ലോകത്തിലും തന്റെ ചുറ്റിലും നടക്കുന്നതുകണ്ട് നിരാശയോടെ ദൈവത്തിൽനിന്ന് അകലാതെ, തന്നെ മുഴുവനായും ദൈവീകപദ്ധതിക്കായി വിട്ടുകൊടുത്ത്, ദൈവത്തിൽമാത്രം കണ്ണുകൾ ഉറപ്പിച്ചുകൊണ്ട് ദൈവത്തിൽ വിശ്വസിച്ച് ജീവിക്കുവാൻ നമ്മൾക്ക് സാധിക്കണം. കാരണം നമ്മളെ വിളിച്ചവൻ വിശ്വസ്തനാണ്. ദൈവത്തിന്റെ ഏറ്റവും വലിയ വിശ്വസ്തയായിരുന്നു നാമോരോരുത്തരുടെയും പാപമോചനത്തിനായി സ്വപുത്രനെപോലും ക്രൂശിൽ യാഗമാക്കിയത്.
ദൈവവചനം വിശ്വസിച്ച ഒരു സ്ത്രീയാണ് യേശു എന്ന രക്ഷകന്റെ അമ്മയായത്. എന്നാൽ, ഈശോയുടെ ജനനത്തിനുമുൻപും ജനനശേഷവും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന ഒട്ടേറെ അവസരങ്ങൾ മാതാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. ഭർത്താവായ ജോസഫ് സംശയിച്ചപ്പോഴും, പ്രസവിക്കാനൊരിടം കിട്ടാതെ അലഞ്ഞപ്പോഴും, തന്റെ കുഞ്ഞിന്റെ കരച്ചിലിനോടൊപ്പം കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ട നൂറുകണക്കിനു അമ്മമാരുടെ നിലവിളി മുഴങ്ങിയപ്പോഴും, പിറന്ന വീടിനോടും പ്രിയപ്പെട്ടവരോടും യാത്രപോലും പറയാതെ അപരിചിതമായ ഒരു ദേശത്തേക്ക് പാലായനം ചെയ്തപ്പോഴും എല്ലാം “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്കായി പരിണമിപ്പിക്കുന്നുവെന്ന്” (റോമാ 8:28) വിശ്വസിക്കാൻ മാതാവിനു സാധിച്ചു.
ജീവിതത്തിലെ അവസ്ഥകൾ എത്രയൊക്കെ നിരാശാജനകമാണെങ്കിൽ കൂടിയും, തരണം ചെയ്യേണ്ട പ്രതിസന്ധികൾ അസാധ്യമായി തോന്നാമെങ്കിലും, വിശ്വാസത്തോടെ ഉള്ള പ്രത്യാശാനിർഭരമായ പ്രാർത്ഥന തീർച്ചയായും ഫലദായകമാണ് എന്നാണു ഈശോ നമ്മോടു പറയുന്നത്. നാം ദൈവത്തിൽ വിശ്വസിക്കുന്നു ഉണ്ടെങ്കിലും, നാം ഓരോരുത്തരുടെയും പ്രവർത്തികൊണ്ടും, ചിന്തകൾകൊണ്ടും ദൈവത്തിന് നമ്മെ വിശ്വാസമുണ്ടോ എന്ന് നാം പരിശോധിച്ചു അറിയേണ്ടി ഇരിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.