സമർപ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികൾ
ആമുഖം
സന്യസ്ത-സമർപ്പിത ജീവിതം അനിതരസാധാരണമായ സംഭവങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന കാലഘട്ടമാണിത്. ചാൾസ് ഡിക്കൻസിന്റെ The Tale of Two Cities എന്ന കൃതിയുടെ ആദ്യ ഖണ്ഡികയിൽ പറയുന്നതുപോലെ സമർപ്പിത ജീവിതത്തിനും ഇത് ഏറ്റവും മികച്ച സമയമാണ്, ഒപ്പം ഇത് ഏറ്റവും മോശം സമയവുമാണ്..
. ഇത് വിശ്വാസത്തിന്റെ യുഗമാണ്, ഇത് അവിശ്വസ്തതയുടെ യുഗം കൂടിയാണ്… നമ്മുടെ മുന്നിൽ എല്ലാമുണ്ട്, നമ്മുടെ മുന്നിൽ ഒന്നുമില്ല എന്ന അവസ്ഥ… ലോകത്തിനോട് അനുരൂപരാകാതെ സുവിശേഷമൂല്യങ്ങളുടെ ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിൽ നിന്നാണ് സമർപ്പിത ജീവിതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തുവിന്റെ അനുയായികൾ രാജാധികാരത്തിന്റെയും ആർഭാടത്തിന്റെയും പാത സ്വീകരിക്കുന്നുവെന്ന് മനസ്സിലാക്കിയ നിമിഷത്തിലാണ് സന്യസ്ത ജീവിതം മരുഭൂമിയിൽ നിന്നും ആരംഭിക്കുന്നത്. അതിന് എപ്പോഴും ഉള്ളത് ഒരു എതിർ സംസ്കാരത്തിന്റെ മുഖമാണ്. ലോക ചിന്തകളോട് മുഖം തിരിച്ചു കൊണ്ട് കുരിശിനെ ലക്ഷ്യം വച്ചുള്ള ഒരു യാത്ര. അങ്ങനെ മാത്രമേ സന്യസ്ത സമർപ്പിത ജീവിതത്തെ നിർവചിക്കാൻ സാധിക്കു. ക്രൈസ്തവ ചിന്തകളിലെ തനിമയാണ് ഈ ജീവിതം. പൗരോഹിത്യത്തിന്റെ അനുഷ്ഠാന കേന്ദ്രീകൃതമായ ആർഭാടങ്ങളോ അൽമായരുടെ അനുദിന ജീവിതവ്യഗ്രതയോ കടന്നുവരാത്ത ഒരു ജീവിത ശൈലി. എന്നിട്ടും പ്രതീക്ഷയുടെ വസന്തമായ ആ ജീവിതത്തിൽ നിരാശയുടെ ശീതകാലം കടന്നുവരുന്നു. എന്തേ ഇങ്ങനെയൊരു ശൈത്യകാലം? എന്തേ ആവൃതികൾ അസ്വസ്ഥതയുടെ ഇടങ്ങളായി മാറുന്നു? ഉത്തരം ഒന്നേയുള്ളൂ; സുവിശേഷ മൂല്യങ്ങളുടെ തകിടം മറിച്ചിൽ മാത്രമാണത്.
ചിന്താപശ്ചാത്തലം
ഫ്രെഡറിക് നീഷേ എന്ന ചിന്തകന്റെ വരവോടുകൂടിയാണ് ചരിത്രത്തിന്റെ ഇടനാഴിയിൽ വച്ച് സുവിശേഷമൂല്യങ്ങൾ തകിടം മറിയാൻ തുടങ്ങിയത്. ക്രൈസ്തവധാർമ്മികത അടിമധാർമ്മികതയായി കരുതപ്പെട്ടു. അടിമധാർമ്മികതയല്ല ഉടമധാർമ്മികതയാണ് വേണ്ടതെന്ന ചിന്ത പ്രബലപ്പെടാൻ തുടങ്ങി. ക്രൈസ്തവധാർമ്മികത ഒരു കുഞ്ഞാട് വൽക്കരണമാണെന്ന് (herd morality) അദ്ദേഹം വാദിച്ചു. ക്രൈസ്തവ ദൈവസങ്കൽപത്തിൽ നിന്നാണ് അടിമധാർമ്മികത ഉണ്ടായത്, അതുകൊണ്ട് ആ ദൈവത്തിന്റെ മരണം സംഭവിച്ചാൽ മാത്രമേ മനുഷ്യന് അഭിവൃദ്ധി ലഭിക്കൂവെന്ന് അദ്ദേഹം കരുതി. അങ്ങനെ അദ്ദേഹം ഒരു സൈദ്ധാന്തികമായ ദുഃഖവെള്ളിയാഴ്ച്ച സൃഷ്ടിക്കുകയും (speculative good friday) ചിന്താതലത്തിൽ നിന്നുകൊണ്ട് ആ ദൈവത്തെ കൊല്ലുകയും ചെയ്തു. അതിനുശേഷമാണ് ചില ചിന്തകരുടെയിടയിൽ ക്രൈസ്തവ പുണ്യങ്ങളായ സ്നേഹം, ക്ഷമ, കരുണ തുടങ്ങിയവ ‘കത്തോലിക്കാ രോഗങ്ങൾ’ എന്നറിയപ്പെടാൻ തുടങ്ങിയത് (La maladie Catholique). ശക്തി, അധികാരം, ആർഭാടം, വിജയം തുടങ്ങിയവയെ യഥാർത്ഥ ധാർമ്മികതയായി ചിത്രീകരിക്കാനും തുടങ്ങി. “ആരും ഇനി പരസ്പരം ക്ഷമിക്കേണ്ട, നമുക്കെല്ലാം വെട്ടി പിടിക്കാം” എന്ന ചിന്ത പലരുടെയും ഉപബോധ മനസ്സുകളിൽ ആളിപ്പടർന്നു. മരണസംസ്കാരവും അപരവിദ്വേഷവും മനുഷ്യമനസ്സുകളിൽ മുമ്പുള്ളതിനേക്കാൾ കൂടുതൽ വളർന്നു. അങ്ങനെ പച്ചയായ സ്നേഹം അനുഭവിക്കാൻ പലർക്കും സാധിക്കാതെയായി. നമുക്കറിയാം, സ്നേഹം ഒരു മൗലിക യാഥാർത്ഥ്യമാണ്. അതിന്റെ വേരിറങ്ങിയിരിക്കുന്നത് ഹൃദയത്തിന്റെ ആഴത്തിലേക്കാണ്. അതുകൊണ്ടുതന്നെ അതിന്റെ അഭിലാഷം എപ്പോഴും ശക്തമായിരിക്കും. ആ അഭിലാഷം തൃപ്തികരമല്ലെങ്കിൽ ജീവിതം അർത്ഥശൂന്യവും ദുരിതപൂർണ്ണമാകുകയും ചെയ്യും. ഈയൊരു അപകടം ഇന്നത്തെ സന്യസ്ത സമർപ്പണ ജീവിതത്തിലേക്കും കടന്നു വന്നിട്ടുണ്ടെന്നത് അവഗണിക്കാൻ പറ്റാത്ത സത്യമാണ്. സ്നേഹരാഹിത്യത്തെ മറികടക്കാൻ പലരും ആക്ടീവിസത്തിലൂടെ ശ്രമിക്കുന്നുണ്ട്. അപ്പോഴും അത് നിരാശയ്ക്ക് ഒരു പ്രതിവിധിയാകുന്നില്ല. നിശബ്ദതയേയും ഏകാന്തതയേയും ഭയക്കുന്നവരുടെ എണ്ണം സമർപ്പണ ജീവിതത്തിൽ വർദ്ധിക്കുന്നുവെന്നത് ആ ജീവിതാന്തസ്സ് ഇന്നനുഭവിക്കുന്ന ഇരുളിമയുടെ തെളിവും കൂടിയാണ്.
നമ്മുടെ മുമ്പിലുള്ള ചോദ്യം ഇവയാണ്: സന്യസ്ത-സമർപ്പിത ജീവിതത്തിൽ നീഷേയൻ ചിന്താശൈലിയുടെ അനന്തരഫലങ്ങളുണ്ടോ? അങ്ങനെയെങ്കിൽ, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? വ്യക്തിപരമായ പരിചിന്തനങ്ങളിൽ നിന്നേ അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാൻ സാധിക്കു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വളരുന്ന ശ്രണിസങ്കൽപ്പനമാണത്. അത് വിരസതയിൽ നിന്നും തുടങ്ങി ആത്മീയ അലസതയിലൂടെ വളർന്ന് അർത്ഥമില്ലായ്മയിൽ എത്തുന്ന അവസ്ഥയാണ്.
വിരസത
പ്രതീക്ഷിച്ചത് ലഭിക്കാതെ വരുമ്പോഴോ, ലഭിക്കുന്നത് അംഗീകരിക്കാൻ കഴിയാതെ വരുമ്പോഴോ ആണ് സമർപ്പിത ജീവിതത്തിൽ ഒരാൾ മുഷിപ്പ് അനുഭവിക്കാൻ തുടങ്ങുന്നത്. ഇരട്ട പരാജയത്തെ സൂചിപ്പിക്കുന്ന അവസ്ഥയാണിത്. ഇവിടെ രണ്ട് ചോദ്യങ്ങൾ ഉയരുന്നുണ്ട്; എന്താണ് സമർപ്പിത ജീവിതത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്? എന്താണ് സമർപ്പിത ജീവിതം ഒരാൾക്ക് നൽകേണ്ടത്? നീഷേയൻ ചിന്തയും പേറി വരുന്നവരുടെ പ്രതീക്ഷയെ സംതൃപ്തമാക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളവർക്ക് സമർപ്പിത ജീവിതത്തിൽ മുഷിപ്പ് അനുഭവപ്പെടും. അവർ പിന്നീട് ആവൃതിയുടെ ഉള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യം അന്വേഷിക്കാൻ തുടങ്ങും. ഏതുതരത്തിലുള്ള സ്വാതന്ത്ര്യമാണ് അവർ അന്വേഷിക്കുക? സ്വമേധയായുള്ള സ്വാതന്ത്ര്യമാണത്. “എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും” എന്ന ചിന്ത. ആ സ്വാതന്ത്ര്യം ക്രൈസ്തവീകമല്ല. നമ്മുടെ സ്വാതന്ത്ര്യ സങ്കൽപ്പം സത്യവും നന്മയും സ്നേഹവുമായ ദൈവത്തിലാശ്രയിച്ചായിരിക്കണം. സത്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും കണികകളില്ലാത്ത ഒരു പ്രവർത്തിയും സ്വതന്ത്ര മനസ്സിന്റെ പ്രതിഫലനങ്ങളല്ല. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും എന്ന ചിന്ത ഉദാസീന സ്വാതന്ത്ര്യമാണ്. വൈരുദ്ധ്യങ്ങൾക്കിടയിൽ ഉദാസീനമായി തിരഞ്ഞെടുക്കാനുള്ള കഴിവു മാത്രമാണത്. ഉദാസീനതയിൽ സത്യവും നന്മയും സ്നേഹവും ഉണ്ടാകില്ല. അവ ആന്തരികമായി അഭികാമ്യമല്ലാത്തതുകൊണ്ട് സ്വതന്ത്രമായ ആ തിരഞ്ഞെടുപ്പ് വിശുദ്ധമാകുകയുമില്ല. അങ്ങനെയുള്ളവർക്ക് ഒരു വിപ്ലവകാരിയാകാൻ എളുപ്പം സാധിക്കും. പക്ഷേ, സ്നേഹിക്കാനുള്ള കഴിവ് ഉണ്ടാകില്ല. എല്ലാം വിരസമായി തോന്നും. ഈ അവസ്ഥയിൽ എത്തി കഴിയുമ്പോൾ ഒരാൾ ആത്മീയ അലസത എന്ന അവസ്ഥയിൽ എത്തി കഴിഞ്ഞിട്ടുണ്ടാകും.
ആത്മീയ അലസത
ഇതൊരു സങ്കീർണ്ണ പ്രതിഭാസമാണ്. നിഷ്ക്രിയത, നീരസം, സങ്കടം, നിരുത്സാഹം, വിഷാദം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. സമർപ്പിത ജീവിതത്തിൽ വിരസത അനുഭവിക്കാൻ തുടങ്ങിയാൽ സ്വർഗ്ഗീയ കാര്യങ്ങളോട് അസന്തുഷ്ടി തോന്നുകയും ആത്മീയ യുദ്ധത്തിൽ ഉന്മേഷഹീനരാകുകയും ചെയ്യും. ആത്മീയ അലസത ഒരു പാപമാണെന്നാണ് തോമസ് അക്വിനാസ് പറയുന്നത്; ഉപവി പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന സന്തോഷത്തിനെതിരായ പാപം. ഒരു സമർപ്പിതൻ ആത്മീയ അലസനാണെങ്കിൽ അവനിൽ ആദ്യം സംഭവിക്കുക ദൈവത്തോടും സഹജരോടുമുള്ള സ്നേഹധാരയുടെ തടസ്സമായിരിക്കും. ഉള്ളിലെ സ്നേഹം സ്വച്ഛമായി സഹജരിലേക്കും ദൈവത്തിലേക്കും ഒഴുകുകയില്ല. ആന്തരിക ചോദനയുടെ അടിച്ചമർത്തലാണത്. അത് നമ്മുടെ ജീവിതത്തിൽ നിന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും. അങ്ങനെയുള്ളവർ തന്നിലേക്ക് തന്നെ പിൻവാങ്ങുന്നവരായിരിക്കും.
സ്വയം ഒരു ദാനമാകാൻ അവർക്ക് സാധിക്കില്ല. പക്ഷെ, വ്യക്തിപരമായ സംതൃപ്തി നേടുന്നതിനുവേണ്ടി ഏതു മാർഗവും സ്വീകരിക്കാൻ അവർ മടിക്കുകയില്ല.എന്തുകൊണ്ട് സമർപ്പിതരിൽ ആത്മീയ അലസത എന്ന പ്രതിഭാസമുണ്ടാകുന്നു? ജൈവികമായ വിശ്വാസത്തിന്റെ അപചയമാണ് അതിനു കാരണം. വിശ്വാസമെന്നത് നമ്മെ കാണുകയും സ്നേഹിക്കുകയും അടുത്തിരിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ട് എന്ന ബോധ്യമാണ്. ആ ബോധ്യത്തിൽ കലർപ്പുകൾ ഉണ്ടാകുമ്പോൾ ദൈവത്തിനെതിരെ ആയിരിക്കില്ല കലാപക്കൊടികൾ ഉയരുക, സ്വന്തം ജീവിതാന്തസ്സിനെതിരെ ആയിരിക്കും. ആത്മീയ അലസതയ്ക്ക് ഒരു പ്രത്യേകതയുണ്ട്, അതിനു സമൂഹത്തെയും വ്യക്തികളെയും സ്വാധീനിക്കാൻ സാധിക്കും. അതൊരു പകർച്ചവ്യാധി പോലെയുള്ള പ്രതിഭാസമാണ്. അത് ബാധിച്ച ഒരു വ്യക്തി മാത്രം മതി സമർപ്പണ ജീവിതത്തിന്റെ അന്തസ്സിനെ തകർക്കാൻ.
അർത്ഥമില്ലായ്മ
വിരസതയ്ക്കും അലസതയ്ക്കും ഒരു പ്രത്യേകതയുണ്ട് അത് ജീവിതത്തിന് ഒരു ലക്ഷ്യവുമില്ല എന്ന ചിന്ത നമ്മിൽ ഊട്ടിയുറപ്പിക്കും. സമർപ്പണ ജീവിതം നയിക്കുന്നവർ ഈയൊരു അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നെ മുന്നിലുള്ളത് ക്രൂരവിമർശനങ്ങളിലൂടെയോ നിഷേധാത്മകമായ നിലപാടിലൂടെയോ ആ ജീവിതാന്തസ്സിനെ തകർക്കുകയെന്നതോ, അല്ലെങ്കിൽ സ്വയം ഇല്ലാതാകുകയോ ആണ്. ചിലർ അതിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ, മറ്റു ചിലർ അവിടെ നിർജീവമായി ജീവിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു.
ഉപസംഹാരം
ജീവിതമെന്നത് വെട്ടി പിടിക്കലും അധികാരത്തിന്റെ ആനന്ദവുമാണെന്ന് കരുതുന്നവർക്ക് സമർപ്പിത ജീവിതം ഒരു കീറാമുട്ടി തന്നെയാണ്. നീഷേയൻ ചിന്താരീതിയുടെ അതിപ്രസരണം സമർപ്പിത ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്നത് ആർക്കും നിഷേധിക്കാൻ സാധിക്കില്ല. അപ്പോഴും ഓർക്കണം, ഈ ജീവിതത്തിൽ ആരും വിരസതയുടെയും അലസതയുടെയും അർത്ഥമില്ലായ്മയുടെയും ചുഴിയിൽ ഒറ്റയ്ക്ക് അകപ്പെടുന്നില്ല. എന്തുകൊണ്ട് ഇങ്ങനെയുള്ള ആന്തരിക അസ്വസ്ഥതകൾ എന്ന് ചോദിച്ചാൽ സന്തോഷത്തിന്റെ ഒരു സംസ്കാരം സൃഷ്ടിക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നത് തന്നെയാണ് ഉത്തരം. മനുഷ്യഹൃദയം ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ്. അതിനു വിപരീതമായി പലതും സംഭവിക്കുമ്പോൾ ജീവിതം വൈരസ്യ പൂർണമാകും. സുവിശേഷ മൂല്യങ്ങളിലൂടെ അതിനെ അതിജീവിക്കാൻ പലർക്കും സാധിക്കുന്നില്ല. കുരിശിൽ നിന്നും ശക്തി സംഭരിക്കുന്നതിനുപകരം സഹനങ്ങളുടെ മുമ്പിൽ പതറിപ്പോകുന്നവരുടെ എണ്ണം സമർപ്പിത ജീവിതത്തിൽ കൂടി വരുന്നു. അത് നീഷേയൻ ചിന്താരീതിയുടെ സ്വാധീനതയാണ്.
സമർപ്പണ ജീവിതത്തിൽ സന്തോഷം എന്നത് ഒറ്റയ്ക്ക് കണ്ടെത്തുന്ന നിധിയല്ല, കൂട്ടായ്മയിൽ നിന്നും വിരിയുന്ന പുഷ്പമാണ്. ആ കൂട്ടായ്മയിൽ അധികാരിയുടെ ഉത്തരവാദിത്വം സന്തോഷോൽപ്പാദനം മാത്രമാണ്. അധികാരമെന്നത് സ്നേഹസേവനമാണെന്ന കാര്യം മറക്കുമ്പോൾ കൂടെയുള്ളവരിൽ വിമ്മിട്ടങ്ങളും വീർപ്പുമുട്ടലുകളും ഉണ്ടാകും. അതു മാത്രമല്ല, “നീ ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലതാണ്” എന്ന് സഹജരോട് പറയാൻ നമ്മിൽ പലർക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഒരു ചെറുകൂട്ടം സമർപ്പിതർ അർത്ഥമില്ലായ്മ എന്ന ചുഴിയിൽ പെട്ടുപോകുന്നത്. ഓർക്കുക, സമർപ്പിത ജീവിതത്തിലെ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതും അതിജീവിക്കേണ്ടതും ഒരു ഒറ്റയാൾ പട്ടാളമായിട്ടല്ല, സാഹോദര്യത്തിന്റെ സ്നേഹ ചങ്ങലയിൽ പരസ്പര ബന്ധിതമായിട്ടാണ്.
/// ഫാ .മാർട്ടിൻ N ആന്റണി ///