ശിക്ഷണം” എന്ന വാക്കു കേൾക്കുമ്പോൾ എന്താണു മനസ്സിലേക്കു വരുന്നത്? തിരുവചനം ശിക്ഷണത്തെ നല്ല രീതിയിലാണു ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴും അറിവ്, ജ്ഞാനം, സ്നേഹം, ജീവൻ എന്നീ കാര്യങ്ങളോടൊപ്പമാണ് അതെക്കുറിച്ച് പറയുന്നത്. (സുഭാ. 1:2-7; 4:11-13) കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോടുള്ള സ്നേഹത്തിന്റെയും നമ്മൾ നിത്യജീവൻ നേടണമെന്ന ആഗ്രഹത്തിന്റെയും തെളിവാണ്. അതിൽ ശിക്ഷ കൊടുക്കുന്നത് ഉൾപ്പെട്ടേക്കാമെങ്കിലും അത് ഒരിക്കലും ക്രൂരമോ നാണംകെടുത്തുന്ന തരത്തിലോ അല്ല. വാസ്തവത്തിൽ “ശിക്ഷണം” എന്ന വാക്കിന്റെ അർഥത്തിനു വിദ്യാഭ്യാസവുമായി ബന്ധമുണ്ട്, തന്റെ ഓമനമകന് ഒരു പിതാവോ മാതാവോ കൊടുക്കുന്ന പരിശീലനം.
ക്രിസ്തീയസഭയിലെ അംഗങ്ങളായ നമ്മൾ ദൈവ മക്കളാണ്. (1 തിമൊ. 3:15) അതുകൊണ്ട് ശരിതെറ്റുകൾ സംബന്ധിച്ച് നിലവാരങ്ങൾ വെക്കാനും അത് അവഗണിച്ചാൽ ശിക്ഷണം തരാനും ഉള്ള സ്വർഗീയപിതാവിന്റെ അവകാശത്തെ നമ്മൾ മാനിക്കുന്നു. കൂടാതെ, നമ്മുടെ പ്രവൃത്തികളുടെ കയ്പേറിയ പരിണതഫലങ്ങൾ അനുഭവിക്കുമ്പോൾ സ്വർഗീയപിതാവിനെ അനുസരിക്കേണ്ടത് എത്ര പ്രധാനമാണെന്നു നമുക്കു മനസ്സിലാകും. ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുള്ളതുകൊണ്ട് നമ്മൾ കുഴപ്പത്തിൽ ചെന്നുചാടി വേദന അനുഭവിക്കുന്നതു കാണാൻ സ്വർഗ്ഗീയ പിതാവ് ആഗ്രഹിക്കുന്നില്ല. (1പത്രോ. 5:6 – 7)
സ്നേഹമുള്ളതുകൊണ്ട് ദൈവം നമ്മളെ തിരുത്തുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. നമ്മൾ ദൈവത്തോട് അടുത്ത് നിൽക്കണമെന്നും നിത്യജീവന്റെ പാതയിൽ തുടരണമെന്നും ആണ് ദൈവത്തിന്റെ ആഗ്രഹം. യേശു എല്ലായ്പോഴും പിതാവിനെ അനുസരിച്ചു. യേശു തനിക്കുള്ള ജ്ഞാനത്തിനും താൻ പഠിപ്പിച്ച കാര്യങ്ങൾക്കും ഉള്ള ബഹുമതി യേശു പിതാവിനു കൊടുത്തു. അതുപോലെ നാം ദൈവവചനം അനുസരിക്കുകയും, ദൈവഹിത പ്രകാരം ജീവിക്കുകയും, ജീവിതത്തിൽ വരുന്ന ക്ലേശങ്ങൾക്ക് കർത്താവിനോട് നന്ദി പറയുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ