
മാനസാന്തരം അഥവാ പശ്ചാത്താപം ആൽമീയമായ പുതുജീവൻ നൽകുന്നു. രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും പാപത്തെയോർത്തുള്ള ദുഃഖവും. പരിശുദ്ധനായ ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്കു തൻ്റെ പശ്ചാത്താപം വെളിപ്പെടുകയില്ല.

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് പശ്ചാത്താപം. യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ മരത്തിൽമേൽ കയറി ക്രിസ്തുവിനെ കണ്ട ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ അവസ്ഥ യഥാർത്ഥ മാനസാന്തരത്തിൻ്റെ മറ്റൊരുദാഹരണമാണ്. കർത്താവിന്റെ രക്ഷ അനുഭവിച്ചപ്പോൾ അദ്ദേഹം താൻ ചെയ്ത പാപത്തെക്കുറിച്ച് ഓർത്ത് അനുതപിക്കുകയും, പ്രാശ്ചിത്തം ചെയ്യുകയും ചെയ്തു. പശ്ചാത്താപം പാപത്തെ ഉപേക്ഷിച്ച് നൻമയിലേയ്ക്ക് വഴി നടത്തുകയും, പരിശുദ്ധാൽമാവിന്റെ പുതുജീവൻ നമ്മിൽ സാദ്ധ്യമാക്കുകയും, ദൈവ വഴിയിലേയ്ക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

ഭൂമിയിൽ എന്തൊക്കെയുണ്ടെങ്കിലും തൃപ്തിവരാത്ത, അല്ലെങ്കിൽ പരിപൂർണ്ണമായ സന്തോഷം അനുഭവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്നു പലർക്കും ഉള്ളത്. നമ്മുടെ ജീവിതം മുഴുവൻ ലൗകീക വസ്തുക്കളെ മാത്രം ആശ്രയിക്കുന്നതാക്കി മാറ്റിയാൽ നാമൊരിക്കലും പരിപൂർണ്ണസന്തോഷം നേടുകയില്ല എന്നുമാത്രമല്ല, നമ്മൾ സദാ ആകുലപ്പെടുന്നവരായി മാറുകയും ചെയ്യും. പരിമിതികളുള്ള നശ്വരമായ ലോകം തരുന്ന എന്തിനും പരിമിതികളുണ്ട് – അവ കുറെയെല്ലാം നശിച്ചുപോകും, കുറേ നമ്മൾ നശിപ്പിച്ചു കളയും, പിന്നെയുള്ളത് നമ്മേക്കാൾ തീവ്രമായ അഭിലാഷത്തിനു അടിമയായവർ നമ്മിൽനിന്നും എടുക്കുകയും ചെയ്യും. എന്നാൽ, സ്വർഗ്ഗത്തിലെ സന്തോഷത്തിനായി നമ്മൾ ശേഖരിച്ചു വയ്ക്കുന്നതൊന്നും ഒരിക്കലും നമ്മിൽനിന്നും എടുക്കപ്പെടുകയില്ല. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറപ്പിച്ച്, സ്വർഗ്ഗരാജ്യത്തിനായി അധ്വാനിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം






