ജീവിതത്തിൽ നിരവധി പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതി വച്ചിരിക്കുന്ന പദ്ധതികൾ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം നമ്മുടെയെല്ലാം മനസ്സിൽ ഭീതി വിതച്ചുകൊണ്ട് സദാ നമ്മോടൊപ്പം ഉണ്ട്.

തിരുവചനത്തിൽ ലൂക്ക രണ്ടാം അദ്ധ്യായത്തിൽ നമ്മൾ കണ്ടുമുട്ടുന്ന അന്നാ എന്ന പ്രവാചികയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നിരിക്കില്ല, ഒരു ഭാര്യയെന്ന നിലയിൽ സമൂഹത്തിലെ മറ്റു വിവാഹിതകളായ സ്ത്രീകളിൽ അവൾ കണ്ടതും അവളുടെ മനസ്സിനെ ആകർഷിച്ചതുമായ ചില കാര്യങ്ങൾ തന്റെ ജീവിതത്തിലും സംഭവിക്കണമെന്ന് യുവതിയായിരുന്ന അന്ന ആഗ്രഹിച്ചിട്ടുണ്ടാവണം. എന്നാൽ, ഏഴു വർഷത്തെ ദാമ്പത്യജീവിതം ഭർത്താവിന്റെ മരണത്തോടെ അവസാനിച്ചപ്പോൾ, അവൾ ആഗ്രഹിച്ചതൊന്നും തന്നെ ഫലമണിഞ്ഞിട്ടുണ്ടായിരുന്നില്ല. പിന്നീടുള്ള അറുപതിലേറെ വർഷങ്ങൾ ആ സ്ത്രീ ജറുസലേം ദേവാലയത്തിൽ ദൈവാരാധനയിലാണ് കഴിച്ചുകൂട്ടിയത്. ജീവിതത്തിൽ വേദന അനുഭവിച്ച അന്നാ പ്രവാചികയുടെ ജീവിതം ദൈവം ഒരനുഗ്രഹമാക്കി മാറ്റി. ദൈവപുത്രനെ കാണുവാനും, പ്രവചനങ്ങൾ നടത്തുവാനും ദൈവം അവരെ അനുഗ്രഹിച്ചു.

നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അതേചൊല്ലി വളരെയധികം നിരാശപ്പെടുകയും, സങ്കടപ്പെടുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്. രോഗങ്ങളും, ജോലിയിലെ പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും, മറ്റുള്ളവരിൽനിന്നും ഉണ്ടാകുന്ന എതിർപ്പുകളും തിരസ്കരണങ്ങളും നമ്മുടെ ജീവിതത്തെ പലപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ട്. സന്തോഷകരവും സുരക്ഷിതവുമായ ഒരു ജീവിതം എന്നെങ്കിലും ഉണ്ടാകുമോയെന്നു നമ്മൾ ആകുലപ്പെടാറുണ്ട്. എന്നാൽ തിരിച്ചടികൾ ലഭിക്കുന്ന അവസരങ്ങളിൽ പലപ്പോഴും മറക്കുന്ന ഒന്നാണ്, നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള ആശ്രയം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.






