃദയം നമുക്കൊരുക്കി വയ്ക്കാം. പ്രകാശമായി ലോകത്തിലേക്കു വന്ന ദൈവത്തെ സ്വീകരിച്ച് സ്വയം പ്രകാശ പൂരിതരായി മാറാം. എല്ലാ പാപങ്ങളും ഉപേക്ഷിച്ച് തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞ്, ദൈവത്തിന്റെ സന്നിധിയിൽ സമാധാനം കണ്ടെത്താം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 😊ആമ്മേൻ 🕊️

നിങ്ങൾ വിട്ടുപോയത്