For the scepter of wickedness shall not rest on the land allotted to the righteous. (Psalm 125:3)
ദൈവത്തിന്റെ കൽപനയും, ദൈവഹിതവും അനുസരിച്ചു നടക്കുന്നവരെയാണ് നീതിമാൻമാർ എന്നു വിളിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും, സ്വർഗത്തിന്റെ ഉറപ്പും, നീതിമാൻമാരെ താഴ്മയും, വിശ്വസ്തരും, ദയാലുക്കളുമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നു. സുഭാഷിതങ്ങള്‍ 13 : 9 ൽ പറയുന്നു, നീതിമാന്റെ ദീപം തെളിഞ്ഞു പ്രകാശിക്കും;ദുഷ്‌ടന്റെ വിളക്ക് അണഞ്ഞുപോകും. ക്രിസ്തുവിനെ നാമമാത്രമായി അംഗീകരിക്കുകയും, ദേവാലയ രജിസ്റ്ററിൽ പേരുണ്ടാകുകയും ചെയ്തതു കൊണ്ട് ആരും നീതിമാൻമാർ ആകുകയില്ല. നീതിമാൻമാർ സംസാരത്തിലും, പ്രവർത്തിയിലും മറ്റുള്ളവരുടെ മുൻപിൽ ക്രിസ്തുവിനെ പ്രദർശിപ്പിക്കണം.
ജീവിതത്തിൽ നീതിയുടെ മാർഗത്തിലൂടെ സഞ്ചരിച്ചിട്ടും, ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകാം. ഉദാഹരണമായി പറഞ്ഞാൽ കുടുബ ജീവിതത്തിലും, സമൂഹത്തിലും, ജോലി സ്ഥലത്തും, വിദ്യായലങ്ങളിലും നാം നീതി പ്രവർത്തിച്ചിട്ടും മറ്റുള്ള വ്യക്തികൾ അപവാദങ്ങളോ, നീതിയുടെ പ്രവർത്തികളെ അംഗീകരിക്കാതിരിക്കുമോ ചെയ്തേക്കാം. സങ്കീര്‍ത്തനങ്ങള്‍ 37 : 12 ൽ പറയുന്നു, ദുഷ്‌ടന്‍ നീതിമാനെതിരായി ഗൂഢാലോചന നടത്തുകയുംഅവന്റെ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.സാഹചര്യങ്ങൾ നീതി പ്രവർത്തിക്കുന്നവന് പലപ്പോഴും പ്രതികൂലമായിരിക്കാം. എന്നാൽ പൂർണ്ണമായി കർത്താവിൽ വിശ്വസിക്കുക. ദൈവത്തിന്റെ കരങ്ങൾ നിങ്ങളുടെ നീതിയുടെ പ്രവർത്തിയുടെ മേൽ ഇറങ്ങുന്നതിനായി സാഹചര്യങ്ങളെ നോക്കാതെ ക്ഷമയോടെ കാത്തിരിക്കാം.
ചരിത്രം നോക്കിയാൽപ്പോലും ഒരു ദുഷ്ടനും ശാശ്വതമായ സമ്യദ്ധി പ്രാപിച്ചതായി കാണാൻ പറ്റുന്നില്ല, ദുഷ്ടൻമാരുടെ സമ്യദ്ധികളെല്ലാം ക്ഷണികങ്ങളായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 37 : 18 ൽ പറയുന്നു, കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു;അവരുടെ അവകാശം ശാശ്വതമായിരിക്കും. ജീവിതത്തിൽ ഏതു സാഹചര്യത്തിലും നീതിമാൻമാരായി ജീവിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ