കൊച്ചി . കലയന്താനി സ്വദേശിയായ ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് യൗസേപ്പിതാവിനെ കുറിച്ചു എഴുതിയ പുസ്തകം ”കാവലാൾ” പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡൊമിനിക് മുണ്ടാട്ട്, ഫാ. ജോസഫ് കുട്ടി കിഴക്കേപ്പുറത്തിനു കൈമാറി പ്രകാശനം നിർവഹിച്ചു .

ഫ്രാൻസിസ് പാപ്പാ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച അന്നു മുതൽ തുടർച്ചയായി 365 ദിവസങ്ങൾ ”ജോസഫ് ചിന്തകൾ ” എന്ന ശീര്ഷകത്തിൽ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത , യൗസേപ്പിതാവിനെ കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ജീവൻ ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .

തലശ്ശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. വി. യൗസേപ്പിതാവിന്റെ ചിന്തകൾ 365 ദിവസം എഴുതണമെന്ന് ആദ്യം പറഞ്ഞത് ജോസഫുകുട്ടി അച്ചനാണ് എന്ന് ജർമ്മനിയിൽ വൈദിക് ശുശ്രൂഷ ചെയ്യുന്ന ഫാ ജെയ്സൺ പറഞ്ഞു.

യൗസേപ്പിതാവിന്റെ ഒരു പടം കിട്ടിയാലോ, ആശയം കിട്ടിയാലോ ഒക്കെ അദ്ദേഹം പങ്കുവക്കുമായിരുന്നു. മറ്റു നിരവധി വൈദികരും സുഹൃത്തുക്കളും യൗസേപ്പിതാവിന്റെ ചിത്രങ്ങൾ കിട്ടിയാൽ അയച്ചുതരികയും സഹായിക്കുകയും ചെയ്തു. ”365 വിഷയങ്ങൾ യൗസേപ്പിതാവിനെക്കുറിച്ച് ഉണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയായിരുന്നു. ഇന്ന് എന്ത് എഴുതും എന്ന വിഷയദാരിദ്ര്യവും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ യൗസേപ്പിതാവ് തന്നെ സഹായിച്ചിട്ടുണ്ട് .” ജെയ്‌സൺ അച്ചൻ പറഞ്ഞു .

”വിവിധ സ്ഥലങ്ങളിലും പള്ളികളിലും പോകുമ്പോൾ മനസിലേക്ക് വേഗം ഓടിയെത്തുന്ന ആശയം യൗസേപ്പിതാവുമായി ബന്ധപ്പെട്ടതായിരുന്നു.”ഫ്രാൻസിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചത് 2020 ഡിസംബർ എട്ടു മുതലാണ്. അന്നു മുതൽ 2021 ഡിസംബർ എട്ടു വരെ 365 ചിന്തകൾ വി. യൗസേപ്പിനെക്കുറിച്ചുണ്ടാവുക എന്നത് അത്യപൂർവ്വമാണ്. ലളിതമായ ഭാഷയിൽ എഴുതിയ 365 ആശയങ്ങളാണ് കാവലാൾ എന്ന പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തുന്നത്. 460 രൂപയാണ് പുസ്തകത്തിന്റെ വില .

നിങ്ങൾ വിട്ടുപോയത്