വാക്കുകൾ സൃഷ്ടിക്കുന്ന
ഉൾമുറിവുകൾ
അമ്പത്തിയാറു വയസുള്ള ഒരമ്മയുടെ വികാരനിർഭരമായ വാക്കുകൾ.
“അച്ചാ, ഒത്തിരി സ്നേഹത്തോടെയാണ് ഞങ്ങൾ മക്കളെ വളർത്തിയത്.
മക്കൾ പഠിച്ചു. ദൈവകൃപയാൽ ജോലി ലഭിച്ചു. അവരുടെ വിവാഹവുംകഴിഞ്ഞു.
വന്നു കയറിയ മരുമകളെ
സ്വന്തം മകളായി തന്നെയാണ്
ഞാൻ അന്നു മുതൽ കരുതിയതും സ്നേഹിച്ചതും.
പക്ഷേ, എന്തോ ഒരു നിസാര കാര്യത്തിന് കലഹിച്ചപ്പോൾ ഒരിക്കലും
അമ്മയോട് പറയാൻ പാടില്ലാത്ത
വാക്കുകൾ ഉപയോഗിച്ചാണ്
അവൾ എന്നെ അന്ന് ശകാരിച്ചത്.
ഞാനവളോട് ഒന്നും പറഞ്ഞില്ല.
കുറേ കരഞ്ഞു. രാത്രിയായപ്പോൾ എങ്ങനെയോ അത്താഴം കഴിച്ചെന്നു വരുത്തി. മുറിയിലെത്തി. കട്ടിലിൽ കിടന്ന് വിതുമ്പിയ എന്നോട് എന്തുപറ്റിയെന്ന് ഭർത്താവ് ചോദിച്ചു. നടന്നതെല്ലാം ഞാനദ്ദേഹത്തോട് പറഞ്ഞു.
എന്നെ ആശ്വസിപ്പിച്ചുകൊണ്ട്
അദ്ദേഹം പറഞ്ഞു:
‘അവൾക്ക് ചിലപ്പോൾ
നിന്നെ മനസിലാക്കാൻ കഴിയാഞ്ഞിട്ടായിരിക്കും.
നമ്മെക്കാൾ കൂടുതൽ പഠിപ്പുള്ള കുട്ടിയല്ലെ. കൂടാതെ അവൾ ജോലിക്കും പോകുന്നുണ്ട്.
എന്തെങ്കിലും ടെൻഷൻ മൂലം പറഞ്ഞതായിരിക്കും.
എന്തായാലും നമ്മുടെ മോളല്ലെ?
നീ ക്ഷമിക്ക്. ഒരുകാര്യം നീ മനസിലാക്കുക; എനിക്ക് നിന്നെ മനസിലാക്കാൻ
മകൻ്റെയോ, മരുമകളുടെയോ സർട്ടിഫിക്കറ്റൊന്നും വേണ്ട.
എനിക്കറിയാം നിന്നെ.
ആരെല്ലാം എന്തൊക്കെ പറഞ്ഞാലും
ഞാൻ നിന്നെ സ്നേഹിക്കുന്നു !’
ഇത്രയും പറഞ്ഞ് എൻ്റെ മൂർദ്ധാവിൽ
അദ്ദേഹം ചുംബിച്ചു.
ഒരു സത്യം ഞാൻ മനസിലാക്കുന്നു.
വിവാഹിതയായ സ്ത്രീയുടെ പുണ്യം മക്കളല്ല.ആർദ്രമായ് സ്നേഹിക്കുന്ന,
പ്രതിസന്ധികളിൽ കൂടെ നിൽക്കുന്ന, വിഷമതകളിൽ ചേർത്ത് പിടിക്കുന്ന ഭർത്താവാണ്!”
എത്രയോ മഹത്തായ സന്ദേശം അല്ലെ?
മനസിലാക്കി, സാന്ത്വനിപ്പിച്ച്,
ചേർത്തുനിർത്താൻ മടിക്കുന്ന പങ്കാളിയില്ലാത്തതല്ലെ പല ദാമ്പത്യ ബന്ധങ്ങളുടെയും തകർച്ചയ്ക്ക് കാരണം?
ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കൂ:
“നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍.
ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ
നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്
അതുമൂലം എല്ലാവരും അറിയും”
(യോഹ 13 :35).
സ്നേഹത്തിൻ്റെ കൂദാശായാൽ
സ്ഥാപിതമായ നമ്മുടെ കുടുംബങ്ങളെ
ദൈവം അനുഗ്രഹിക്കട്ടെ!
ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 29-2020.