For this is the love of God, that we keep his commandments. And his commandments are not burdensome.(1 John 5:3)
നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു. എന്നാൽ ദൈവവും അവന്റെ കല്പനകളും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. നാം ചെയ്യുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും ദൈവം കാണുന്നു. ദൈവം നമ്മുടെ നിനവുകൾ പോലും അറിയുന്നു! ദൈവത്തിന്റെ കൽപനകൾ ലംഘിക്കുന്നതിന്റെ അനന്തരഫലം മരണമാണ്. ഭാര്യ ഭർത്താവിനെ സ്നേഹിക്കുന്നത്, ഭർത്താവിന് പൂർണ്ണമായും സ്നേഹത്തോടെ വിധേയപ്പെട്ടു കൊണ്ടാണ്. അതുപോലെ നാം വചനമാകുന്ന, കൽപനകൾ അനുസരിച്ച് കർത്താവിന് വിധേയപ്പെട്ടുകൊണ്ടായിരിക്കണം കർത്താവിനെ സ്നേഹിക്കേണ്ടത്.
ദൈവവചനത്തിലെ ഏതെങ്കിലും ഭാഗം നാം അവഗണിക്കുകയാണെങ്കിൽ അതു നമ്മെ ദൈവരാജ്യത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്. പ്രപഞ്ചം മുഴുവനും ചില നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പ്രവർത്തിക്കുന്നു. ഇതു ദൈവം വെച്ചിരിക്കുന്ന നിയമങ്ങൾ ആണ്. പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു നക്ഷത്രമോ, ഗ്രഹമോ പ്രപഞ്ച നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ സർവ്വ നാശം സംഭവിക്കും. അതുപോലെ നമ്മുടെ നന്മയ്ക്കു വേണ്ടി ദൈവം നല്കിയിരിക്കുന്ന ദൈവവചനമാകുന്ന നിയമങ്ങൾ നാം അനുസരിക്കുമ്പോൾ നമ്മുടെ ജീവിതത്തിനു സന്തോഷം ലഭിക്കും.
ഒരു മനുഷ്യനും അവന്റെ ഹിതപ്രകാരം ജീവിക്കാൻ കഴിയുകയില്ല. ഭൂമിയിലെ നിയമങ്ങൾ ഭാരമുള്ളവയായിരിക്കും, എന്നാൽ കർത്താവിന്റെ വചനമാകുന്ന കൽപനകൾ, സ്വയം ശക്തിയിൽ അനുസരിക്കാതെ, പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നാം അനുസരിക്കുമ്പോൾ ലഘുവായി മാറും. നാം ഓരോരുത്തർക്കും കർത്താവിൻറെ കല്പനകളെ അനുസരിച്ചു പൂർണമായി ദൈവത്തെ സ്നേഹിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ