From the first day that you set your heart to understand and humbled yourself before your God, your words have been heard (Daniel 10:12)
ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ് എളിമ. എളിമയുള്ള ഒരു വ്യക്തിക്ക് തന്റെ കഴിവുകളെയും സ്ഥാനത്തെയും കുറിച്ച് സമനിലയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കും. താൻ വലിയവനാണെന്ന ഭാവം അയാൾക്ക് ഉണ്ടായിരിക്കില്ല. അയാൾ ഗർവിഷ്‌ഠനോ വമ്പു പറയുന്നവനോ അധികാരമോഹിയോ ആയിരിക്കുകയില്ല, പകരം എപ്പോഴും തന്റെ പരിധികളെയും പരിമിതികളെയും കുറിച്ച് അയാൾ ബോധവാൻ ആയിരിക്കും. അതുകൊണ്ടുതന്നെ, അയാൾ മറ്റുള്ളവർക്ക് ഉചിതമായ പരിഗണന നൽകുകയും അവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും ആദരിക്കുകയും ചെയ്യുന്നു.
സുഭാഷിതങ്ങൾ 11:2 ൽ പറയുന്നു, എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. എളിമയുള്ള ഒരു വ്യക്തി ദൈവാംഗീകാരമുള്ള ഗതി സ്വീകരിക്കുന്നു, അപമാനം വരുത്തുന്ന ധിക്കാര മനോഭാവം അയാൾ ഒഴിവാക്കുന്നു. അതുകൊണ്ടാണ് വചനം അയാളെ ജ്ഞാനിയെന്നു വിശേഷിപ്പിക്കുന്നത്. നാം നമ്മുടെ പ്രാർത്ഥനകളെ എളിമയോടെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കണം. ദൈവം നാം ഓരോരുത്തർക്കും വിവിധങ്ങളായ കഴിവുകൾ നൽകിയിട്ടുണ്ട്. ആ കഴിവുകളെ പൂർണ്ണമായും ദൈവകരങ്ങളിൽ സമർപ്പിച്ചാണു നാം പ്രാർത്ഥിക്കേണ്ടത്. നാം നമ്മളുടെ പ്രാർത്ഥനകളിൽ ഏളിമയെ ധരിക്കാത്തതാണ് പ്രാർത്ഥനകൾക്ക് മറുപടികൾ വൈകുന്നതിന് കാരണം. യേശു പ്രാർത്ഥനയിൽ താഴ്മയെ ധരിച്ചു പ്രാർത്ഥിച്ചു, എന്റെ ഹിതം അല്ല, സ്വർഗീയ പിതാവിന്റെ ഹിതം നിറവേറട്ടെ എന്നു പറഞ്ഞു.
യേശു താഴ്മയെ പ്രദർശിപ്പിച്ചത് പ്രാർത്ഥനയിൽകൂടി മാത്രം അല്ല പ്രവർത്തികളിലൂടെയുമാണ്. ആയിരം ദിവസം യേശുവിന്റെ കൂടെ നടന്നിട്ടും, ഏളിമയെ മനസിലാക്കാൻ കഴിയാതെ പോയ ശിഷ്യൻമാർക്ക്, അവരുടെ കാലുകൾ കഴുകി യേശു എളിമയെ പ്രദർശിപ്പിച്ചു. ജീവിതത്തിലും, പ്രാർത്ഥനയിലും നാം എളിമയെ മുറുകെ പിടിക്കേണ്ടതാണ്. ദൈവതിരുമുൻപിൽ നാം പ്രാർത്ഥിക്കുമ്പോൾ ഏളിമയോടെ, ആരാധനയും, സ്തുതിയും, പുകഴ്ചയും, നന്ദിയും ദൈവത്തിനു സമർപ്പിക്കണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ