For God has not destined us for wrath, but to obtain salvation through our Lord Jesus Christ,(1Thessalonians 5:9)
ദൈവമക്കളായ നാം പാപങ്ങൾ മൂലം നരകശിക്ഷയുടെ ക്രോധത്തിന് ഇരയാകണമെന്നല്ല, മറിച്ച് കർത്താവായ യേശുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം ആഗ്രഹിച്ചത്. കേവലം ദൈവത്തിൽ ഉള്ള വിശ്വാസം മാത്രം പോരാ രക്ഷ പ്രാപിക്കാൻ. കാരണം സാത്താൻ പോലും യേശു ദൈവപുത്രനാണെന്ന് വിശ്വസിച്ചിരുന്നു. (ലൂക്കാ 44:4) യേശുവിൽ വിശ്വസിച്ചാൽ മാത്രം പോരാ യേശുവിന്റെ കൽപനകളാകുന്ന തിരുവചനം അനുസരിക്കുകയും, അതിനനുസരിച്ച് ജീവിക്കുകയും ചെയ്തെങ്കിൽ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളു. യാക്കോബ് 1 : 22 ൽ പറയുന്നു, നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍.
മാനസാന്തരമാണ് ദൈവത്തിന്റെ രക്ഷപ്രാപിക്കാൻ നാം സ്വീകരിക്കേണ്ട മറ്റൊരു കാര്യം. മാനസാന്തരം ചെയ്ത പാപങ്ങളെക്കുറിച്ചുള്ള പശ്ചാത്താപവും, അതു പോലെ പാപങ്ങൾ കർത്താവിനോട് ഏറ്റ് പറയുകയും ചെയ്യുന്നതാണ്. 1യോഹന്നാന് 1 : 9 ൽ പറയുന്നു, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. വിശുദ്ധീകരണം പ്രാപിച്ചവർക്ക്, ചെയ്ത തെറ്റുകൾ മേലാൽ ആവർത്തിക്കില്ലെന്ന ഉത്തമ ബോധ്യം ഉണ്ടാകണം. വിശുദ്ധീകരണത്തിൽ നടക്കുവാൻ പരിശുദ്ധാൽ മാവിന്റെ ശക്തി പ്രാപിക്കുക. ദൈവത്തിന്റെ ദാനമാണ് പരിശുദ്ധാൽമാവിന്റെ ശക്തി.
യേശുവിന്റെ രക്ഷയിലേയ്ക്കുള്ള യാത്ര ഇടുങ്ങിയ വഴികളിലൂടെ സഹനങ്ങൾ സഹിച്ചുള്ള യാത്രയായിരിക്കാം. മര്‍ക്കോസ് 13 : 13 ൽ പറയുന്നു, എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷപ്രാപിക്കും. ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ വേദനയും, ഒറ്റപ്പെടലും ഉണ്ടാകാം. വേദനയുടെ അവസ്ഥയിൽ നമ്മെ താങ്ങുന്ന ഇടയനായ കർത്താവ് നമ്മുടെ കൂടെ ഉണ്ടാകും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ